print edition ബിജെപിക്ക് യുഡിഎഫ് പിന്തുണ; വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ നിയമിക്കും

സ്വന്തം ലേഖിക
Published on Jul 23, 2026, 01:28 AM | 1 min read
കൊച്ചി : വഖഫ് ബോർഡ് നിയമനത്തിൽ ബിജെപി നിലപാടിന് പിന്തുണയുമായി സംസ്ഥാന സർക്കാർ വീണ്ടും ഹെെക്കോടതിയിൽ. രണ്ട് അമുസ്ലീം അംഗങ്ങളെ ഉൾപ്പെടുത്തി ബോർഡ് പുനഃസംഘടിപ്പിക്കാൻ തയ്യാറാണെന്ന് അഡ്വക്കറ്റ് ജനറൽ കെ ജാജു ബാബു അറിയിച്ചു. വഖഫ് ബോർഡ് നിയമത്തിലെ സെക്‌ഷൻ 14(6) പ്രകാരം അമുസ്ലിം അംഗങ്ങളെ നിയമിക്കണമെന്ന ബിജെപി സംസ്ഥാന വെെസ് പ്രസിഡന്റ് ഷോൺ ജോർജിന്റെ ഹർജിയെയാണ് സർക്കാർ പിന്തുണച്ചത്.
രണ്ട് ഒഴിവ് നികത്തിയാൽ പോരേയെന്നും ബോർഡ് പിന്നീട് പുനഃസംഘടിപ്പിക്കാമല്ലോയെന്നും ഹൈക്കോടതി ആരാഞ്ഞു. ബോർഡിന്റെ ഘടന നിയമപരമാണോയെന്ന് പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് ഷൗമെൻ സെൻ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അറിയിച്ചു. ബോർഡിൽ ആനുപാതിക പ്രാതിനിധ്യമില്ലെന്നും പുനഃസംഘടിപ്പിക്കേണ്ടിവരുമെന്നും അഡ്വക്കറ്റ് ജനറൽ വാദിച്ചു. പുനഃസംഘടിപ്പിക്കണമെങ്കിൽ ബോർഡിന്റെ അപാകം വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചു.
ബോർഡിൽ ഷിയ, ബോറ വിഭാഗത്തിലുള്ളവരെ പരിഗണിക്കാത്തത് ചോദ്യംചെയ്‌ത ഹർജികളും പരിഗണിക്കുന്നുണ്ട്. നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽനിന്ന് ബോർഡിനെ വിലക്കി കോടതി നേരത്തെ ഇടക്കാല ഉത്തരവിട്ടിരുന്നു. ഇത് ചോദ്യംചെയ്‌ത് വഖഫ് ബോർഡ് നൽകിയ അപ്പീലാണ് പരിഗണിച്ചത്.
ഇടക്കാല ഉത്തരവ് വഖഫ് നിയമത്തിന്റെ 22-ാം വകുപ്പിന് വിരുദ്ധമാണെന്നും മുസ്ലിം ഇതരരെ നിയമിച്ചില്ലെന്നത് പ്രവർത്തനം നിയന്ത്രിക്കാനുള്ള കാരണമല്ലെന്നും സൂചിപ്പിച്ചു.
തുടർന്ന് ബോർഡിന്റെ ജുഡീഷ്യൽ സിറ്റിങിന് വിലക്കില്ലെന്ന ഇടക്കാല ഉത്തരവിൽ കോടതി വ്യക്തത വരുത്തി. നയപരമായ തീരുമാനങ്ങളും മൂലധനച്ചെലവുകളും ഉൾപ്പെട്ട വിഷയത്തിൽമാത്രം അനുമതി തേടിയാൽ മതിയെന്ന് വ്യക്തമാക്കി. കക്ഷികൾ മൂന്നാഴ്‌ചയ്‌ക്കകം സത്യവാങ്മൂലം സമർപ്പിക്കണം. ഹർജികൾ ആഗസ്‌ത് 19ന് വീണ്ടും പരിഗ ണിക്കും.










0 comments