പ്രതിരോധ വ്യവസായങ്ങളിൽ പങ്കാളിത്തം മെച്ചപ്പെടുത്തും: ഷെയ്ഖ് നഹ്യാൻ

കെ എൽ ഗോപി
Published on Feb 19, 2025, 07:41 PM | 1 min read
ഷാർജ: നൂതന പ്രതിരോധ വ്യവസായങ്ങളിൽ യുഎഇ അതിന്റെ പങ്കാളിത്തം മെച്ചപ്പെടുത്തുമെന്ന് സഹിഷ്ണുത സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക്ക് നഹ്യാൻ. ആഗോള സുരക്ഷയും, സ്ഥിരതയും വർദ്ധിപ്പിക്കുന്നതിനായി നൂതന ആശയങ്ങൾ, നൂതന സാങ്കേതികവിദ്യ, തന്ത്രപരമായ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കൽ എന്നിവ യുഎഇയുടെ കാഴ്ചപ്പാടുകളാണ്. ഐഡിഇഎക്സും, എൻ എ വി ഡി ഇക്സും സന്ദർശിച്ച വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഷെയ്ക്ക് നഹ്യാൻ വിവിധ പവലിയനുകൾ സന്ദർശിക്കുകയും ഇമാറാത്തികളുടെയും അന്താരാഷ്ട്ര കമ്പനികളുടെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഐഡിഇഎക്സും, എൻ എ വി ഡി ഇക്സും വ്യാപാര പ്രദർശന വേദികൾ എന്നതിന് ഉപരി സുരക്ഷയ്ക്കും പ്രതിരോധ നവീകരണത്തിനുമുള്ള ആഗോള ലബോറട്ടറിയായി പരിണമിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. കൃത്രിമ ബുദ്ധി, ആളില്ലാ ആകാശ സാങ്കേതികവിദ്യകൾ എന്നിവ ഉൾക്കൊള്ളുന്ന അത്യാധ്യാധുനിക സംവിധാനങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
പ്രതിരോധ വ്യവസായം സൈനിക ആവശ്യങ്ങൾക്കായി മാത്രമല്ല മറിച്ച് സമ്പത്ത് വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കുന്നതിലും സുസ്ഥിരവികസനം വളർത്തുന്നതിലും ഒരു പ്രധാന ചാലക ശക്തിയായി മാറിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യ, എൻജിനീയറിങ്, സൈബർ സുരക്ഷ എന്നിവയിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനോടൊപ്പം വൈദഗ്ധ്യം നേടിയെടുക്കുന്നതിനുള്ള പരിപാടികളിൽ രാജ്യം നിക്ഷേപം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അതോടൊപ്പം വ്യോമയാനത്തിലും ആളില്ലാ സംവിധാനങ്ങളിലും നൂതന ആശയ സൗഹൃദ അന്തരീക്ഷം വളർത്തിയെടുത്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധ വ്യവസായങ്ങളിലെ നിക്ഷേപങ്ങൾ സാമ്പത്തിക വളർച്ചയ്ക്ക് ഗണ്യമായ സംഭാവന നൽകുന്നുവെന്നും യുഎഇ പ്രതിരോധ കയറ്റുമതിയിൽ ശ്രദ്ധേയമായ വർധനവ് രേഖപ്പെടുത്തി എന്നും അദ്ദേഹം പറഞ്ഞു.








0 comments