ad
Deshabhimani

മുഖ്യമന്ത്രിയെ വരവേറ്റ് മസ്‌കത്ത്

cm at oman
വെബ് ഡെസ്ക്

Published on Oct 25, 2025, 07:37 AM | 1 min read

​മനാമ: മൂന്നുദിവസത്തെ സന്ദര്‍ശനത്തിന്‌ ഒമാനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വരവേറ്റ് പ്രവാസി സമൂഹം. വെള്ളിയാഴ്‌ച മസ്‌ക്കത്തിലെ അമീറാത്ത് മുനിസിപ്പല്‍ പാര്‍ക്കിലെ ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവലിലേക്ക്‌ തുറന്ന ജീപ്പില്‍ റോഡ് ഷോയായാണ് മുഖ്യമന്ത്രിയെ ആനയിച്ചത്. 26 വര്‍ഷത്തിനുശേഷമാണ്‌ ഒരു കേരള മുഖ്യമന്ത്രി ഒമാനിലെത്തിയത്‌. 1999ൽ മുഖ്യമന്ത്രി ഇ കെ നായനാരാണ് ഇതിനുമുന്പ്‌ സന്ദര്‍ശിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനം പ്രവാസി മലയാളികൾ വൻ ആഘോഷമാക്കി. കഴിഞ്ഞ 9 വര്‍ഷംകൊണ്ട് കേരളം സര്‍വമേഖലയിലും വന്‍ വികസനം കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആ നേട്ടങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അതിന് തുടര്‍ഭരണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രവാസികളെ മുഖ്യമന്ത്രി ക്ഷണിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിങ് സംഘടിപ്പിച്ച ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


നാടിനൊപ്പം സഞ്ചരിക്കുന്നവരാണ് പ്രവാസികള്‍. കേരളത്തിന്റെ ഓരോ ചുവടുവെപ്പും വലിയ താല്‍പ്പര്യത്തോടെയാണ് അവര്‍ വീക്ഷിക്കുന്നത്. കേരളത്തിന്റെ മുന്നോട്ട് പോക്കിന് പ്രവാസികളെ എങ്ങനെ ഉള്‍പ്പെടുത്തണമെന്ന ചിന്തയിലാണ് ലോക കേരള സഭ ആരംഭിച്ചത്. അങ്ങനെ ലഭിച്ച നിര്‍ദേശങ്ങളാണ് നോര്‍ക്കാ കെയറും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സും പദ്ധതിയും സമഗ്ര പുനരധിവാസവും എന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി എന്‍ആര്‍ഐ കമീഷന്‍ രൂപീകരിച്ചു. എല്ലാ പ്രവാസികളും നോര്‍ക്ക ഐഡി കാര്‍ഡ് എടുക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഫെസ്റ്റിവല്‍ സംഘാടകസമിതി ചെയര്‍മാന്‍ വില്‍സണ്‍ ജോര്‍ജ് അധ്യക്ഷനായി. മന്ത്രി സജി ചെറിയാന്‍, ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി ജി വി ശ്രീനിവാസ്, ഒമാന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ചെയര്‍മാന്‍ ഷെയ്ഖ് ഫൈസല്‍ ബിന്‍ അബ്ദുള്ള അല്‍ നവാസ്, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എം എ യൂസഫലി, ഗള്‍ഫാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പി മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിങ് കണ്‍വീനര്‍ അജയന്‍ പൊയ്യാറ സ്വാഗതം പറഞ്ഞു. ഗൾഫ്‌ ദേശാഭിമാനിയുടെ പ്രത്യേക പതിപ്പ്‌ മുഖ്യമന്ത്രി പ്രകാശിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home