ad
Deshabhimani

അബുദാബി ഗ്യാസ് കോംപ്ലക്‌സില്‍ മിസൈല്‍ ആക്രമണം; ഇന്ത്യക്കാരനടക്കം 3 പേര്‍ക്ക് പരിക്ക്

ABU DHABI ATTACK

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Apr 08, 2026, 10:20 PM | 2 min read

മനാമ/ ദുബായ്‌ : വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപനത്തിനുശേഷവും ഗള്‍ഫ് മേഖലയില്‍ ഇറാന്‍ ആക്രമണം. യുഎഇ, കുവൈത്ത്‌, ഖത്തര്‍, ബഹ്‌റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയത്. അബുദാബി ഹബ്ഷാന്‍ ഗ്യാസ് പ്രോസസിങ്‌ പ്ലാന്റിനുനേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കാരനടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. യുഎഇ സ്വദേശികളാണ്‌ പരിക്കേറ്റ രണ്ടുപേർ. പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ യുഎഇ പ്രതിരോധ സംവിധാനങ്ങള്‍ മിസൈലുകള്‍ ആകാശത്തുവച്ച് തകര്‍ത്തെങ്കിലും ഇതിന്റെ അവശിഷ്ടം പ്ലാന്റിനുമുകളില്‍ വീണാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.


ഹബ്ഷാന്‍ ഗ്യാസ് കോംപ്ലക്‌സില്‍ അവശിഷ്ട വീണതിനെ തുടര്‍ന്ന് പ്ലാന്റിനുള്ളില്‍ പലയിടങ്ങളിലായി തീപിടിത്തമുണ്ടായി. സിവില്‍ ഡിഫന്‍സ് വിഭാഗം സ്ഥലത്തെത്തി തീയണച്ചു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പ്ലാന്റിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. രാജ്യത്തിനുനേരെ എത്തിയ 17 ബാലിസ്റ്റിക് മിസൈലും 35 ഡ്രോണും ബുധനാഴ്ചമാത്രം യുഎഇ തടഞ്ഞു. ഫെബ്രുവരി 28 മുതല്‍ ഇതുവരെ 537 ബാലിസ്റ്റിക് മിസൈലും 26 ക്രൂസ് മിസൈലും 2256 ഡ്രോണും യുഎഇ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തു. ഇതുവരെയുള്ള ആക്രമണങ്ങളില്‍ പത്ത് സാധാരണക്കാര്‍ കൊല്ലപ്പെടുകയും 224 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


രാജ്യസുരക്ഷയെ ബാധിക്കുന്ന ഏത് ഭീഷണികളെയും ശക്തമായി നേരിടാൻ യുഎഇ പൂർണമായും സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയം ആവർത്തിച്ച്‌ വ്യക്തമാക്കി.

കുവൈത്ത്‌ പെട്രോളിയം കോര്‍പറേഷന്റെ (കെപിസി) കീഴിലുള്ള മൂന്ന് ഊര്‍ജ, -ജല ശുദ്ധീകരണ പ്ലാന്റുകള്‍ക്കുനേരെ ഡ്രോണ്‍ ആക്രമണമുണ്ടായി. ഇവിടെ വന്‍തോതിലുള്ള നാശനഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്. മേഖലയില്‍ രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് ലംഘിച്ചാണ് ഇറാന്‍ ആക്രമണം തുടരുന്നതെന്ന് കുവൈത്ത്‌ പ്രതിരോധ മന്ത്രാലയം വക്താവ് സൗദ് അല്‍-അത്വാന്‍ വ്യക്തമാക്കി. ബുധൻ രാവിലെ എട്ടോടെ കുവൈത്ത്‌ ലക്ഷ്യമാക്കി വന്ന 28 ഡ്രോണുകളെ സൈന്യം തകര്‍ത്തു.


രാജ്യത്തിന്റെ തെക്കൻ മേഖലകളിലെ നിർണായക എണ്ണ സൗകര്യങ്ങളും വൈദ്യുതി നിലയങ്ങളും ലക്ഷ്യമിട്ടാണ് ചില ഡ്രോണുകൾ നീങ്ങിയതെന്ന് അധികൃതർ അറിയിച്ചു. എണ്ണ അടിസ്ഥാന സൗകര്യങ്ങൾ, വൈദ്യുതി ശൃംഖലകൾ, ജല ശുദ്ധീകരണ പ്ലാന്റുകൾ എന്നിവയ്ക്ക് ഗണ്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും സ്ഥിരീകരിച്ചു. സൈനിക ജനറൽ സ്റ്റാഫ് സ്ഥിതിഗതികൾ നിരന്തരമായി നിരീക്ഷിച്ചു വരുന്നുണ്ട്‌. ആക്രമണങ്ങളെ ചെറുക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.


ഖത്തറിലെ മുറൈഖ് മേഖലയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് കുട്ടിയടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. തകര്‍ക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടം സ്വദേശിയുടെ വീടിനുമുകളില്‍ പതിച്ചാണ് അപകടം. ബഹ്‌റൈനിലെ സിത്ര മേഖലയില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണ് രണ്ട് പൗരന്മാര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചു. ബുധന്‍ രാവിലെ മാമീര്‍ മേഖലയിലെ വ്യവസായ കേന്ദ്രത്തില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് തീപിടിത്തമുണ്ടായി. ബാപ്‌കോ എനര്‍ജീസ് കോംപ്ലക്‌സിന്റെ ഭാഗമായുള്ള സൗകര്യത്തിലാണ് തീപിടിത്തമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സിവില്‍ ഡിഫന്‍സ് ടീമുകള്‍ അതിവേഗം തീയണച്ചു. 24 മണിക്കൂറിനിടെ ആറ് മിസൈലും 31 ഡ്രോണും തകര്‍ത്തതായി അധികൃതര്‍ അറിയിച്ചു.


സംഘര്‍ഷം തുടങ്ങിയതുമുതല്‍ ഇതുവരെ 194 മിസൈലും 508 ഡ്രോണും തകര്‍ത്തതായി ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സ് ജനറല്‍ കമാന്‍ഡ് അറിയിച്ചു. സൗദിയുടെ കിഴക്കന്‍ പ്രവിശ്യ ലക്ഷ്യമാക്കി വന്ന അഞ്ച് ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സേന തകര്‍ത്തു.

ഇറാഖ്‌ ബസ്രയിലെ കുവൈത്ത്‌ കോണ്‍സലേറ്റിനുനേരെ പ്രതിഷേധക്കാര്‍ അതിക്രമിച്ചുകയറിയത്‌ മേഖലയിൽ സാഹചര്യം കൂടുതല്‍ വഷളാക്കി. കുവൈത്തില്‍നിന്നുള്ള റോക്കറ്റ് ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടെന്നാരോപിച്ചായിരുന്നു ബസ്രയിലെ ആക്രമണം. എന്നാല്‍, തങ്ങള്‍ പ്രാദേശിക തര്‍ക്കത്തിലും കക്ഷിയല്ലെന്നും തങ്ങളുടെ മണ്ണ് ഉപയോഗിക്കാന്‍ മറ്റാരെയും അനുവദിക്കില്ലെന്നും കുവൈത്ത്‌ വിദേശമന്ത്രാലയം വ്യക്തമാക്കി.


അതേസമയം, ജിസിസി രാജ്യങ്ങളിലെ ഊര്‍ജ, -സാമ്പത്തിക കേന്ദ്രങ്ങളെ ലക്ഷ്യംവച്ചുള്ള ഇറാൻ നീക്കങ്ങളെ ബഹ്‌റൈന്‍ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇറാന്‍ നടത്തുന്നതെന്നും ആഗോള ഊര്‍ജവിതരണത്തെ തടസ്സപ്പെടുത്താനുള്ള ശ്രമമാണിതെന്നും ബഹ്‌റൈന്‍ വിദേശമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കില്‍ കഴിഞ്ഞ മാസം ആക്രമണത്തില്‍ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന തായ്‌ലന്‍ഡ് കപ്പലിലെ മൂന്ന് ജീവനക്കാര്‍ മരിച്ചതായി തായ് വിദേശമന്ത്രാലയം അറിയിച്ചു. കപ്പലിന്റെ പിന്‍ഭാഗത്ത് സ്‌ഫോടനമുണ്ടാകുകയും തുടര്‍ന്ന് എന്‍ജിന്‍ റൂമില്‍ തീ പടരുകയുമായിരുന്നു. ആക്രമണത്തിന് പിന്നാലെ ഒമാന്‍ നാവികസേന 20 ജീവനക്കാരെ സാഹസികമായി രക്ഷപ്പെടുത്തിയിരുന്നു. നിലവില്‍ ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന ഒമ്പതോളം തായ് കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനായി ഏപ്രില്‍ പകുതിയോടെ തായ് വിദേശമന്ത്രി ഒമാന്‍ സന്ദര്‍ശിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home