"എങ്ങനെയാണ് ആത്മധൈര്യത്തോടെ നേരിട്ടത്? കേരളത്തിനുണ്ടായ മാറ്റമെന്ത്?" മമ്മൂട്ടിയുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ മറുപടി

പിണറായി വിജയനൊപ്പം മമ്മൂട്ടി
അബുദാബി: മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങൾ ചോദിച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. കൈരളി ടിവിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അബുദാബിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ചാനൽ ചെയർമാൻ കൂടിയായ മമ്മൂട്ടി ചോദ്യങ്ങൾ ചോദിച്ചത്. മമ്മൂട്ടിയുടെ എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി മുഖ്യമന്ത്രി തൽസമയം നൽകി.
10 വർഷമായി കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കുന്നത് ചരിത്രമാണെന്നും, എന്താണ് ആദ്യത്തെ അഞ്ച് വർഷവും രണ്ടാമത്തെ അഞ്ച് വർഷവും തമ്മിൽ കേരളത്തിലുണ്ടായ വ്യത്യാസമെന്നുമായിരുന്നു മുഖ്യമന്ത്രിയോടുള്ള മമ്മൂട്ടിയുടെ ആദ്യചോദ്യം. 2021ൽ തുടർഭരണം ജനങ്ങൾ സമ്മാനിച്ചപ്പോൾ 2016 മുതൽ എന്താണോ നടപ്പാക്കിയത്, അവ കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനും നല്ല ഫലം സൃഷ്ടിക്കാനുമായെന്നും, അതിന്റെ ഭാഗമാണ് അതിദാരിദ്ര്യമുക്തമായ കേരളമെന്നും മുഖ്യമന്ത്രി മറുപടി നൽകി.
മറ്റ് മുഖ്യമന്ത്രിമാർക്ക് ആർക്കും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത ദുരന്തങ്ങളെയും പകർച്ചവ്യാധികളെയുമൊക്കെ എങ്ങനെയാണ് ആത്മധൈര്യത്തോടെ അതിജീവിച്ചതെന്നായിരുന്നു മമ്മൂട്ടിയുടെ രണ്ടാമത്തെ ചോദ്യം. നാടും ജനതയും കാണിച്ച ഒരുമയാണ് ഏത് പ്രതിസന്ധിയെയും നേരിടാൻ പ്രാപ്തമാക്കിയതെന്നും, അസാധ്യം എന്നൊന്നില്ല എന്ന് കേരളം തെളിയിക്കുകയാണെന്നും മുഖ്യമന്ത്രി ഉത്തരം നൽകി.
മുഖ്യമന്ത്രി എന്നനിലയിലും വ്യക്തി എന്നനിലയിലും പിണറായി വിജയൻ നേരിട്ട ഒരുപാട് പ്രതിരോധങ്ങളും ആക്ഷേപങ്ങളെയും കുറിച്ചായിരുന്നു അവസാന ചോദ്യം. അതൊക്കെ എന്ത് തരത്തിലുള്ള വികാരമാണുണ്ടാക്കിയതെന്നും, എങ്ങനെയാണ് മനസുകൊണ്ട് പ്രതികരിക്കുന്നതെന്നും മമ്മൂട്ടി ചോദിച്ചു. എന്നാൽ അവയൊന്നും തന്നെ ബാധിക്കാറില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ബോധപൂർവം സൃഷ്ടിക്കുന്ന ചില കാര്യങ്ങൾ ആയതുകൊണ്ട് അതിന്റെ പിന്നാലെ പോകാൻ നേരമില്ല. തന്നെ ചെയ്യാൻ ഏൽപ്പിച്ച മറ്റ് കാര്യങ്ങൾ നിർവഹിച്ചാൽ നാട് മുന്നേറുമെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.
കയ്യടികളോടെയായിരുന്നു ചോദ്യങ്ങളെയും ഉത്തരങ്ങളെയും കാണികൾ സ്വീകരിച്ചത്. കൈരളി ടി വി എം.ഡിയും രാജ്യസഭാംഗവുമായ ഡോ. ജോൺ ബ്രിട്ടാസ്, സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും കൈരളി ടി വി ഡയറക്ടറുമായ എ വിജയരാഘവൻ, മുസ്ലീം ലീഗ് നേതാവ് പി വി അബ്ദുൽ വഹാബ് എന്നിവർ ഉൾപ്പടെ ഒട്ടേറെ പ്രമുഖർ സന്നിഹിതരായിരുന്നു.








0 comments