ആന്ധ്ര സ്വദേശിക്ക് കൈത്താങ്ങായി മലയാളി നഴ്സും ഇന്ത്യൻ എംബസിയും

റിയാദ്: ഇഖാമ കാലാവധി അവസാനിച്ചതിനെ തുടർന്ന് അറസ്റ്റിലായ, രോഗബാധിതനായ ആന്ധ്ര സ്വദേശിക്ക് നാടണയാൻ കൈത്താങ്ങായി മലയാളി നേഴ്‌സും ഇന്ത്യൻ എംബസിയും. സൗദിയിൽ പരിശോധനയുടെ ഭാഗമായി കഴിഞ്ഞ വർഷം അറസ്റ്റിലായ ആന്ധ്രപ്രദേശ് നാണ്ടിയാൽ സ്വദേശി ജാക്കീർ ബാഷ (43) യ്ക്ക് ജയിലിൽ വച്ച് പക്ഷാഘാതമുണ്ടായതിനെത്തുടർന്നാണ് ജയിൽ അധികൃതർ കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചത്.
ഏകദേശം ഒരു വർഷത്തോളമായി ചികിത്സയിൽ കഴിയേണ്ടി വന്നതിൽ ആറുമാസത്തോളം അബോധാവസ്ഥയിലായിരുന്നു ജാക്കീർ. ഈ കാലയളവിൽ ജാക്കീറിന് സഹായമായത് ആശുപത്രിയിലെ നഴ്‌സുമാരായിരുന്നു. നിർധനരായ കുടുംബം ജാക്കീറിനെ നാട്ടിലെത്തിക്കാനുള്ള സഹായം തേടി ഇന്ത്യൻ എംബസിയെ സമീപിച്ചു. എംബസി ആവശ്യമായ നടപടികൾക്കായി കേളി കലാസാംസ്കാരിക വേദിയുടെ സഹായം ആവശ്യപ്പെട്ടു.
സ്ട്രക്ചർ സൗകര്യത്തോടു കൂടി ഒരു നഴ്‌സിന്റെ സഹായത്തോടെ മാത്രമേ ജാക്കീറിനെ നാട്ടിലെത്തിക്കാനാകൂവെന്നായിരുന്നു മെഡിക്കൽ റിപ്പോർട്ട്. കേളിയുടെ ഇടപെടൽ വഴി റിയാദിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയും കൊല്ലം കുളത്തൂപ്പുഴ സ്വദേശിനിയുമായ മോനിഷ സദാശിവം ജാക്കിനിറൊപ്പം ഇന്ത്യയിലേക്ക് വരാൻ തയാറായി. ഹൈദരാബാദിലെ വീട്ടിലെത്തുന്നതുവരെ വരെ ഇവർ ജാക്കിറിനൊപ്പമുണ്ടായിരുന്നു. യാത്രയ്ക്കാവശ്യമായ ടിക്കറ്റും മറ്റു ചിലവുകളും ഇന്ത്യൻ എംബസിയാണ് വഹിച്ചത്.









0 comments