വിസാചട്ടങ്ങളിൽ വൻമാറ്റം; യുഎഇയിൽ പ്രവേശനം കൂടുതൽ എളുപ്പം, നിയന്ത്രണം കർശനമാക്കി അമേരിക്കയും യൂറോപ്പും

ദുബായ് : 2026ൽ ലോകത്തെ പ്രധാന രാജ്യങ്ങൾ വിസാ നയങ്ങളിൽ വ്യാപക മാറ്റങ്ങൾ നടപ്പാക്കി. ചില രാജ്യങ്ങൾ വിനോദസഞ്ചാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കാൻ പ്രവേശന നടപടികൾ ലളിതമാക്കിയപ്പോൾ, മറ്റുചില രാജ്യങ്ങൾ കുടിയേറ്റ നിയന്ത്രണങ്ങൾ ശക്തമാക്കുകയും വിസാ ഫീസ് വർധിപ്പിക്കുകയും ചെയ്തു. അതിർത്തി നിയന്ത്രണങ്ങളിൽ ഡിജിറ്റൽ സംവിധാനങ്ങൾക്കും നിർമിതബുദ്ധി അധിഷ്‌ഠിത സേവനങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുന്ന പ്രവണതയും ശക്തമായി.
യുഎഇ സന്ദർശകർക്കായി 'വിസാ ഓൺ അറൈവൽ' പദ്ധതിയുടെ പരിധി വിപുലീകരിച്ചു. 14 ദിവസത്തെയും 60 ദിവസത്തെയും പ്രവേശനാനുമതിക്ക് അർഹരായ രാജ്യങ്ങളുടെ പട്ടികയിൽ ഇൻഡോനേഷ്യ, വിയറ്റ്നാം, തായ്‌ലൻഡ്, ഫിലിപ്പീൻസ്, കെനിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പൗരന്മാരെയും ഉൾപ്പെടുത്തി.
സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, കാനഡ എന്നിവിടങ്ങളിൽ താമസാനുമതിയുള്ളവർക്കും പുതിയ മാനദണ്ഡപ്രകാരം ആനുകൂല്യം ലഭിക്കും. നേരത്തെ യുഎസ്, യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ, ബ്രിട്ടൻ എന്നിവിടങ്ങളിലെ താമസക്കാർക്ക് മാത്രമായിരുന്നു ഈ സൗകര്യം.
ദുബായിലെ റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്കുള്ള രണ്ടുവർഷത്തെ റസിഡൻസി വിസാ മാനദണ്ഡങ്ങളിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഏക ഉടമസ്ഥതയിലുള്ള സ്വത്തുക്കൾക്കുള്ള കുറഞ്ഞ മൂല്യപരിധി ഒഴിവാക്കുകയും സംയുക്ത ഉടമസ്ഥതയിലുള്ള സ്വത്തുക്കൾക്കുള്ള വ്യവസ്ഥകളിൽ ഇളവ് വരുത്തുകയുംചെയ്തു. വിസാ സേവനങ്ങളിലും നിർമിത ബുദ്ധിയുടെ ഉപയോഗം വ്യാപകമാക്കിയതോടെ എൻട്രി പെർമിറ്റ് അനുവദിക്കുന്ന സമയം ആറുമണിക്കൂറിൽ നിന്ന് വെറും 15 സെക്കൻഡായി കുറഞ്ഞതായി അധികൃതർ അറിയിച്ചു.











0 comments