ad
Deshabhimani

ബഹ്‌റൈനില്‍ ഭക്ഷ്യലഭ്യത ഉറപ്പാക്കാന്‍ ലുലു ഗ്രൂപ്പ്; 650 ടണ്‍ അവശ്യസാധനങ്ങള്‍ എത്തിച്ചു

luluu
വെബ് ഡെസ്ക്

Published on Apr 03, 2026, 11:58 AM | 2 min read

മനാമ: നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ബഹ്‌റൈനിലെ ഭക്ഷ്യസുരക്ഷാ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി ലുലു ഗ്രൂപ്പ് 650 ടണ്‍ അവശ്യസാധനങ്ങള്‍ വിമാനമാര്‍ഗം രാജ്യത്തെത്തിച്ചു. ഗള്‍ഫ് എയറുമായും മറ്റ് ചാര്‍ട്ടേഡ് കാര്‍ഗോ സര്‍വീസുകളുമായും സഹകരിച്ച് 70 പ്രത്യേക വിമാനങ്ങളിലായാണ് പലചരക്ക് സാധനങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, മാംസം എന്നിവ എത്തിച്ചത്. ഇതില്‍ 59 സര്‍വീസുകള്‍ ഗള്‍ഫ് എയറാണ് നടത്തിയത്.


വിപണിയിലെ വിതരണ ശൃംഖല തടസ്സമില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി വ്യാഴാഴ്ച ബഹ്‌റൈനില്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ബഹ്‌റൈനിലെ വിപണിയില്‍ സാധനങ്ങളുടെ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കാന്‍ അധികൃതരുമായി ചേര്‍ന്ന് തങ്ങള്‍ പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.


വിമാനമാര്‍ഗം എത്തിച്ചതിന് പുറമെ, 600 ടണ്‍ സാധനങ്ങള്‍ റോഡ് മാര്‍ഗവും 300 ടണ്‍ കടല്‍ മാര്‍ഗവും എത്തിച്ചിട്ടുണ്ട്. ആകെ 1500 ടണ്ണിലധികം ഉല്‍പ്പന്നങ്ങളാണ് ലുലു ഗ്രൂപ്പ് ചുരുങ്ങിയ കാലയളവിനുള്ളില്‍ വിപണിയിലെത്തിച്ചത്.ലോകത്തെ നാല്‍പ്പതിലധികം രാജ്യങ്ങളില്‍നിന്നാണ് ലുലു ഗ്രൂപ്പ് ഈ ഉല്‍പ്പന്നങ്ങള്‍ സമാഹരിച്ചത്. രാജ്യത്തെ വിതരണ ശൃംഖല സുഗമമായി നിലനിര്‍ത്തുന്നതില്‍ ഹമദ് രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെയും നേതൃത്വപരമായ ഇടപെടലുകളെയും ദീര്‍ഘവീക്ഷണത്തെയും യൂസഫലി പ്രശംസിച്ചു.

കിരീടാവകാശിയും യൂസഫലിയും കൂടിക്കാഴ്ച നടത്തി


ലുലു ഗ്രൂപ്പ് ചെയര്‍മാൻ എം എ യൂസഫലി ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനുമായി ഗുദൈബിയ കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തി. നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും വിപണിയില്‍ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും കൂട്ടായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് കിരീടാവകാശി വ്യക്തമാക്കി.


luluബഹ്‌റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനും ലുലു ഗ്രൂപ്പ് ചെയര്‍മാൻ എം എ യൂസഫലിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ നിന്ന്‌


ഹമദ് രാജാവിന്റെ നിര്‍ദേശപ്രകാരം എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും വിപണിയിലെ വിലനിലവാരം നിയന്ത്രിക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.


വിവിധ സര്‍ക്കാര്‍ ഏജന്‍സികളും സ്വകാര്യ മേഖലയും തമ്മിലുള്ള ഏകോപനം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും ഭക്ഷ്യവിതരണ ശൃംഖല തടസ്സമില്ലാതെ നിലനിര്‍ത്തുന്നതിലും നിര്‍ണായക പങ്കുവഹിക്കും. വിപണി സാഹചര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനും വിലക്കയറ്റം തടയാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വിതരണം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ലുലു ഗ്രൂപ്പ് നല്‍കുന്ന പിന്തുണയെ അദ്ദേഹം പ്രശംസിച്ചു.


സ്വകാര്യ മേഖലയ്ക്ക് ഭരണകൂടം നല്‍കുന്ന പിന്തുണയ്ക്ക് യൂസഫലി നന്ദി അറിയിച്ചു. ബഹ്‌റൈനിലെ ഭക്ഷ്യസുരക്ഷാ സംവിധാനം ശക്തിപ്പെടുത്താനും വിപണിയില്‍ സാധനങ്ങളുടെ ലഭ്യത തടസ്സമില്ലാതെ ഉറപ്പുവരുത്താനും ലുലു ഗ്രൂപ്പിന്റെ പൂര്‍ണ സഹകരണം അദ്ദേഹം വാഗ്‌ദാനം ചെയ്തു. കിരീടാവകാശിയുടെ മകന്‍ ഷെയ്ഖ് ഈസ ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, ധന, -ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫ എന്നിവരും കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home