നമ്പർ പ്ലേറ്റ് നഷ്‌ടമായാൽ സഹേലിൽ അപേക്ഷിക്കാം

കുവൈത്ത് സിറ്റി : വാഹനത്തിന്റെ ഒറിജിനൽ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടാൽ സഹേൽ ആപ്പ് വഴി പുതിയ നമ്പർ പ്ലേറ്റിനായി ഓൺലൈനായി അപേക്ഷിക്കാമെന്ന് കുവൈത്ത്. ട്രാഫിക് ജനറൽ ഡയറക്ടറേറ്റാണ് പുതിയ ഇ-സേവനം ആരംഭിച്ചത്. ഇതോടെ കുവൈത്ത് പൗരന്മാർക്കും താമസക്കാർക്കും ഗതാഗത ഓഫീസ് നേരിട്ട് സന്ദർശിക്കാതെ അപേക്ഷ സമർപ്പിക്കാനാകും.
അപേക്ഷകർ സഹേൽ ആപ്പ് വഴി ആവശ്യമായ രേഖകൾ പിഡിഎഫ് രൂപത്തിൽ അപ്‌ലോഡ് ചെയ്ത് നിശ്ചിത സർവീസ് ഫീസ് അടച്ചാൽ മതി. അപേക്ഷ പരിശോധിച്ചശേഷം പുതിയ നമ്പർ പ്ലേറ്റ് എവിടെനിന്നും എപ്പോൾ കൈപ്പറ്റാമെന്ന വിവരം ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് ആപ്പ് മുഖേനതന്നെ അറിയിക്കും. സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കുക, അപേക്ഷകളുടെ നടപടിക്രമങ്ങൾ ലളിതമാക്കുക, സേവനങ്ങൾ ലഭ്യമാക്കാനുള്ള സമയം കുറയ്ക്കുക, ട്രാഫിക് സർവീസ് സെന്ററുകളിലെ തിരക്ക് നിയന്ത്രിക്കുക എന്നിവയാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ ഡിജിറ്റൽ പരിവർത്തനത്തിന് കൂടുതൽ വേഗം പകരാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് സേവനം നടപ്പിലാക്കിയത്.







0 comments