തൊഴിലാളിയുടെ അവകാശം ലംഘിക്കൽ; ഒരുവർഷം തികയാതെ വിസ മാറ്റാം

കുവൈത്ത് സിറ്റി: തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങളിൽനിന്ന് ഒരുവർഷം പൂർത്തിയാകുംമുമ്പ് മറ്റൊരു സ്ഥാപനത്തിലേക്ക് വിസ മാറ്റം അനുവദിക്കുന്ന തീരുമാനം പ്രഖ്യാപിച്ച് കുവൈത്ത്. തൊഴിലാളികളുടെ അവകാശ സംരക്ഷണം ശക്തമാക്കുകയും ചൂഷണത്തിന് ഇരയാകുന്നവർക്ക് നിയമപരമായ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി. തൊഴിലാളി സമർപ്പിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിൽ ചില പ്രത്യേക സാഹചര്യങ്ങളിൽ നിലവിലെ സ്ഥാപനത്തിൽനിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് വിസ മാറ്റത്തിന് അനുമതി ലഭിക്കും.
തൊഴിലുടമയുടെ അലംഭാവംമൂലം വർക്ക് പെർമിറ്റോ റെസിഡൻസിയോ ലഭിക്കാതിരിക്കൽ, തൊഴിലുടമയുടെ ഫയലിൽ വിലക്കുകളോ നിയന്ത്രണങ്ങളോ ഉണ്ടായിരിക്കൽ, തൊഴിലാളിക്കെതിരെ വ്യാജമായി ‘ജോലി ഉപേക്ഷിച്ചു’ എന്ന പരാതി നൽകൽ, തൊഴിൽ നിയമലംഘനം, തൊഴിലാളിയുടെ സുരക്ഷയെയോ ആരോഗ്യത്തെയോ ബാധിക്കുന്ന തൊഴിൽ അന്തരീക്ഷം, സ്ഥാപനം സ്ഥിരമായി അടച്ചുപൂട്ടൽ, പാപ്പരായി പ്രഖ്യാപിക്കപ്പെടൽ തുടങ്ങിയ സാഹചര്യങ്ങളിലാണ് ഇളവ് അനുവദിക്കുക. ഇത്തരം പ്രശ്നങ്ങൾ നേരിടുന്ന തൊഴിലാളികൾ മാനവശേഷി അധികൃതർക്ക് പരാതി നൽകുകയും വിസ മാറ്റത്തിനുള്ള അപേക്ഷ സമർപ്പിക്കുകയും വേണം. പരാതിയുടെ നിജസ്ഥിതി പരിശോധിച്ചശേഷമായിരിക്കും അധികൃതർ തുടർനടപടി സ്വീകരിക്കുക.
പുതിയ തീരുമാനത്തിൽ ‘അലംഭാവമുള്ള തൊഴിലുടമ’ എന്നതിന് വ്യക്തമായ നിർവചനവും നൽകിയിട്ടുണ്ട്. തൊഴിലാളിയെ റിക്രൂട്ട് ചെയ്തശേഷം ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കുന്നതിൽ വൈകുകയോ നിരാകരിക്കുകയോ ചെയ്യുന്ന തൊഴിലുടമകളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുക. ഇത്തരം തൊഴിലുടമകൾക്കെതിരെ പുതിയ തൊഴിൽ അനുമതികൾ നിർത്തിവയ്ക്കൽ, റിക്രൂട്ട്മെന്റ് വിലക്ക്, പുതിയ തൊഴിലാളികളെ കൊണ്ടുവരാനുള്ള അപേക്ഷകൾ നിരസിക്കൽ തുടങ്ങിയ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.










0 comments