ad
Deshabhimani

കുവൈത്തിലെ വാണിജ്യ മറച്ചുവയ്‌ക്കൽ നിയമം; പ്രവാസികൾ അറിയേണ്ടത്‌

kuwaith flag
avatar
കെ ശ്രീജിത്ത്‌

Published on Aug 15, 2026, 02:06 PM | 1 min read

വാണിജ്യ മറച്ചുവയ്‌ക്കൽ തടയുന്നതിനായി കുവൈത്ത് നടപ്പാക്കിയ പുതിയ നിയമം പ്രവാസികളുടെ ബിസിനസ് പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. അതേസമയം, നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി ആർട്ടിക്കിൾ 18 റെസിഡൻസിയിലുള്ള പ്രവാസികൾക്ക് നിലവിലുള്ള കമ്പനിയുടെ മൂലധനത്തിൽ പരമാവധി 49 ശതമാനംവരെ ഓഹരി സ്വന്തമാക്കാനും നിയമം അനുവദിക്കുന്നു. വ്യക്തിഗത സ്ഥാപനങ്ങൾക്ക് ഈ വ്യവസ്ഥ ബാധകമല്ല; അവയുടെ ഉടമസ്ഥാവകാശം കുവൈത്തി പൗരന്മാർക്ക് മാത്രമായിരിക്കും.

ആവശ്യമായ ലൈസൻസില്ലാതെ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക, നിലവിലുള്ള ലൈസൻസിന്റെ പരിധിക്ക് പുറത്തുള്ള ബിസിനസ് നടത്തുക, സർക്കാർ നിരോധിച്ചതോ താൽക്കാലികമായി നിർത്തിവച്ചതോ ആയ പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നിവ നിയമലംഘനമാണ്. ആവശ്യമായ അനുമതിയില്ലാതെ കറൻസി, സെക്യൂരിറ്റീസ്, ആഗോള ഫോറെക്‌സ്‌ വിപണി എന്നിവയിൽ വ്യാപാരം നടത്തുന്നതും നിയമലംഘനത്തിന്റെ പരിധിയിൽ വരും.

വാണിജ്യ ലൈസൻസ്, കൊമേഴ്സ്യൽ രജിസ്റ്റർ, ട്രേഡ് മാർക്ക് എന്നിവ മറ്റൊരാൾക്ക് ഉപയോഗിക്കാൻ നൽകുകയും യഥാർഥത്തിൽ മറ്റൊരാൾ ബിസിനസിന്റെ നടത്തിപ്പുകാരനോ ഗുണഭോക്താവോ ആകുകയും ചെയ്യുന്ന ക്രമീകരണങ്ങൾ വാണിജ്യ മറച്ചുവയ്‌ക്കലായി കണക്കാക്കാം. കുടുംബാംഗങ്ങൾ തമ്മിലോ രണ്ട് കുവൈത്തി പൗരന്മാർ തമ്മിലോ ഉള്ള ഇത്തരം ക്രമീകരണങ്ങളും നിയമത്തിന്റെ പരിധിയിൽ വരും.

മൂന്നുവർഷംവരെ തടവ്‌


കുറ്റക്കാരെന്ന് കണ്ടെത്തുന്ന പ്രവാസികൾക്ക് ഒരുവർഷംമുതൽ മൂന്നുവർഷംവരെ തടവും 10,000 മുതൽ ഒരുലക്ഷം ദിനാർവരെ പിഴയും ലഭിക്കാം. അനധികൃതമായി നേടിയ ലാഭത്തിന്റെ തോതനുസരിച്ച് പിഴ വർധിക്കും. കുറ്റകൃത്യത്തിലൂടെ ലഭിച്ച വരുമാനം കണ്ടുകെട്ടാനും സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കി അടച്ചുപൂട്ടാനും വ്യവസ്ഥയുണ്ട്. കേസ് ഒത്തുതീർപ്പാക്കിയാലും പ്രവാസികൾക്കെതിരായ ഭരണപരമായ നാടുകടത്തൽ നടപടി സ്വമേധയാ ഒഴിവാകില്ല. രാജ്യതാൽപര്യം മുൻനിർത്തി ആവശ്യമെന്ന് അധികൃതർ വിലയിരുത്തിയാൽ വിദേശിയെ നാടുകടത്താനും കഴിയും.

പുതിയ നിയമത്തിനനുസരിച്ച് ബിസിനസുകളുടെ നിയമപരമായ സ്ഥിതി ക്രമീകരിക്കാൻ ആറുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. എക്‌സിക്യൂട്ടീവ് ചട്ടങ്ങൾ പുറത്തിറങ്ങിയശേഷമായിരിക്കും ശിക്ഷാനടപടി പ്രാബല്യത്തിൽ വരിക. ബാങ്കുകൾ, എക്‌സ്‌ചേഞ്ച് കമ്പനികൾ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുടെ നിരീക്ഷണ ഉത്തരവാദിത്വവും നിയമം ശക്തമാക്കിയിട്ടുണ്ട്. യഥാർഥ ഗുണഭോക്തൃ ഉടമസ്ഥതയിലോ സാമ്പത്തിക ഇടപാടുകളിലോ സംശയാസ്‌പദമായ പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ വാണിജ്യ-, വ്യവസായ മന്ത്രാലയത്തെ അറിയിക്കണമെന്നും വ്യവസ്ഥകളിലുണ്ട്‌.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home