"ദുബായ് - ഇറ്റ്’ പുരസ്‌കാരം: നാമനിർദേശം തുടങ്ങി

ദുബായ് : പ്രഥമ ‘ദുബായ് -ഇറ്റ്’ പുരസ്കാരത്തിനുള്ള നാമനിർദേശം ആരംഭിച്ചു. ദുബായുടെ വികസന സമീപനത്തിന് അനൂകൂലമായി പുത്തൻ ആശയങ്ങളെ നേട്ടങ്ങളായി മാറ്റിയവരെയാണ് പുരസ്കാരത്തിലൂടെ ആദരിക്കുന്നത്. സെപ്തംബർ 10 വരെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി നാമനിർദേശം സമർപ്പിക്കാം. വ്യക്തികൾക്കും പദ്ധതികൾക്കും കമ്പനികൾക്കും സ്ഥാപനങ്ങൾക്കും മറ്റ് സംഘടനകൾക്കും സ്വയമോ മറ്റുള്ളവർ വഴിയോ നാമനിർദേശം ചെയ്യാം.
ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് പുരസ-്‌കാരം ആരംഭിച്ചത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച ‘ദുബായ് -ഇറ്റ്’ സംരംഭത്തിന്റെ ഭാഗമായാണിത്. വ്യക്തികൾ, പദ്ധതികൾ, സ്ഥാപനങ്ങൾ–കമ്പനികൾ എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളിലാണ് പുരസ്കാരം. സർക്കാർ, റിയൽ എസ്റ്റേറ്റ്, സമ്പദ്‌വ്യവസ്ഥ, ബിസിനസ്, സാങ്കേതികവിദ്യ, കായികം, സമൂഹം, വിദ്യാഭ്യാസം, സേവനം, ആരോഗ്യം എന്നീ പത്തുമേഖലകളിൽ നാമനിർദേശം നൽകാം.
നാലുവർഷത്തിനിടെ നടപ്പാക്കിയ പദ്ധതികൾ, സംരംഭങ്ങൾ, മാറ്റങ്ങൾ എന്നിവയാണ് ആദ്യ പതിപ്പിൽ പരിഗണിക്കുക. രണ്ടാം പതിപ്പുമുതൽ നാമനിർദേശം നൽകുന്നവയുടെ കഴിഞ്ഞ 24 മാസത്തെ നേട്ടങ്ങളായിരിക്കും പരിഗണിക്കുക. നേട്ടത്തിന്റെ വിശദാംശങ്ങൾ, നേരിട്ട വെല്ലുവിളിയോ ലഭിച്ച അവസരമോ, പദ്ധതി നടപ്പാക്കിയ രീതി, കൈവരിച്ച ഫലങ്ങളും സ്വാധീനവും എന്നിവ അപേക്ഷയിൽ വ്യക്തമാക്കണം. പ്രകടന കണക്കുകൾ, റിപ്പോർട്ടുകൾ, ചിത്രങ്ങൾ, മാധ്യമങ്ങളിൽ വന്ന വിവരങ്ങൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയ രേഖകളും തെളിവായി സമർപ്പിക്കാം.
നേട്ടത്തിന്റെ പ്രാധാന്യം, നടപ്പാക്കലിന്റെ നിലവാരം–വേഗം, അളക്കാവുന്ന ഫലങ്ങൾ, സാമൂഹിക–സാമ്പത്തിക സ്വാധീനം, സുസ്ഥിരത, മറ്റുള്ളവർക്ക് മാതൃകയാകാനുള്ള സാധ്യത തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അപേക്ഷ വിലയിരുത്തുക.










0 comments