നോവൽ ‐41
തെറം


പി വി ഷാജികുമാർ
Published on Aug 15, 2026, 03:21 PM | 5 min read
ഗുണം
അഞ്ച് വലിയ മുറികളുള്ള കെട്ടിടമായിരുന്ന ജുവനൈല്‍ ഹോം. മുപ്പതിലധികം കുട്ടികളുണ്ടായിരുന്നു അവിടെ. അവരില്‍ മലയാളികളല്ലാത്തവരും ഉണ്ടായിരുന്നു. പഴയൊരു വീട് ജയിലാക്കി മാറ്റിയത് പോലെയുണ്ടായിരുന്നു. വെളിച്ചമധികമെത്താത്ത പകലുകളില്‍ വഴികളിലും മുറികളിലും ഇരുള്‍ മൂടിക്കിടക്കുന്ന പരിസരമായിരുന്നു. ജുവനൈല്‍ ഹോമിന്റെ നടുവിലെ പേരറിയാത്ത വലിയൊരു മരത്തില്‍ പലതരം കിളികള്‍ ഒന്നിച്ചുപാര്‍ത്തിരുന്നു. പകലില്‍ മാത്രമല്ല, രാത്രിയിലും അവിടുത്തെ പക്ഷികള്‍ കരഞ്ഞുകൊണ്ടേയിരുന്നു.
അവിടേക്ക് കൊണ്ടുവന്ന രാത്രിയില്‍ മുസ്‌തഫയെ സൂപ്രണ്ട് അയൂബ് തന്റെ മുറിക്കകത്തേക്ക് കൊണ്ടുപോയി.
ചിത്രീകരണം: കെ പി മുരളീധരൻ
ഒരു ചെറുകാറ്റ് ഏറ്റാല്‍പോലും വീണുപോകാവുന്ന അത്രയും ശോഷിച്ച ശരീരമായിരുന്നു അയാളുടേത്. അതിനുള്ളില്‍ അതിനേക്കാള്‍ നാലിരട്ടിയില്‍ അയാള്‍ ക്രൗര്യം പേറുന്നുണ്ടെന്ന് മുസ്‌തഫയ്‌ക്ക് ആ രാത്രി മനസ്സിലായി.
അയാള്‍ മുസ്‌തഫയുടെ ഇരുകൈകളും ജനലിലേക്ക് ചേര്‍ത്തുകെട്ടി.
അവന്റെ ട്രൗസറും ഷര്‍ട്ടും അയാള്‍ നിലത്ത് പറിച്ചിട്ടു.
‘‘പന്നീരെ മോന്‍... മുട്ടേന്ന് വിരിഞ്ഞിട്ടില്ല...!’’
ഇങ്ങനെ അലറിക്കൊണ്ട് അയാള്‍ മുളക് പുരട്ടിയ ലാത്തികൊണ്ട് അവന്റെ നടുംപുറത്ത് തല്ലി.
വേദനയിലൊന്ന് പിടഞ്ഞെങ്കിലും അവന്‍ കരഞ്ഞില്ല.
കരച്ചില്‍ അമര്‍ത്തിപ്പിടിച്ച് അവന്‍ ജനലിന് പുറത്തേക്ക് കണ്ണുകള്‍ അര്‍പ്പിച്ചു. അപ്പുറത്തെ ഓടിട്ടൊരു കുഞ്ഞുവീട് അവന്റെ കണ്ണുകള്‍ കണ്ടുപിടിച്ചു. ആ വീടിന്റെ ഉമ്മറത്ത് നിലവിളിക്ക് കത്തിച്ചുവെച്ചിട്ടുണ്ടായിരുന്നു. ചെറുകാറ്റില്‍ ഇളകിയാടുന്ന വെളിച്ചത്തിന് അടുത്തിരുന്ന് കുഞ്ഞിനെ മടിയിലിരുത്തി ചാറ്റല്‍മഴയുടെ താളത്തില്‍ അച്ഛന്‍ കഥ പറഞ്ഞുകൊടുക്കുകയാണ്. കഥയില്‍ പൂർണമായും മുങ്ങിക്കൊണ്ട് കുഞ്ഞ് അച്ഛന്റെ നെഞ്ചിലേക്ക് ചേര്‍ന്നുകിടക്കുന്നുണ്ട്.
അയാള്‍ കുഞ്ഞിനോട് പറയുന്ന കഥ മുസ്‌തഫയ്‌ക്ക് കേള്‍ക്കാന്‍ കഴിയുന്നതായിരുന്നില്ല.
എന്നാല്‍ ആ കഥ തനിക്ക് അറിയാം.
മുസ്‌തഫ സ്വയം ഉറപ്പിച്ചു.
അത് ദൈവത്തെക്കുറിച്ചുള്ള കഥയാണ്. ദൈവത്തിന് ഏറ്റവും ഇഷ്ടം കുഞ്ഞുങ്ങളെയാണെന്ന് ഗുണപാഠം തരുന്നൊരു കഥ. ആ കഥ കേട്ട് ആ കുട്ടി സന്തോഷത്തോടെയും സമാധാനത്തോടെയും ഉറങ്ങും. ‘ക്രൂരമാര്‍ന്ന വേദനയിലും സങ്കടത്തിലും ദൈവം അടുത്തുണ്ടായിരിക്കും.'
ആരോ പറഞ്ഞത് അവനപ്പോള്‍ ഓര്‍മയില്‍ വന്നു.
അയൂബ് മർദിക്കുമ്പോള്‍ അവന്‍ കഥയില്‍നിന്ന് കണ്ണെടുത്തില്ല.
തല്ലിത്തീര്‍ന്നതിന് ശേഷം തന്റെ ആസക്തി തീര്‍ക്കാന്‍ അയാള്‍ പാന്റ്‌സിന്റെ സിബ്ബഴിക്കുമ്പോഴും അവന്‍ കഥയില്‍നിന്ന് കണ്ണെടുത്തില്ല.
ക്രൂരതയോടെ കിതച്ചുകൊണ്ട് അയാള്‍ ആര്‍ത്തി ശമിപ്പിക്കുമ്പോഴും അവന്‍ കഥയില്‍നിന്ന് കണ്ണെടുത്തില്ല.
‘‘പന്നീരെ മോന്‍...’’ എന്ന് ആവര്‍ത്തിച്ചുരുവിട്ട് അവന്റെ കെട്ടഴിക്കാതെ അയാള്‍ പുറത്തേക്ക് പോകുമ്പോള്‍ ഉറങ്ങിക്കഴിഞ്ഞ കുഞ്ഞിനെയുമെടുത്ത് നിലവിളക്ക് കെടുത്തി അച്ഛന്‍ അകത്തേക്ക് പോകുകയായിരുന്നു.
കണ്ണുകളില്‍നിന്ന് വായിലേക്ക് ഊറിവന്ന കണ്ണുനീര്‍ പുറത്തേക്ക് തുപ്പിക്കൊണ്ട് മുസ്‌തഫ പറഞ്ഞു.
‘‘ദൈവം, കള്ളപ്പന്നീരെ മോന്‍..!’’
അവന്‍ പറയുന്നത് ചാഞ്ഞുപെയ്യുന്ന മഴ മാത്രം കേട്ടു.
മുസ്‌തഫയ്‌ക്ക് തോന്നിയത് സംഭവിച്ചു.
അവന്റെ കുട്ടിക്കാലം അവിടെ അവസാനിച്ചു.
ജയിലില്‍ നടയടി നല്‍കുന്നത് പോലെയുള്ള ഏര്‍പ്പാടായിരുന്നു അന്നുണ്ടായത്. ഗുണമൊട്ടുമില്ലാത്ത അയൂബ് അവിടേക്കെത്തുന്ന കുട്ടികളിലെ ദുര്‍ഗുണത്തെ കൂടുതലാക്കാന്‍ എല്ലാ തരത്തിലുള്ള ക്രൂരതകളും ചെയ്‌തു. ആണ്‍കുട്ടികളില്‍ താല്‍പ്പര്യമുള്ള അയാളെ സംബന്ധിച്ചിടത്തോളും ദുര്‍ഗണപാഠശാല സ്വർഗമായിരുന്നു.
അവിടെയെത്തുന്ന കുട്ടികള്‍ ആസ്‌തമ വന്ന് പൊതിഞ്ഞ അയാളുടെ വൈദ്യം. താല്‍പ്പര്യം തോന്നുന്ന കുട്ടികളെ തോന്നുന്ന നേരങ്ങളില്‍ അയാള്‍ വൃത്തികെട്ട മണമുള്ള തന്റെ മുറിയിലേക്ക് വലിച്ചുകൊണ്ടുപോയി. അത് അയാളുടെ ആയുസ്സിനെ നീട്ടിവലിച്ചുകൊണ്ടുപോയി. മുപ്പതില്‍ ഒടുങ്ങേണ്ട അയാള്‍ ദുഷ്ടന്മാര്‍ പന പോലെ വളരുമെന്ന ചൊല്ലിനെ ഓര്‍മിപ്പിച്ചു.
കുറ്റങ്ങളില്‍ തെറ്റൊന്നും കാണാത്ത കുട്ടികളായിരുന്നു ജുവനൈല്‍ ഹോമില്‍ ഏറെയുമുണ്ടായിരുന്നത്. കൂടുതല്‍ കുറ്റം ചെയ്യാനുള്ള വാശിയും പ്രേരണയും ജുവനൈല്‍ ഹോം അവര്‍ക്ക് നല്‍കി.
അറിയാതെ തെറ്റ് ചെയ്‌തുപോയ കുട്ടികളാവട്ടെ ദുര്‍ഗുണക്കാരുടെ ക്രൂരമായ റാഗിങ്ങില്‍ സംഭ്രമത്തിന്റെയും വിഷാദത്തിന്റെയും ഇരുളിലേക്ക് തള്ളിയിടപ്പെട്ടു.
ചിത്രീകരണം: കെ പി മുരളീധരൻ
ലോകം അതോടെ അവര്‍ക്ക് വെറുക്കപ്പെട്ടതായി. അവര്‍ക്കൊപ്പം അയൂബ് കൂടിയായതോടെ ആ പാവങ്ങളുടെ ജീവിതം കൂടുതല്‍ ദൈന്യതയാര്‍ന്നു. അങ്ങനെയൊരു കുട്ടിയായിരുന്നു ജോസ്. നീലേശ്വരത്ത് നിന്നായിരുന്നു അവന്‍ വന്നത്. ലോറിഡ്രൈവറാണ് ജോസിന്റെ രണ്ടാനച്ഛന്‍ തോമസ്. തട്ടാച്ചേരിയില്‍ ഒരു വാടക ക്വാര്‍ട്ടേഴ്‌സിലായിരുന്നു അമ്മ മീനയ്‌ക്കും ഒന്നരവയസുള്ള അനിയന്‍ ഡാനിക്കുമൊപ്പം ജോസ് കഴിഞ്ഞിരുന്നത്. അപ്പന്‍ ജോസഫ് വിഷാദം മൂർച്ഛിച്ച് ആത്മഹത്യ ചെയ്‌തിട്ടും ഡാനിക്കും അമ്മയ്‌ക്കുമൊപ്പം അമ്മൂമ്മയുടെ വീട്ടില്‍ സ്‌നേഹത്തിന്റെ സമാധാനത്തില്‍ കഴിഞ്ഞതായിരുന്നു ജോസ്.
അപ്പോഴാണ് മീനയുടെ മനസ്സിലേക്ക് തോമസ് കയറിവരുന്നത്. മുപ്പത് കഴിഞ്ഞിട്ടില്ലാത്ത മകള്‍ ഒറ്റാന്തടിയായി കഴിയാന്‍ ഇഷ്ടപ്പെടാതിരുന്ന മീനയുടെ അമ്മ തോമസിന്റെ ആഗ്രഹത്തിന് സമ്മതം മൂളി.
കുടിയനായിരുന്ന തോമസിന്റെ തനിസ്വഭാവം മീനയ്‌ക്ക് മനസ്സിലാവുന്നത് വിവാഹത്തിന് ശേഷം. അത് സംശയത്തിന്റെ രൂപത്തിലായിരുന്നു. കുടിച്ച് വെളിവില്ലാതെ വന്ന് മീനയിലേക്ക് ഉണരാന്‍ കഴിയാത്തതിലുള്ള അരിശം അയാള്‍ക്ക് സംശയമായി. മുടിക്ക് കുത്തിപ്പിടിച്ച് തല ചുമരിലിടിച്ചും മരക്കസേര നടുംപുറത്തിട്ടും അയാള്‍ സംശയത്തില്‍നിന്ന് സമാധാനം കണ്ടെത്തി. ജോസിനെയും ഡാനിയെയും അയാള്‍ വെറുതെ വിട്ടില്ല. മീനയുടെയും മക്കളുടെയും നിലവിളി രാത്രിയുടെ നിശ്ശബ്ദതയില്‍ ഉയര്‍ന്നുകേട്ടു.
തോമസിനെ പേടിയുള്ള അയല്‍ക്കാര്‍ മീനയുടെയും മക്കളുടെയും വിധിയില്‍ താടിക്ക് കയ്യും കൊടുത്ത് സങ്കടത്തോടെ അത്താഴം കഴിച്ചു.
ആര്‍ക്കും ഈ വിധി കൊടുക്കരുതെന്ന് കര്‍ത്താവ് വെളുത്ത മേഘങ്ങള്‍ക്കിടയിലിരുന്ന് കുരിശ് വരച്ചു.
ഇനിയും ഇവിടെ നിന്നാല്‍ തന്നെയും മക്കളെയും കൊല്ലുമെന്ന് മേലോടിന്റെ കഷ്‌ണം കൊണ്ട് തോമസ് മുഖത്ത് കുത്തിയ രാത്രിയില്‍ ഉറപ്പായപ്പോള്‍ മീന മക്കളെയും കൊണ്ട് വീട്ടിലേക്ക് തിരിച്ചുപോയി. കുടുംബജീവിതം ഉണ്ടായിട്ടില്ലാത്ത മീനയുടെ അമ്മ മകള്‍ക്കും ഈ വിധി വന്നല്ലോയെന്ന് തലയില്‍ തല്ലിയ നേരത്ത് തോമസ് വീട്ടിലേക്ക് കയറിവന്ന് തെറിവിളിക്കുകയും മീനയെ തല്ലുകയും അമ്മമ്മയെ തള്ളിയിടുകയും ചെയ്‌തു. നിലത്തിരിക്കുന്നുണ്ടായിരുന്ന ഡാനിയുടെ മുഖത്തേക്ക് അയാള്‍ മുളകുപൊടി വിതറാന്‍ നോക്കുമ്പോള്‍ മേശയ്‌ക്ക് മുകളില്‍ വെച്ച കറിക്കത്തി ജോസിന്റെ കയ്യിലേക്ക് ചാടിക്കയറി, ‘കൊല്ലെടാ അവനെ...' എന്ന് അലറിവിളിച്ചു. അലര്‍ച്ചയുടെ ശക്തിയില്‍ കറിക്കത്തി അവന്റെ ഉള്ളംകയ്യില്‍ കിടന്ന് വിറച്ചു. ഉറ്റവരുടെ നിലവിളി അവന്റെ കാതിലും മനസ്സിലും നിറഞ്ഞു. കറിക്കത്തി അവനെ തോമസിനടുത്ത് എത്തിച്ചു. തല പിടിക്കാന്‍ തിരിഞ്ഞ തോമസിന്റെ വയറ്റില്‍ അവന്‍ കത്തി മൂന്ന് വട്ടം തുടരെത്തുടരെ കയറ്റി. വെള്ളക്കൊട്ടയില്‍ സൂചി കുത്തിയാല്‍ വെള്ളം പുറത്തുചാടുന്നത് പോലെ ചോര അയാളുടെ വയറില്‍നിന്ന് പുറത്തേക്ക് തെറിച്ചു. അമ്മയുടെയും അമ്മമ്മയുടെ നിലവിളിയുടെ കാരണം ഭയത്തില്‍നിന്ന് മറ്റൊന്നായപ്പോള്‍ അവന്‍ ഇരുട്ടിലേക്ക് ഇറങ്ങിയോടി.
കഥ മനസ്സില്‍ കൊത്തിയപ്പോള്‍ മുസ്‌തഫ ജോസിന്റെ ചുമലില്‍ പിടിച്ചു.
ജോസിന് ആശ്വാസമുണ്ടായി.
അങ്ങനെ മുസ്‌തഫയ്‌ക്ക് അവിടെനിന്ന് ഒരാളുണ്ടായി.
അത് രണ്ടാമത്തെ ഘട്ടം.
ജോസ് കഥ പറഞ്ഞതിന്റെ രണ്ടാം ദിവസം, അരക്കെട്ടിലെ വട്ടച്ചൊറിയില്‍ ചൊറിഞ്ഞുകൊണ്ടിരുന്നപ്പോള്‍ അയൂബിന് കാമത്തിന്റെ രസം പിടിച്ചു. അയാള്‍ക്ക് രോമാഞ്ചമുണ്ടായി. ശിശുവിന്റെ മുഖഭാവമുള്ള ജോസിനെ കൊണ്ടുപോകാന്‍ അയാള്‍ മുറിയിലെത്തി. അവനെ ചുമലില്‍ പിടിച്ചെഴുന്നേല്‍പ്പിച്ച് അയാള്‍ കൊണ്ടുപോകാനൊരുങ്ങിയതാണ്, പുലര്‍ക്കാറ്റില്‍ മേല്‍ക്കൂരയില്‍നിന്ന് പൊട്ടിയടര്‍ന്ന സിമന്റ് കട്ട ഇടങ്കൈയിലെടുത്ത് മുസ്‌തഫ അയാളുടെ തലയ്‌ക്ക് പിറകില്‍ ആഞ്ഞൊന്നുകൊടുത്തു. ‘അള്ളാ'യെന്ന് കരഞ്ഞുകൊണ്ട് അയാള്‍ നിലത്തേക്ക് വീണു. തല തടവിക്കിടക്കവെ അടിച്ചത് മുസ്‌തഫയാണെന്ന് അയാള്‍ക്ക് തല തിരിഞ്ഞു. അയാള്‍ വർധിതകോപത്തോടെ എഴുന്നേല്‍ക്കവെ മുസ്‌തഫയ്‌ക്ക് ചുറ്റിലും ജോസും ജോസിനെ പോലെ അറിയാതെ കുറ്റം ചെയ്‌തുപോയ കുട്ടികളും നിരന്നുനിന്നു. അവര്‍ക്കെല്ലാം ശിശുഭാവമുള്ളത് അയൂബ് കണ്ടു. അയാള്‍ അടിക്കുന്നതിന് മുമ്പേ ഉറുമ്പിന്‍കൂട്ടങ്ങളെ പോലെ അവര്‍ അയാളെ പൊതിഞ്ഞു. അയാള്‍ക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. സുഖത്തില്‍നിന്ന് അകന്നുപോയ ആസ്‌തമ അയാളിലേക്ക് തിരിച്ചുവന്നു. ‘അടിക്കല്ലേ.. അടിക്കല്ലേ'യെന്ന് കരഞ്ഞുകൊണ്ട് അയാള്‍ ആയുസ്സും കൂട്ടിപ്പിടിച്ച് സ്വന്തം മുറിയിലേക്ക് തിരിഞ്ഞോടി.
അയൂബിനെ തല്ലിയതിന് മുസ്‌തഫയ്‌ക്കോ കൂടെ കൂടിയവര്‍ക്കോ ശിക്ഷയൊന്നും ഉണ്ടായില്ല.
അയാള്‍ക്കെതിരെ പരാതികള്‍ മുമ്പുതന്നെ ഏറെ കിട്ടിയിരുന്നതുകൊണ്ട് മുകള്‍ത്തട്ടില്‍ രഹസ്യമായി അന്വേഷണം നടത്തുന്നുണ്ടായിരുന്നു. അതിന്റെ റിപ്പോര്‍ട്ട് മേലധികാരികള്‍ക്ക് നല്‍കിയതിന്റെ എട്ടാം ദിവസമായിരുന്നു ജുവനൈല്‍ ഹോമില്‍ പ്രശ്‌നമുണ്ടായത്. ഈ പ്രശ്‌നത്തിന്റെ കാരണവും അതിനോട് ചേര്‍ത്തുവെച്ചതോടെ അയൂബിനെ ആറ് മാസത്തേക്ക് സർവീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്‌തു. അയാളുടെ ആയുസ്സ് ആ ആറ് മാസം വരെയേ ഉണ്ടായുള്ളൂ.
ചിത്രീകരണം: കെ പി മുരളീധരൻ
നാട്ടുകാരാലും വീട്ടുകാരാലും വെറുക്കപ്പെട്ട അയാള്‍ സമാധാനത്തിന് മദ്യത്തിലും പുകവലിയിലും അഭയം തേടി. അത് അയാളെ കൂടുതല്‍ ശ്വാസം മുട്ടിച്ചു. ശ്വാസകോശം വില്ലനെ പോലെ നില്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ക്കൊന്നും ചെയ്യാന്‍ തോന്നാതെയായി.
അയാള്‍ക്ക് കുടിക്കാനോ കഴിക്കാനോ വിചാരമില്ലാതെയായി. സ്വതവേ മെലിഞ്ഞ അയൂബ് വെറും എല്ലും തോലുമായി.
സസ്‌പെന്‍ഷന്‍ തീരാന്‍ നാല് ദിവസമുള്ളപ്പോള്‍ അയാളുടെ ആയുസ്സെത്തി.
അയാള്‍ മൊഗ്രാലിലെ നദീതീരത്ത് മരിച്ചുകിടന്നു.
അയൂബിന് സസ്‌പെന്‍ഷന്‍ കിട്ടിയതോടെ ജുവനൈല്‍ ഹോമില്‍ നായകനും വില്ലനും ഇടകലര്‍ന്ന ഒരു പരിവേഷം മുസ്‌തഫയില്‍ വന്നുചേര്‍ന്നു.
അവനോടും അവന്റെ കൂടെയുള്ളവരോടും വാക്‌തര്‍ക്കത്തിനോ തല്ലുംപിടിക്കോ ആരും നില്‍ക്കാതെയായി.
വിഷുവിന്റെ തലേന്ന് വൈകുന്നേരം മുസ്‌തഫ ജുവനൈല്‍ ഹോമില്‍ നിന്ന് പുറത്തിറങ്ങി.
അവിടെ നിന്നിറങ്ങുന്ന കുട്ടികളില്‍ കണ്ണ് വെച്ച് പുറത്ത് ഒരു സാമ്രാജ്യം തന്നെ നില്‍പ്പുണ്ടായിരുന്നു.
കവര്‍ച്ച നടത്താന്‍
കഞ്ചാവ് വിതരണം ചെയ്യാന്‍
ഭിക്ഷയാടനത്തിന്റെ തലവനാകാന്‍...
അങ്ങനെയുള്ളതായ വഴിയിലേക്ക് തന്നെയാവും താനും എത്തിപ്പെടുകയെന്ന് മുസ്‌തഫയ്‌ക്ക് ഉറപ്പായിരുന്നു.
ചിത്രീകരണം: കെ പി മുരളീധരൻ
‘ആരാവാം തന്നെ ചൂണ്ടയിട്ടിരിക്കുന്നത്..!'
ജുവനൈല്‍ ഹോമില്‍നിന്ന് പുറത്തേക്ക് നടക്കവെ അവന്‍ ആലോചിച്ചത് അതായിരുന്നു. ചുറ്റിലും വിഷുവിന്റെ പടക്കങ്ങള്‍ പൊട്ടുന്നതിന്റെ ഒച്ച ഉയരുന്നുണ്ടായിരുന്നു. അയൂബ് ആദ്യമായി തന്നെ തല്ലിയ നേരത്ത് ജനലിലൂടെ കണ്ണ് കണ്ടുപിടിച്ച വീട്ടിലേക്ക് പോകാന്‍ അവന് ബോധമുണ്ടായി. ഒന്നും ആലോചിക്കാതെ അവന്‍ ജുവനൈല്‍ ഹോമിന്റെ പിറകിലേക്ക് നടന്ന് വീടിന് മുന്നിലെത്തി. വീട്ടുമുറ്റത്ത് കുഞ്ഞിനെ സന്തോഷിപ്പിക്കാന്‍ പൂത്തിരി കത്തിക്കുകയും കമ്പിത്തിരി കത്തിക്കുകയും ചെയ്യുന്ന അച്ഛനെയും അതു നോക്കിനില്‍ക്കുന്ന അമ്മയെയും കുഞ്ഞിനെയും അവന്‍ കണ്ടു.
കൈകള്‍ കൊട്ടി കുഞ്ഞ് ചിരിക്കുന്നത് സ്വയം മറന്ന് നോക്കിനില്‍ക്കവെ റോസാപ്പൂവ് പോലെ മൃദുലതയാര്‍ന്ന് ഒരു കൈ വന്ന് മുസ്‌തഫയെ തൊട്ടു... . (തുടരും)










0 comments