അമേരിക്കയിൽ തദ്ദേശ ഗോത്ര വിഭാഗങ്ങളെ പിളര്‍ത്തി കൂറ്റൻ മതിൽ പണിയുന്നു; ട്രംപിന്റെ നടപടിയെ പിന്തുണച്ച് കോടതിയും

വാഷിങ്ടൺ: അമേരിക്കയിലെ തദ്ദേശീയ ഗോത്രവിഭാഗമായ ടൊഹാനോ ഒഓധാം ഗോത്ര ജനവിഭാഗത്തിന്റെ പരമ്പരാഗത ഭൂമിയിൽ കൂറ്റൻ അതിര്‍ത്തി മതിൽ നിര്‍മ്മിക്കാനുള്ള ഡൊണൾഡ് ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് കോടതിയുടെ പച്ചക്കൊടി. അമേരിക്കൻ സ്റ്റേറ്റുകളുടെ പരമ്പരാഗത ഉടമകളായിരുന്ന പ്രാചീന ഗോത്ര ജനവിഭാഗങ്ങൾക്കെതിരായ ക്രൂരമായ അധിനിവേശ നടപടികൾ ചരിത്രമാണ്. നിരന്തരമായ പോരാട്ടങ്ങളുടെ ഫലമായി അവര്‍ക്ക് അനുവദിച്ച് കിട്ടിയ ഭരണഘടനാപരമായ പ്രത്യേകാവകാശങ്ങളാണ് വിധിയിലൂടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.
ഗോത്രവിഭാഗത്തെ വിഭജിച്ച് മതിൽ
ടൊഹോനോ ഒഒധാം (Tohono O'odham Nation) ഗോത്രഭൂമി വിഭജിച്ച് 62 മൈൽ നീളത്തിലാണ് മതിൽ പണിയുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങൾ അടിയന്തരമായി തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഗോത്രവിഭാഗത്തിന്റെ ഹര്‍ജിയാണ് വിഷിങ്ടൺ ഡിസിയിലെ യു എസ് ഡിസ്ട്രിക്റ്റ് ജഡ്ജി തള്ളിയത്. നൂറ്റാണ്ടുകളായി തങ്ങൾ ജീവിക്കുന്ന ഭൂമി മതിൽ കെട്ടി വേര്‍തിരിക്കുന്നത് തങ്ങളുടെ വംശീയവും സാസ്കാരികവുമായ നിലനിൽപിനെ തന്നെ ബാധിക്കുമെന്ന പരമ്പരാഗത ജനവിഭാഗത്തിന്റെ ആശങ്ക തള്ളിയാണ് കോടതി വിധി പുറപ്പെടുവിച്ചത്.
അതിര്‍ത്തി സുരക്ഷ ഉറപ്പാക്കൽ, അനധികൃത കുടിയേറ്റം തടയൽ, പൊതു സുരക്ഷ എന്നീകാര്യങ്ങളിൽ സര്‍ക്കാരിന്റെ താത്പര്യങ്ങൾക്ക് ഗോത്ര വിഭാഗം ഉന്നയിച്ച ആശങ്കകളെക്കാൾ പ്രധാന്യമുണ്ടെന്നാണ് വിധി പ്രസ്താവിച്ച ജഡ്ജി അഭിപ്രായപ്പെട്ടത്.
അരിസോണയിലെ സൊണോറൻ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന 2.8 മില്യൺ ഏക്കർ വിസ്തൃതിയുള്ള പ്രദേശമാണ് ടൊഹോനോ ഒഒധാം റിസർവേഷൻ. ഇതിൽ 62 മൈലോളം മെക്സിക്കൻ അതിർത്തിയുമായി അതിർത്തി പങ്കിടുന്നു. 37,000-ത്തിലധികം അംഗങ്ങളുള്ള ഗോത്രവിഭാഗമാണ്. ഇവരിൽ തന്നെ വലിയൊരു വിഭാഗം ജനങ്ങൾ ഇന്നും മെക്സിക്കോയുടെ ഭാഗത്താണ് താമസിക്കുന്നത്. മതിൽ പണിയുന്നതോടെ ഇവര്‍ പൂര്‍ണമായി വിഭജിക്കപ്പെടും. ഇരുഭാഗത്തും ജീവിക്കുന്ന കുടുംബങ്ങൾ വരെ പരസ്പരം കാണാത്ത വിധം പിളര്‍ക്കപ്പെടും.
'റൂസ്‌വെൽറ്റ് റിസർവേഷൻ'
എന്ന പഴയ ന്യായം
1907-ൽ പ്രസിഡന്റ് തിയോഡോർ റൂസ്‌വെൽറ്റ് യു.എസ്-മെക്സിക്കോ അതിർത്തിയിൽ 60 അടി വീതിയിൽ പൊതുഭൂമി ഒരു ബഫർ സോണായി പ്രഖ്യാപിച്ചിരുന്നു. "റൂസ്‌വെൽറ്റ് റിസർവേഷൻ" എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ രേഖയിലൂടെ ഗോത്രാവകാശങ്ങൾക്ക് മുകളിൽ തങ്ങൾക്കുള്ള അധികാരമാണ് മതിൽ കെട്ടുന്നതിന് ന്യായമായി പ്രയോജനപ്പെടുത്തിയത്.
Related News
അമേരിക്കയിലെ നീതിപീഠം രാഷ്ട്രീയമായി സ്വതന്ത്രമാണെങ്കിലും, ജഡ്ജിമാരെ നാമനിർദ്ദേശം ചെയ്യുന്നത് ഓരോ കാലഘട്ടത്തിലെയും പ്രസിഡന്റുമാരാണ്. വിധി പ്രസ്താവിച്ച ഡിസ്ട്രിക്റ്റ് ജഡ്ജി റിച്ചാർഡ് ലിയോൺ റിപ്പബ്ലിക്കൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷിന്റെ കാലത്ത് നിയമിതനായ ആളാണ്.

ഗോത്ര വര്‍ഗ്ഗ ഭൂമികളെ മതിൽ കെട്ടി വേര്‍തിരിക്കുക എന്നത് റിപ്പബ്ലിക്കൻ പാർട്ടിയുടെയും ഡൊണാൾഡ് ട്രംപിന്റെയും പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നാണ്. തദ്ദേശവാസികളുടെ പരമ്പരാഗതമായ അവകാശങ്ങളെയും സംസ്കാരത്തെയും മറികടന്ന് അതിര്‍ത്തി സുരക്ഷയ്ക്കാണ് ഫെഡറൽ കോടതി മുൻഗണന നൽകിയത്. വിഭജന മതിൽ തങ്ങളുടെ ചരിത്രപരമായ നിലനിൽപ് തന്നെ തകര്‍ക്കുമെന്ന ഭീതിയും ആശങ്കയുമാണ് ടൊഹോനോ ഒഒധാം ജനത ഉന്നയിച്ചത്. പ്രദേശത്തെ മലനിരകൾ പലതും വിശുദ്ധമായും വിശ്വാസപരമായി പ്രധാനപ്പെട്ടതയുമായാണ് ഗോത്ര ജനത കാണുന്നത്. അവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാം പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.










0 comments