ad
Deshabhimani

വരുന്നൂ ബിഎസ്എൻഎൽ 5ജി; കേരളത്തിൽ ഡിസംബറോടെ ലഭ്യമായേക്കും

bsnl 5g ai image
വെബ് ഡെസ്ക്

Published on Aug 15, 2026, 03:13 PM | 2 min read

തിരുവനന്തപുരം : 5ജി സേവനം ആരംഭിക്കാൻ ഒരുങ്ങി ബിഎസ്എൻഎൽ. ഈ വർഷം ഡിസംബറോടെ 5ജി സേവനം ലഭ്യമാക്കാനാണ് ആലോചിക്കുന്നതെന്ന് ബിഎസ്എൻഎൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ആർ സജി കുമാർ അറിയിച്ചു. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച 5ജി നെറ്റ്‌വർക്കിന്റെ പരീക്ഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.


നിലവിലുള്ള 4ജി ശൃംഖല ‘5ജി റെഡി’ ആയതിനാൽ സോഫ്റ്റ്‌വെയർ അപ്ഗ്രേഡ് വഴിയാണ് 5ജിയിലേക്കുള്ള മാറ്റം സാധ്യമാകുകയെന്നും സജി കുമാർ അറിയിച്ചു. ആന്ധ്രാപ്രദേശിലും 5ജി സേവനങ്ങൾ ആരംഭിക്കാനുള്ള പരീക്ഷണങ്ങൾ പുരോഗമിക്കുകയാണെന്നും ആറ് മാസത്തിനുള്ളിൽ സേവനം അവതരിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ബിഎസ്എൻഎൽ ആന്ധ്രാപ്രദേശ് സർക്കിൾ ചീഫ് ജനറൽ മാനേജർ എം. ശേഷാചലം അറിയിച്ചു.


കേരളത്തിൽ ഏകദേശം 86 ലക്ഷം ബിഎസ്എൻഎൽ വരിക്കാരുണ്ട്. സംസ്ഥാനത്തെ ഏകദേശം 7,200 4ജി മൊബൈൽ ടവറുകൾ എളുപ്പത്തിൽ 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. രാജ്യത്താകെ 4ജി ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായി 26,300 പുതിയ മൊബൈൽ ടവറുകൾ സ്ഥാപിക്കുണ്ട്. ഇതും കേരളത്തിലെ 5ജി അപ്​ഗ്രഡേഷന് സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.


സംസ്ഥാനത്ത് മൊബൈൽ കവറേജ് കുറഞ്ഞ പ്രദേശങ്ങളിൽ 323 പുതിയ ടവറുകളും ലക്ഷദ്വീപിൽ 37 ടവറുകളും സ്ഥാപിക്കും. രാവിലെ 11 മുതൽ 12 വരെയുള്ള ഉയർന്ന ഉപയോഗ സമയത്തെ തിരക്ക് കൈകാര്യം ചെയ്യാൻ സംസ്ഥാനത്തെ IMS (IP Multimedia Subsystem) ശേഷിയും വർധിപ്പിച്ചതായി ബിഎസ്എൻഎൽ പറഞ്ഞു.


സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ‘Re 1 Freedom 2.0’, പ്രതിമാസം 1,111 രൂപയുടെ ‘Fibre Freedom Plan’, വാർഷിക പ്രീപെയ്ഡ് പ്ലാനുകൾക്ക് അധിക വാലിഡിറ്റി തുടങ്ങിയ പ്രത്യേക ഓഫറുകളും ബിഎസ്എൻഎൽ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ഉപഭോക്താക്കൾക്ക് ഒരു രൂപയ്ക്ക് 24 ദിവസത്തെ കാലാവധിയോടെ പ്രതിദിനം 1 ജിബി ഡാറ്റ, 100 എസ്‌എംഎസ്, അൺലിമിറ്റഡ് വോയ്സ് കോളുകൾ എന്നിവ ലഭിക്കും. ‘Fibre Freedom’ പ്ലാൻ പ്രതിമാസം 1,111 രൂപയ്ക്കാണ് അവതരിപ്പിച്ചത്. പരമാവധി 200 Mbps വേഗത, 5,000 ജിബി പ്രതിമാസ ഡാറ്റ, 25ലധികം പ്രീമിയം ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം എന്നിവയാണ് ഇതിന്റെ പ്രത്യേകതകൾ.


പുതുക്കിയ ‘BSNL Selfcare New’ മൊബൈൽ ആപ്പും കമ്പനി പുറത്തിറക്കി. റീചാർജ്, ബിൽ പേയ്മെന്റ്, പരാതി നൽകലും ട്രാക്കിങ്ങും, DND നിയന്ത്രണം, ഫൈബർ ബുക്കിങ്, AI ചാറ്റ്ബോട്ട്, വോയ്സ് സെർച്ച്, ഒന്നിലധികം അക്കൗണ്ടുകളുടെ നിയന്ത്രണം തുടങ്ങിയ സേവനങ്ങൾ ആപ്പിലൂടെ ലഭിക്കും. Tango TVയുടെ സഹായത്തോടെ ഏകദേശം 500 ലൈവ് ടിവി ചാനലുകളും മൊബൈൽ ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭ്യമാക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home