ad
Deshabhimani

കവർസ്റ്റോറി

ഈ യുദ്ധം ബാലിന് വേണ്ടിയുള്ള പ്രതികാരമോ?

ബുക്ക്‌
avatar
ദീപാ ഡേവിഡ്

Published on Aug 15, 2026, 03:13 PM | 5 min read

ഴിഞ്ഞ ഫെബ്രുവരി 11ന് ഇറാനിലെ പല നഗരങ്ങളിലും ഇസ്ലാമിക വിപ്ലവത്തിന്റെ 47-‐ാം വാർഷികവുമായി ബന്ധപ്പെട്ട് ഇറാൻ സർക്കാർ പ്രകടനങ്ങളും റാലികളും സംഘടിപ്പിക്കുകയുണ്ടായി. ടെഹ്റാനിലെ ആസാദി സ്‌ക്വയറിൽ നടന്ന ഇത്തരമൊരു പ്രകടനത്തിൽ പ്രതിഷേധക്കാർ മാടിന്റെ മുഖവും കാലുകളുമുള്ള പുരാതന ദൈവമായ ബാലിന്റെ കോലത്തിന് ചുറ്റും ഒത്തുകൂടി.

ആ കോലത്തിൽ ഇസ്രയേൽ പതാകയിലുള്ള ദാവീദിന്റെ നക്ഷത്രം പതിച്ചിരുന്നു. സെമിറ്റിക് മതക്കാർ സാത്താന്റെ സംഖ്യ എന്ന് വിശ്വസിക്കുന്ന 666 അതിനു താഴെയുണ്ടായിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും യുഎസ് പ്രസിഡന്റ്‌ ഡോണൾഡ് ട്രംപിന്റെയും ചിത്രം ഒട്ടിച്ചിരുന്നു. ‘ഇസ്രയേലിനു മരണം’, ‘യുഎസിന് മരണം’ എന്നാക്രോശിച്ചുകൊണ്ട് പ്രകടനക്കാർ ഈ കോലത്തിന് തീയിട്ടു. ബാലിന്റെ രൂപം കത്തിയെരിയുന്ന ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിലൂടെ ലോകത്തെല്ലായിടത്തുമുള്ളവർ കണ്ടു.

ഇറാനിലെ മിനാബിൽ പെൺകുട്ടികളുടെ പ്രാഥമിക വിദ്യാലയത്തിൽ നടന്ന സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ടവരെ അടക്കം ചെയ്യുന്നതിനിടെ വിലപിക്കുന്ന ഇറാനിയൻ സ്ത്രീ   ഇറാനിലെ മിനാബിൽ പെൺകുട്ടികളുടെ പ്രാഥമിക വിദ്യാലയത്തിൽ നടന്ന സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ടവരെ അടക്കം ചെയ്യുന്നതിനിടെ വിലപിക്കുന്ന ഇറാനിയൻ സ്ത്രീ

ഇറാൻകാർ ബാൽ ദേവനെ കത്തിച്ചത് ഒരു യുദ്ധപ്രഖ്യാപനമായിട്ടാണ് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു കണ്ടത് എന്ന് ചില മധ്യപൂർവേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഈ സംഭവത്തിന് ശേഷം ഏതാനും ദിവസങ്ങൾക്കകം, ഫെബ്രുവരി 28-‐ന് ഇറാനെ ഇസ്രയേലും യുഎസും ചേർന്ന് ആക്രമിക്കുകയും ആഴ്‌ചകൾ നീളുന്ന ആക്രമണപരമ്പരകൾക്ക് തുടക്കമാകുകയും ചെയ്‌തു.

ഒരു പ്രാകൃത ദൈവത്തിന്റെ കോലം കത്തിക്കുന്നതുകണ്ട്‌ യഹോവയെ ആരാധിക്കുന്ന ഇസ്രയേലിലെ ജൂതന്മാരും ക്രിസ്തുവിനോട് പ്രാർഥിക്കുന്ന യുഎസിലെ ക്രിസ്ത്യാനികളും ഏതാനും ഷിയ മുസ്ലീങ്ങളും പ്രകോപിതരായതാണോ ഈ യുദ്ധത്തിന് കാരണം? അതെ എന്നാണ് ചില ഓൺലൈൻ ദോഷൈകദൃക്കുകൾ പറയുന്നത്. അവർ പറയുന്നതിൽ കഴമ്പുണ്ടോ എന്നറിയണമെങ്കിൽ ബാൽ ദേവൻ ആരെന്ന് അറിയണം. ആധുനികകാലത്തെ ചില സംഭവങ്ങളുമായി ഈ പ്രാകൃതദൈവത്തിന് എന്താണ് ബന്ധം എന്നറിയണം.

ആരാണ് ബാൽ?

പ്രവാചകനായ മോശയുടെ നേതൃത്വത്തിൽ ഈജിപ്തിലെ അടിമത്തത്തിൽനിന്ന് രക്ഷപ്പെട്ട് അന്ന് കാനാൻ (ഇന്നത്തെ ഇസ്രയേൽ-‐പലസ്‌തീൻ) എന്ന വാഗ്ദത്ത ദേശത്തെത്തിയ ജൂതർ, പ്രദേശവാസികളായ കാനാൻകാരെ തോൽപ്പിച്ച് ആ പ്രദേശം സ്വന്തമാക്കിയ കഥ ബൈബിളിലെ പഴയ നിയമത്തിലുള്ള പുറപ്പാട് പുസ്‌തകത്തിൽ വായിക്കാം. അന്ന് ജൂതർ തോൽപ്പിച്ച കാനാൻകാരുടെ ദൈവമായിരുന്നു ബാൽ. ഉർവരതയുടെയും കൊടുങ്കാറ്റിന്റെയും ദേവനായ ബാലിനെ പ്രീതിപ്പെടുത്താൻ ഭക്തർ നവജാതശിശുക്കളെ ബലി കൊടുക്കാറുണ്ടായിരുന്നു.

‘കാർത്തീജ്’ എന്ന് വിളിച്ചിരുന്ന, ആധുനിക ടുണീഷ്യയിൽ ഫലഭൂയിഷ്ഠതയ്‌ക്ക്‌ വേണ്ടി ടോഫറ്റ് എന്ന് വിളിക്കപ്പെടുന്ന ഇടങ്ങളിൽ കുഞ്ഞുങ്ങളെ ബാൽ ദേവന് ബലി കൊടുക്കാറുണ്ടായിരുന്നു എന്ന് പുരാതനഗ്രന്ഥങ്ങൾ സൂചിപ്പിക്കുന്നു. ടുണീഷ്യയിൽ നടത്തിയ ഖനനങ്ങളിൽ ബലിയർപ്പിക്കപ്പെട്ട കുഞ്ഞുങ്ങളുടെ അവശിഷ്ടങ്ങളുള്ള ഇത്തരം ടോഫറ്റുകൾ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. യുകെയിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഡോക്ടർ ജോസഫ് ക്വിൻ അടക്കമുള്ളവർ ഗവേഷണം നടത്തി ‘ആന്റിക്വിറ്റി’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഈ വിവരങ്ങൾ ശരിവയ്‌ക്കുന്നത്. ആളിക്കത്തുന്ന അഗ്നിയുടെ നടുക്കുള്ള ബാലിന്റെ വെങ്കലപ്രതിമയുടെ കൈകളിലേക്ക് ഏതാനും ആഴ്‌ചകൾ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ വച്ചുകൊടുക്കുകയാണ് ചെയ്‌തിരുന്നത്.

‘ബാൽ’ എന്നാൽ ഹീബ്രു ഭാഷയിൽ യജമാനൻ എന്നാണ് അർഥം. ബാൽ ഹദാദ്, ബാൽ ഹമ്മോൻ, ബാൽ സെബൂബ്, ബാൽ ഷമീം എന്നിങ്ങനെ പലയിടങ്ങളിൽ പല പേരുകളിലാണ് ബാൽ അറിയപ്പെട്ടിരുന്നത്. കാനാൻകാരെ കീഴ്പ്പെടുത്തിയതിന് ശേഷവും ജൂതന്മാർ അവരുടെ ഇടയിൽത്തന്നെയാണ് താമസിച്ചിരുന്നത് എന്നതുകൊണ്ടുതന്നെ ജൂതദൈവമായ യഹോവയുടെ എതിരാളിയും പിശാചുക്കളുടെ തലവനുമായി ജൂതരുടെ നേതാക്കൾ ബാലിനെ കണക്കാക്കി.

മിനാബിൽ സ്‌കൂളിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങിൽ  ഒത്തുകൂടിയവർമിനാബിൽ സ്‌കൂളിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങിൽ ഒത്തുകൂടിയവർ

യഹോവയിൽ വിശ്വസിച്ചിരുന്ന യഹൂദരും പിന്നീട് ബാലിനെ ആരാധിക്കാൻ തുടങ്ങുകയും ഇത് യഹോവയുമായുള്ള ഉടമ്പടിയുടെ ലംഘനമായി അവരുടെ പ്രവാചകന്മാർ കണക്കാക്കുകയും ചെയ്‌തു. ബൈബിൾ പഴയനിയമത്തിലെ ജെറമിയായുടെ പുസ്‌തകത്തിൽ ഈ ബാൽ ആരാധനക്കെതിരെ യഹൂദരുടെ ദൈവമായ യഹോവ താക്കീത് നൽകുന്നതായി വായിക്കാം:

“യഹൂദാരാജാക്കന്മാരും ജെറുശലേം നിവാസികളുമേ, യഹോവയുടെ വചനം കേൾക്കുക. ഇസ്രയേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിചെയ്യുന്നു: ഞാൻ ഈ സ്ഥലത്തിന്മേൽ ഒരു അനർഥം വരുത്താൻപോകുന്നു. അതു കേൾക്കുന്ന എല്ലാവരുടെയും കാതുകളിൽ അതു പ്രതിധ്വനിച്ചുകൊണ്ടേയിരിക്കും. അവർ എന്നെ ഉപേക്ഷിച്ച് ഈ സ്ഥലത്തെ അശുദ്ധമാക്കിയിരിക്കുന്നു; അവരോ അവരുടെ പൂർവികരോ യഹൂദാരാജാക്കന്മാരോ ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത അന്യദേവതകൾക്ക് ഇവിടെവച്ചു യാഗം കഴിക്കുകയും ഈ സ്ഥലത്തെ നിഷ്‌കളങ്കരുടെ രക്തംകൊണ്ടു നിറയ്‌ക്കുകയും ചെയ്‌തിരിക്കുന്നു. അവരുടെ പുത്രന്മാരെ തീയിൽ ദഹിപ്പിച്ച് ബാലിനു ദഹനയാഗം കഴിക്കാനുള്ള ക്ഷേത്രങ്ങൾ നിർമിക്കുകയും ചെയ്‌തിരിക്കുന്നു. അതു ഞാൻ അവരോടു കൽപ്പിക്കുകയോ അരുളിചെയ്യുകയോ ചെയ്‌തിട്ടില്ല, അത് എന്റെ മനസ്സിൽ വന്നിട്ടുമില്ല. അതുകൊണ്ട് ഈ സ്ഥലം ഇനിമേൽ ‘തോഫെത്ത്’ എന്നോ ‘ബെൻ-ഹിന്നോം താഴ്‌വര’ എന്നോ വിളിക്കപ്പെടാതെ ‘കശാപ്പുതാഴ്‌വര’ എന്നറിയപ്പെടുന്ന നാളുകൾ വരും എന്ന് യഹോവ മുന്നറിയിപ്പുനൽകുന്നു.” (ജെറമിയ 19: 3-6)

ജൂതമതത്തിൽനിന്നും പിറവിയെടുത്ത ക്രിസ്‌തുമതത്തിലും ദൈവത്തിന്റെ എതിരാളിയായ സാത്താൻ ആയിട്ടാണ് ബാലിനെ ചിത്രീകരിക്കുന്നത്. യാഥാസ്ഥിതിക യഹൂദനിയമങ്ങളെ വെല്ലുവിളിച്ചിരുന്ന യേശു, പിശാചുക്കളുടെ തലവനായ ബെൽസെബൂലിനെക്കൊണ്ടാണ് ആളുകളുടെ പിശാചുബാധ ഒഴിപ്പിക്കുന്നത് എന്ന് മതപണ്ഡിതർ ആരോപിച്ചതായി ഒന്നിലധികം സുവിശേഷപുസ്‌തകങ്ങളിലുണ്ട്. ഇവിടെ പ്രത്യേകം ഓർക്കേണ്ട ഒരു കാര്യം ഈ പ്രദേശങ്ങളിലുള്ളവർ ബാലിന് മാത്രമല്ല കുഞ്ഞുങ്ങളെ ബലി കൊടുത്തിരുന്നത് എന്നതാണ്. മറ്റൊരു പ്രാകൃത ദൈവമായ മൊളോക്ക്, റ്റിന്നറ്റ് എന്ന ദേവത, എന്തിന് യഹൂദരുടെ ദൈവമായ യഹോവയ്‌ക്കുപോലും കുഞ്ഞുങ്ങളെ ബലി കൊടുത്തിരുന്നതായി പഴയനിയമം അടക്കമുള്ള പുരാതനഗ്രന്ഥങ്ങളിൽ കാണാവുന്നതാണ്.


ആധുനിക ലോകത്തെ

സാത്താൻ ആരാധനയും

ശിശുബലിയും

ഇന്ന് ഈ ലോകത്തിന്റെ ഗതി നിയന്ത്രിക്കുന്ന സമ്പന്നരും രാഷ്‌ട്രീയ നേതാക്കളും കലാകാരന്മാരും സാത്താൻ ആരാധകരും മനുഷ്യമാംസം ഭക്ഷിക്കുന്നവരുമാണെന്ന് വിശ്വസിക്കുന്നവരുണ്ട്, ബാൽ എന്ന ദൈവം അവരുടെ ആരാധനാമൂർത്തി ആണെന്നും. ബാൽ ദേവനെയും മൊളോക്ക്, ലൂസിഫർ തുടങ്ങിയ ദേവന്മാരെയും പ്രീതിപ്പെടുത്താൻ വേണ്ടി പിഞ്ചുകുഞ്ഞുങ്ങളെ ലൈംഗികമായി ഉപയോഗിക്കുകയും പീഡനങ്ങൾ ഏൽപ്പിച്ച് കൊല്ലുകയും ഇവരുടെ മാംസം ഭക്ഷിക്കുകയും രക്തം കുടിക്കുകയും ചെയ്യാറുണ്ടെന്നാണ് ഗൂഢാലോചനാ സിദ്ധാന്തക്കാർ പറയുന്നത്. ഇത്തരം ചില കാര്യങ്ങൾ എപ്സ്റ്റീന്റെ ഉടമസ്ഥതയിലായിരുന്ന ലിറ്റിൽ സെന്റ് ജെയിംസ് ദ്വീപിൽ നടന്നിരുന്നു എന്ന്, പുറത്തുവന്ന എപ്‌സ്‌റ്റീൻ ഫയലുകളിൽ ഉള്ള സൂചനകളുടെ അടിസ്ഥാനത്തിൽ ചിലർ വാദിക്കുന്നു.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ‘ബാൽ’ എന്ന ഒരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 11,000 ഡോളർ അയയ്‌ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ജെ പി മോർഗൻ ബാങ്കിലെ ഒരാൾക്ക് എപ്‌സ്‌റ്റീൻ അയച്ച മെയിൽ ആണ്. കൂടാതെ എപ്സ്റ്റീൻ ദ്വീപിൽ ഉണ്ടായിരുന്ന ആരാധനാലയം എന്ന് തോന്നിക്കുന്ന ദുരൂഹമായ കെട്ടിടവും ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്ക് ആക്കം കൂട്ടി. സൗണ്ട്-പ്രൂഫ് ചെയ്‌തിട്ടുള്ള ഈ കെട്ടിടം ശിശുബലി നടത്താനാണ് ഉപയോഗിച്ചിരുന്നത് എന്നായിരുന്നു ചിലർ കണ്ടെത്തിയത്.


എന്നാൽ മെയിലിലെ ബാൽ എന്ന പേര് വെറും അക്ഷരപ്പിശകാണ് എന്നാണ് നിരീക്ഷകരുടെ പക്ഷം. എപ്സ്റ്റീന്റെ ദ്വീപിലുണ്ടായിരുന്ന കെട്ടിടമാകട്ടെ, ഒരു മ്യൂസിക് പവിലിയൻ ആയിരുന്നത്രേ.

ഇത്തരം ശിശുബലികളെപ്പറ്റി വിശ്വസനീയമായ ചില വെളിപ്പെടുത്തലുകളും ഉണ്ടായിട്ടുണ്ട്. 2017-‐ൽ, ഡച്ച് ബാങ്കർ ആയിരുന്ന റൊണാൾഡ് ബെർണാഡ്, ബാങ്കിങ് രംഗത്തെ ഉന്നതർ ആചാരപരമായ ശിശുബലിയിൽ ഏർപ്പെടാറുണ്ട് എന്ന് ഡിവിഎം ടിവിയുമായി നടത്തിയ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇത്തരമൊരു ശിശുബലിയിൽ പങ്കെടുക്കാൻ തനിക്ക് ക്ഷണം ലഭിച്ചു എന്നും എന്നാൽ താൻ അത് നിരസിച്ചു എന്നും ആയിരക്കണക്കിന് വർഷങ്ങളായി ഉന്നതർ ശിശുബലി നടത്തുന്നുണ്ട് എന്നും അദ്ദേഹം ആ അഭിമുഖത്തിൽ പറയുകയുണ്ടായി. ഈ അഭിമുഖം യൂട്യൂബിൽ നമുക്ക് ഇന്നും കാണാൻ സാധിക്കും.

2000-‐ൽ എപ്സ്റ്റീന്റെ ആഡംബരബോട്ടിൽ വച്ച് താൻ ഒരു ശിശുബലിക്ക് സാക്ഷിയായതായി അജ്ഞാതനായ ഒരു വ്യക്തി എഫ്ബിഐക്ക് അയച്ച ഇ -മെയിൽ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ രേഖകളിലുണ്ട്. എന്നാൽ ഇതിന് തെളിവുകളൊന്നും നൽകാൻ ആ വ്യക്തിക്ക് സാധിച്ചില്ല എന്നതുകൊണ്ട് തന്നെ അതിനെപ്പറ്റി കൂടുതൽ അന്വേഷണങ്ങളും നടന്നില്ല.


ശിശുഹത്യകൾ
പ്രാകൃതബലികളോ?

അമേരിക്ക നടത്തുന്ന ആക്രമണങ്ങളിൽ അവർ ഉറപ്പുവരുത്തുന്ന ഒരു കാര്യം കൃത്യതയാണ്. ഇറാന്റെ പരമോന്നത നേതാവായ ഖമനെയിയെ ഇത്തരം കൃത്യതയാർന്ന ഒരു നീക്കത്തിലൂടെയാണ് അവർ വധിച്ചത്. എന്നാൽ ഇറാനിൽ അവർ ആദ്യം ആക്രമിച്ചത് പെൺകുട്ടികൾ പഠിക്കുന്ന ഒരു സ്‌കൂൾ ആയിരുന്നു.

ആക്രമണഭീഷണിയെ തുടർന്ന് സ്‌കൂൾ അടയ്‌ക്കുകയാണ്, കുട്ടികളെ വന്നു കൊണ്ടുപോകണം എന്ന മുന്നറിയിപ്പ് 10 മണിക്ക് സ്‌കൂളിൽ നിന്നും മാതാപിതാക്കൾക്ക് ലഭിച്ചു. പക്ഷേ മാതാപിതാക്കൾ സ്‌കൂളിൽ എത്തുന്നതിന് മുമ്പ് തന്നെ, അതായത് മിനിറ്റുകൾക്കകം തന്നെ സ്‌കൂൾ ആക്രമിക്കപ്പെട്ടു.

ആദ്യത്തെ മിസൈൽ വീണപ്പോൾ കുട്ടികൾക്ക് ആപത്തൊന്നും സംഭവിച്ചിരുന്നില്ല. പ്രിൻസിപ്പൽ കുട്ടികളെ മറ്റൊരു കെട്ടിടത്തിലെ ഒരു പ്രാർഥനാലയത്തിലേക്ക് മാറ്റുകയായിരുന്നു. ടോമഹോക് മിസൈലുകളാണ് ഈ സ്കൂൾ ആക്രമണത്തിന് ഉപയോഗിച്ചത്. ജിപിഎസും ആശയവിനിമയ സംവിധാനങ്ങളും ക്യാമറയുമെല്ലാം ഘടിപ്പിച്ചിട്ടുള്ള ടോമഹോക്ക് മിസൈലുകൾക്ക് ഒരു പ്രത്യേകതയുണ്ട്. മനുഷ്യർ നീങ്ങുന്നത് കൃത്യമായി തിരിച്ചറിഞ്ഞ്‌ അവിടേക്ക് വന്നു പതിക്കും. ആദ്യ മിസൈൽ പതിച്ചതിന് ശേഷം വന്ന രണ്ട് ടോമഹോക് മിസൈലുകൾ കുട്ടികൾ ഓടുന്നത് കൃത്യമായി തിരിച്ചറിഞ്ഞ് അവിടേക്ക് തന്നെ വന്നു പതിച്ചു. തീഗോളങ്ങളായി പൊട്ടിത്തെറിച്ചു. ഏകദേശം 170 പെൺകുഞ്ഞുങ്ങൾ വെന്തുമരിച്ചു. ഈ ആക്രമണം അബദ്ധത്തിൽ സംഭവിച്ചതാണ് എന്നാണ് പിന്നീട് അമേരിക്കൻ ഉദ്യോഗസ്ഥർ അവകാശപ്പെട്ടത്.


ആക്രമണങ്ങളിൽ കൃത്യതയ്‌ക്ക്‌ അത്രമാത്രം പ്രാധാന്യം കൊടുക്കുന്ന അമേരിക്ക എന്തുകൊണ്ട് ആദ്യം ഖമനെയിയെ ലക്ഷ്യം വയ്‌ക്കാതെ പെൺകുട്ടികൾ പഠിക്കുന്ന ഒരു സ്‌കൂളിനെ ലക്ഷ്യമിട്ടു? ഈ ആക്രമണം ബാലിനുള്ള ദഹനബലിയായിരുന്നു എന്നും ഇറാൻകാരുടെ ബാൽ നിന്ദയ്‌ക്കുള്ള പ്രായശ്ചിത്തമായിരുന്നു എന്നും വാദിക്കുന്നവരുണ്ട്. ഈ വാദം ഒട്ടും പുതിയതുമല്ല. ഗാസയിലും മറ്റ് സമാന സംഘർഷമേഖലകളിലും കുഞ്ഞുങ്ങളെ നിരന്തരം വെന്തുമരിക്കാൻ വിടുന്നത് ഒരുതരം പ്രാകൃത ശിശുബലിയാണ് എന്ന് ഗൂഢാലോചനാ സിദ്ധാന്തക്കാർ വർഷങ്ങളായി ആരോപിക്കുന്നുണ്ട്.

ഗൂഢാലോചനാ സിദ്ധാന്തങ്ങളിൽ പലതും സത്യമെന്ന് തെളിയിക്കപ്പെടുന്ന ഇക്കാലത്ത്, സത്യത്തിനും മിഥ്യക്കുമിടയിലെ രേഖ വളരെ നേർത്തതാണ്. എങ്കിലും ഒരു കാര്യം സന്ദേഹമില്ലാതെ പറയാം. ഇന്ന് നടക്കുന്ന ഭൗമരാഷ്‌ട്രീയ സംഘർഷങ്ങളിൽ കുട്ടികൾ പല രീതിയിലും ഇരകളാക്കപ്പെടുന്നുണ്ട്. ഈ അവസ്ഥയോട് ലോകസമൂഹം പ്രകടിപ്പിക്കുന്ന നിസ്സംഗത, അല്ലെങ്കിൽ പുലർത്തുന്ന നിശ്ശബ്ദത, തീർച്ചയായും പ്രാകൃതവും ക്രൂരവുമാണ് .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home