ad
Deshabhimani

കഥ

പൂക്കൾ പച്ച നിറത്തിൽ

ചിത്രീകരണം: കെ സുധീഷ്‌
avatar
-അശ്വിൻ ചന്ദ്രൻ

Published on Aug 15, 2026, 03:27 PM | 5 min read



പാടിത്തടത്തിലെ വീട്ടിലേക്ക് പോസ്റ്റ്‌മാൻ ഒരു കത്തുമായി

വന്നിട്ടുണ്ടെന്ന് കേട്ടപ്പോൾ എനിക്ക് അത്ഭുതം അടക്കാനായില്ല. ഇൻസ്റ്റയും വാട്‌സാപ്പുമൊക്കെയുള്ള ഇക്കാലത്ത് ഒരു കത്തെഴുതി വിവരം ധരിപ്പിക്കാൻ മാത്രം പഴഞ്ചനായ ഒരു സുഹൃത്തിനെയും എനിക്കപ്പോൾ ഓർത്തെടുക്കാനായില്ല. ആമിയോടൊപ്പം ഏറെ ദിവസമായി ഒരു കറക്കം പ്ലാൻ ചെയ്യുന്നു. തിരക്കൊക്കെയൊഴിഞ്ഞ് ഇന്നാണ് അതിനു നേരം കിട്ടിയത്.

കത്തു വന്ന വിവരം പറയാനായി അമ്മ വിളിക്കുമ്പോൾ, നഗരമധ്യത്തിലെ ഒരു തട്ടുകടയിലിരുന്ന് ഞങ്ങൾ ചായ കുടിക്കുകയായിരുന്നു. എന്നെ വിളിച്ചിട്ട് കിട്ടാത്തതുകൊണ്ടാവണം അമ്മ ആമിയോടാണ് കാര്യം പറഞ്ഞത്. അവളത് എന്നോട് പറയുമ്പോൾ, ചായഗ്ലാസിലെ അവസാന വായയ്‌ക്കായി ഞാൻ കോപ്പയിൽ മൊത്തുകയായിരുന്നു. വാർത്ത കേട്ട വെപ്രാളത്തിൽ ചുണ്ട് അൽപ്പം പൊള്ളിപ്പോയി. എനിക്ക് ആമിയെ

പോലെയോ, അമ്മയെ പോലെയോ ആഹ്ലാദമടക്കി നിർത്താനറിയില്ലായെന്ന് അവർ എത്രയോ വട്ടം പറഞ്ഞത് ഞാനപ്പോളോർത്തുപോയി. പിന്നീടൊരു നിമിഷംപോലും അവിടെയിരിക്കാൻ മനസ്സു വന്നില്ല. ആമിയുടെ ഫോണിൽനിന്നും ഒരു യൂബർ ഓട്ടോ ബുക്ക് ചെയ്‌ത്‌ ഞങ്ങൾ പാടിത്തടത്തിലേക്ക് വച്ചുപിടിച്ചു. അടക്കാനാവാത്ത ആകാംക്ഷ കൊണ്ടോ എന്തോ, വീട് എത്തുന്നതുവരെയും ഓട്ടോയിലിരുന്ന് ഞാൻ എന്റെ വാക്കിങ്‌ സ്റ്റിക്കിൽ താളം പിടിച്ചു. ഇടയ്‌ക്കിടെ മൂക്കിന്റെ തെറ്റത്തേക്ക് വീഴാനായുന്ന

കറുത്ത ചില്ലുള്ള കണ്ണാടിയെ യഥാസ്ഥാനത്തേക്ക് വലിച്ചുകേറ്റി.

വീട്ടുമുറ്റത്തെത്താറായിട്ടും, മുൻവശത്തെ ഗേറ്റ് തുറക്കുന്ന ഒച്ചപ്പാടൊന്നും ഇത്തവണ കേട്ടതേയില്ല. ഞങ്ങളുടെ വരവിന്റെ വേഗത ഊഹിച്ചതുകൊണ്ടാവാം അതൊക്കെ അമ്മ നേരത്തെ തുറന്ന് സെറ്റ് ചെയ്‌തു വച്ചിരുന്നു.

ഓട്ടോയിൽനിന്ന് വീട് കേറിയ പാടെ, ഞാൻ നേരെ മുറിയിലേക്കാണ് നടന്നത്. പുറത്തുപോയി വന്നാൽ സാധാരണയായി ഉണ്ടാകുന്ന അടിവയർ വേദന ഇന്ന് എന്നത്തേക്കാളും കൂടുതലായി തോന്നി. അമിതമായ ആകാംക്ഷ

അളവിൽ കവിഞ്ഞ മൂത്രശങ്കയായാണ് എന്നെ വളഞ്ഞുപിടിക്കാറുള്ളത്.

പതിവില്ലാത്ത ധൃതികൊണ്ടാവണം, ബാത്ത് റൂമിൽനിന്നും തിരിച്ചിറങ്ങുമ്പോൾ കാലിന്റെ ചെറുവിരൽ ചുവരിൽ ഒന്നുടക്കിയെന്നു തോന്നുന്നു. നഖമടർന്നു വിരൽത്തുമ്പിൽ മുട്ടുന്നത് നന്നായി അറിയുന്നുണ്ട്.

ചിത്രീകരണം: കെ സുധീഷ്‌ചിത്രീകരണം: കെ സുധീഷ്‌

എന്നാൽ അതിനെയൊന്നും തീരെ കൂസിയതേയില്ല. ആമിയെ രണ്ടുമൂന്നു തവണയെങ്കിലും മുറിയിലേക്ക് വിളിച്ചുകാണും. മൂന്നാമൂഴത്തിനു മുമ്പുതന്നെ, ചാരിയ വാതിൽ തള്ളിത്തുറന്ന് അവൾ അകത്തേക്ക് വന്നു. ആമി അടുത്തേക്ക് വരുമ്പോൾ, വറുത്ത കായ നുറുക്കിന്റെ മണം മൂക്കിലേക്ക് അടിച്ചുകയറി. അത് മനസ്സിലാക്കിയതുകൊണ്ടാവണം, കൈയിലെ പ്ലേറ്റിൽ

കരുതിയ കായ വറുത്തത് അവൾ എനിക്ക് നേരെ നീട്ടി. പലഹാരമെടുക്കാൻ വിരലുകൾ നീണ്ടതും, എന്റെ ഇടതുകൈയിലേക്ക് അവളൊരു കടലാസ് വച്ചുതന്നു. ഞാൻ അതിന്റെ അരികുകളിൽ വെറുതെയൊന്ന് വിരൽ പായിച്ചു. ശേഷം എന്നത്തേയുംപോലെ, വളരെ സാവധാനത്തിൽ അത് മുഖത്തോടടുപ്പിച്ചു. കടലാസിന് റോസ് വാട്ടറിന്റെ ഗന്ധം.

ഒട്ടുനേരം ഞങ്ങൾ ഒന്നും മിണ്ടാതെ നിന്നു. ശേഷം നിശ്ശബ്ദതയെ ഭേദിക്കാനെന്നോണം, അവൾ എന്റെ കയ്യിലെ കത്ത് വായിക്കാൻ തുടങ്ങി.

എനിക്ക് കേട്ടുകേൾവി പോലുമില്ലാത്ത ഏതോ ഇടത്തുനിന്നാണ് കത്തിന്റെ വരവെന്ന് ആമി വിലാസം വായിച്ചപ്പോൾ തന്നെ മനസ്സിലായി. കത്തിന്റെ ആധികാരികത ചോർന്നുപോവാതിരിക്കാൻ വിഷയംപോലും അയാൾ മുൻകൂറായി കുറിച്ചിരുന്നു.

ഏറെ കാലമായി മലയാളത്തിൽ കഥകൾ വായിക്കുന്ന ഒരാളാണ് ഞാൻ. നിങ്ങളുടെ രണ്ടുമൂന്നു കഥകളെങ്കിലും ഞാൻ മുമ്പ്‌ വായിച്ചിട്ടുണ്ട്. അപ്പോഴൊക്കെയും സൂചിപ്പിക്കണമെന്ന് തോന്നിയ കാര്യങ്ങളാണ് ഇനി പറയാൻ പോകുന്നത്. ആദ്യമൊക്കെ വായിക്കുമ്പോൾ ഇവ അച്ചടിപ്പിശകാവുമെന്നാണ് കരുതിയത്. എന്നാൽ പിന്നീടുള്ള കഥകളിലും അതാവർത്തിച്ചപ്പോൾ, ഇത് പറയാതിരിക്കുന്നത് ശരിയല്ലെന്ന് തോന്നി.

നിങ്ങൾ കഥകളിൽ നിറങ്ങളെ കൊണ്ടുവരുന്നത് തീരെ യുക്തിസഹമല്ലാത്ത രീതിയിലാണ്. ഒരു വായനക്കാരനു പോയിട്ട്, മനുഷ്യന്റെ സാമാന്യബോധത്തിന് പോലും അവ നിരക്കുന്നില്ല.

ചിത്രീകരണം: കെ സുധീഷ്‌ചിത്രീകരണം: കെ സുധീഷ്‌

കഴിഞ്ഞ ലക്കത്തിൽ വന്ന കഥയിലെ പ്രധാന കഥാപാത്രമായ ആനയെ നിങ്ങൾ "ചുവപ്പാ'യി ചിത്രീകരിച്ചു. അതേ കഥയിലെ ആട് നീല മുട്ടനാടുകളായി. അതൊക്കെ പോട്ടെ എന്ന് വയ്‌ക്കാം. ഇതിനു രണ്ടുമാസം മുമ്പേ വന്ന നീണ്ടകഥയിലെ മയിലിന് നിങ്ങൾ കൊടുത്ത നിറം മഞ്ഞയായിരുന്നു. മയിൽ നമ്മുടെ ദേശീയ പക്ഷിയാണെന്ന കാര്യംപോലും നിങ്ങൾ മറന്നോ? മനുഷ്യനായാൽ ഇത്തിരിയെങ്കിലും രാജ്യസ്‌നേഹം വേണ്ടേ?

ഇനിയുമുണ്ട് എണ്ണിയാലൊടുങ്ങാത്തത്ര അബദ്ധങ്ങൾ. ഓറഞ്ച് കടലുകൾ, വെളുത്ത മരത്തടികൾ, ഇളം നീല മരത്തലപ്പുകൾ… ഇതൊക്കെ ഏത് ലോകത്തെ കഥകളാണ്?

നിങ്ങൾക്ക് വർണാന്ധതയുണ്ടോ എന്ന് ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. അതല്ല, നിറങ്ങളെപ്പറ്റി അടിസ്ഥാന ബോധ്യമില്ലെങ്കിൽ, ഞങ്ങളെപ്പോലുള്ളവരോട് ഒന്നു ചോദിക്കുക. തിരുത്തലുകൾ പറഞ്ഞുതരാൻ അസൗകര്യമില്ല. അവസാനമായി ഒന്നുകൂടി പറയാം, ഭാവനയ്‌ക്കും അതിരുകളുണ്ട്. അതോർത്തില്ലെങ്കിൽ, അപകടം ഇരന്ന് വാങ്ങുന്നത് പോലെയാവും.

കത്ത് വായിച്ച് അവസാനിപ്പിക്കുമ്പോൾ, ആമിയുടെ ശബ്ദം വല്ലാതെ അരണ്ടിരുന്നു. ഇത് വായിക്കാനായിരുന്നോ ടൗണിൽനിന്നും ഇത്രയും വെപ്രാളപ്പെട്ട് ഊബറും പിടിച്ച്‌ വന്നത്. അവൾ ചിന്തിച്ചു കാണണം.

അതല്ലെങ്കിൽ, എന്നിൽ ഏറെ നാളുകൾക്ക് ശേഷം കണ്ട പ്രസന്നത പെട്ടെന്ന് കെട്ടുപോയതിലുള്ള സങ്കടമായിരിക്കും. പിന്നെ കുറച്ചുനേരം ഞങ്ങൾ ഒന്നും മിണ്ടിയില്ല. നേരത്തെ പുറത്ത് കറങ്ങിയതിന്റെ ക്ഷീണം ഇപ്പോഴാണ് കണ്ണുകളിലേക്കെത്തുന്നത്.

മുഖത്തുനിന്നും കണ്ണടയെടുത്ത് ഞാൻ മേശയിലേക്ക് നീക്കിവച്ചു. അതിനോട് ചേർന്നുള്ള കസേരയിൽ വാക്കിങ്‌ സ്റ്റിക്ക് ചാരി വച്ചിട്ടുണ്ട്.

ഉടുപ്പുപോലും മാറിയിട്ടില്ല. ഞാൻ ആമിയോടായി പറഞ്ഞു. ‘‘നല്ല ക്ഷീണം. ഒന്ന് കിടന്നാൽ ശരിയാവും.’’

മുറിയിലെ വെളിച്ചമണച്ചില്ല. അല്ലാതെ തന്നെ ഇവിടം ഇരുട്ടാണ്.

അമ്മ വന്നു വാതിലിൽ മുട്ടിയപ്പോഴാണ്, നേരമൊരുപാടായി ഒരേ കിടപ്പ് തുടങ്ങിയിട്ടെന്ന് മനസ്സിലായത്. താഴെ അത്താഴം കഴിക്കാൻ ആമി എന്നെയും കാത്തിരിപ്പുണ്ടെന്ന് അമ്മ പറഞ്ഞു. തീൻമേശയ്‌ക്ക്‌ മുന്നിലെത്തിയപ്പോഴും, പാത്രവും തവികളും കലമ്പുന്ന ശബ്ദമല്ലാതെ മറ്റൊന്നും കേട്ടില്ല. എനിക്കരികിൽ ആമി ഇല്ലേ എന്നറിയാൻ ഒന്ന് വിളിച്ചുനോക്കി. അവളൊന്നു മൂളി.

അത്താഴവും കഴിഞ്ഞ് മുറിയിലേക്ക് വന്നതും, വിരൽത്തുമ്പിൽ തടഞ്ഞത് വിരിച്ച കിടക്കയാണ്. സാധാരണ ആമി കിടക്കാറാകുമ്പോൾ മാത്രമാണ് കിടക്ക കുടഞ്ഞു വിരിക്കാറുള്ളത്. വിരിയിൽ നിന്നും ഒട്ടുദൂരം വിരലകത്തിയതും, കട്ടിലിൽ ചുരുണ്ടുകൂടി കിടക്കുന്ന അവളിൽ നഖമുടക്കി. പാതിരാവു കഴിഞ്ഞാലും ഉറങ്ങാൻ വട്ടമില്ലാത്ത ഇവൾക്ക് ഇതെന്തുപറ്റിയെന്ന് ഒരിട ചിന്തിച്ചു. പിന്നെ രണ്ടാമതൊന്നുമാലോചിക്കാതെ, ഞാനും കേറി കിടന്നു. വാക്കിങ്‌ സ്റ്റിക്ക് തലയ്‌ക്ക്‌ മുകളിൽ തന്നെയില്ലേയെന്ന് ഒന്നുകൂടി ഉറപ്പുവരുത്തി. ലൈറ്റ് ഓഫ് ചെയ്‌ത്‌ കുറച്ചുനേരത്തിനുശേഷം, ആമിയുടെ കൈകൾ ഒരു പയർവള്ളി കണക്കെ മാറിനെ ചുറ്റിപ്പിടിച്ചു. എന്റെ കവിളിലേക്ക് അവൾ മുഖം ചേർത്തുവച്ച്‌, കവിൾതടം നനച്ചു.കരയുന്നത് കേൾക്കാതിരിക്കാൻ ശബ്ദത്തെ പരമാവധി ഒതുക്കി.


വൈകിട്ട് കിടന്നതുകൊണ്ടാണോ എന്നറിയില്ല, ഉറക്കം എന്നെ

തിരിഞ്ഞുനോക്കിയില്ല. മഞ്ഞ മയിൽ, ചുവപ്പ് ആന, നീലയാടുകൾ, മരത്തലപ്പുകൾ ഇങ്ങനെ ഒരുപാട് നിറഭേദങ്ങൾ എന്റെ ചെവിവട്ടത്തെ നിരന്തരം വലവച്ചു.

പത്തിരുപത് ദിവസത്തെ അവധി കഴിഞ്ഞ്, ആമി കോളേജ്

ഹോസ്റ്റലിലേക്ക് തിരിച്ചുപോയപ്പോൾ ഞാൻ വീണ്ടും ഒറ്റയ്‌ക്കായി. ത്തവണ തിരിച്ചുപോകുമ്പോൾ എന്നത്തേക്കാളുമേറെ അവൾ സങ്കടപ്പെട്ടു.

അയൽവീട്ടിലെ മഞ്ചാടിയാണ് ആമി പോയാൽ പിന്നീടുള്ള എന്റെ കൂട്ട്. കടലാസ് ബണ്ടിലുകൾ, സ്റ്റാമ്പ്, പോസ്റ്റ് കവറുകൾ, ലൈബ്രറി പുസ്‌തകങ്ങൾ ഇങ്ങനെ എനിക്കാവശ്യമായ അല്ലറ ചില്ലറ സാധനങ്ങൾ അവളെ വിട്ട് വാങ്ങിപ്പിക്കാറ് പതിവാണ്. ഈ വർഷം അവൾ ആറാം തരത്തിലാണെന്നും, പഴയ സർവീസ് ചാർജ് കൊടുത്താൽ പോരെന്നും മഞ്ചാടിയെ കണ്ടപ്പോൾ അമ്മ തമാശ പറഞ്ഞു. വലിയ പരീക്ഷയുടെ ഫലം നോക്കാൻ കൂട്ടുകാരുമൊത്ത് സ്‌കൂളിലേക്ക് പോവുകയായിരുന്നു അവൾ.

ഉച്ചയാവുംവരെ ഞാൻ ഉമ്മറത്ത് വെറുതെയിരുന്നു. അതിനിടയിൽ, ഇടയ്‌ക്കിടെ അയലത്തെ ആലയിൽനിന്ന് അമ്മപ്പശു അമറി. ഓരോ തവണ അമറുമ്പോളും, പശുവിന് ഓരോ നിറമായിരിക്കുമെന്ന് മനസ്സിൽ വെറുതെ നിരീച്ചു.

ഉച്ച തിരിയുന്നതിന് തൊട്ടുമുമ്പേ, മഞ്ചാടി ഉമ്മറം കയറി വന്നു. താൻ ആറാംതരത്തിലേക്ക് ജയിച്ചിട്ടുണ്ടെന്ന് വാചാലയായി. അവളുടെ ശബ്ദം കേട്ടതുകൊണ്ടാവണം, അടുക്കളയിൽ നിന്ന് അമ്മയും ഉമ്മറത്തേക്കെത്തി.

ഞങ്ങൾ രണ്ടുപേരെയും ഒരുമിച്ച് കാണിക്കാൻ അവൾ തന്റെ കയ്യിൽ എന്തോ സൂത്രം ഒളിപ്പിച്ചു വച്ചിരുന്നു. അമ്മയെ കണ്ടയുടനെ, സിമ്മീസിനിടയിൽനിന്നും അവളത് പുറത്തെടുത്തു. എന്റെ കയ്യിലേക്ക് വച്ചുതന്നു. ഞാൻ അതിൽ വെറുതെ ഒന്ന് വിരലോടിച്ചു. ചെറിയൊരു മയിൽപീലി. അത് കണ്ടതും, എന്റെ കയ്യിൽ നിന്നും അമ്മയത് ആവേശത്തോടെ പിടിച്ചുവാങ്ങി.

ഒട്ടുനേരത്തെ ആലോചനയ്‌ക്കുശേഷം, ഇതെവിടുന്ന് കിട്ടിയെന്ന് അവളോട് ആരാഞ്ഞു. വായനശാലയ്‌ക്ക്‌ പിറകിലെ ഒഴിഞ്ഞ വളപ്പിൽനിന്നും വീണുകിട്ടിയതാണെന്ന് അവൾ പറഞ്ഞത് അമ്മ കേട്ടിരുന്നോ എന്ന് നിശ്ചയമില്ല. അതെന്നെ തെല്ല് ചൊടിപ്പിച്ചു. അമ്മ

ആദ്യമായിട്ടാണോ മയിൽപീലി കാണുന്നതെന്ന് ഞാൻ ചോദിച്ചതും, രണ്ടാമതൊന്നാലോചിക്കാതെ അമ്മ പറഞ്ഞു; ‘‘ഇതിന്റെ നിറം

മഞ്ഞയാണ്...’’


അന്ന് മുഴുവൻ ഒരു മറുപടി കത്തെഴുതാനായി ഞാൻ വല്ലാതെ തലപുകച്ചു. നേരം പുലർന്നിട്ടും, ഒരു വരി പോലുമെന്നെ കടാക്ഷിച്ചില്ല.

പിറ്റേന്ന് കാലത്ത് ഉമ്മറത്തിണ്ണയിലേക്കെത്തുമ്പോഴേക്കും, എന്നെയും കാത്ത് മഞ്ചാടി ഇളമരത്തിൽ ഇരിപ്പുണ്ട്. പോസ്‌റ്റ്‌ ഓഫീസ് തുറക്കാൻ സമയമായാൽ എന്നെ വന്നൊന്ന് കാണണമെന്ന് അവളെ ഇന്നലെ തന്നെ പറഞ്ഞേൽപ്പിച്ചതാണ്. എന്റെ കയ്യിൽനിന്നും തപാൽ ലക്കോട്ട് വാങ്ങുമ്പോൾ പതിവിലും നിറഞ്ഞ മുഖത്തോടെ അവളൊന്ന് ചിരിച്ചു.

എന്നത്തേയും പോലെ ലക്കോട്ട് അവളൊന്ന് ഞെക്കി നോക്കിക്കാണണം. ഏതോ ശീലത്തിന്റെ ഭാഗമെന്നപോലെ കവറിന്റെ കോണിലെ സ്റ്റാമ്പുകൾ കണ്ണുകൊണ്ട് എണ്ണിയിരിക്കണം. ശേഷം, ഒരു തമാശപോലെ ഓർമിപ്പിച്ചു.

‘‘അകത്ത് കടലാസല്ലെങ്കിൽ ഈ സ്റ്റാമ്പിൽ ഇത് പോകാൻ തരമില്ല ചേച്ചി...’’

അത്രയും പറഞ്ഞ് കത്തുമായി മഞ്ചാടി ഗേറ്റ് കടക്കുന്നതിനുമുമ്പ്, ഒരു തൂവലുമായി അകലേക്ക് പറക്കുന്ന ശീതക്കാറ്റിന്റെ ഗന്ധം അവളിൽ നിന്ന് ഞാൻ അഴിച്ചെടുത്തു കഴിഞ്ഞിരുന്നു... .



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home