മാറിമറിഞ്ഞ് പൊന്നിന്‍ വില; ഏറ്റക്കുറച്ചിലിന് കാരണമെന്ത്?

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് ഉയർന്നത്. അതായത് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,13,760 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. കഴിഞ്ഞ രണ്ട് ദിവസവും അടുപ്പിച്ച് വില കൂടിയ ശേഷം ഇന്നലെ രാവിലെ കുറയുകയായിരുന്നു. പിന്നാലെ വൈകിട്ടോടെ വില വീണ്ടും ഉയരുകയും ചെയ്തു.
കൂടിയും കുറഞ്ഞും
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില സ്ഥിരതയില്ലാതെ തുടരുകയാണ്. പശ്ചിമേഷ്യൻ പ്രതിസന്ധിയാണ് സ്വർണവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളുടെ പ്രധാന കാരണം. ഹോർമുസ് പ്രതിസന്ധി വിലവ്യത്യാസത്തിന് വലിയൊരു പങ്ക് വഹിക്കുന്നുണ്ടിപ്പോൾ. ഹോർമൂസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണം പുനരാരംഭിക്കുമ്പോൾ ക്രൂഡ് ഓയിൽ വില കുറയും, തുടർന്ന് വിപണിയിലെ നിക്ഷേപങ്ങൾ സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു.
യുഎസ് സമ്പദ്ഘടനയിലെ തകർച്ച
അമേരിക്കൻ ഉപഭോക്തൃ വിപണിയിലെ തകർച്ചയാണ് സ്വർണവില കൂടാനുള്ള മറ്റൊരു പ്രധാനപ്പെട്ട ഘടകം. ജൂലൈയിൽ യുഎസ് ഉപഭോക്തൃ വിപണിയിലെ റീട്ടെയിൽ കണക്ക് താഴ്ന്നിട്ടുണ്ട്. ഇത് വളരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും താഴുകയായിരുന്നു. അടുത്തിടെയാണ് യുഎസ് തൊഴിൽ കണക്കുകൾ പുറത്തുവന്നത്. അമേരിക്ക പുറത്തുവിട്ട ഏറ്റവും പുതിയ നോൺ-ഫാം പേറോൾ തൊഴിൽ കണക്കുകൾ വിപണി പ്രതീക്ഷിച്ചതിലും താഴെയാണ്. തൊഴിൽ മേഖലയിലെ മന്ദഗതി കാരണം അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് കൂട്ടാനുള്ള സാധ്യത മങ്ങി.
അതിനുപകരം, വിപണിയിലെ ലിക്വിഡിറ്റി വർധിപ്പിക്കാനായി പലിശ നിരക്കുകൾ വെട്ടിക്കുറയ്ക്കാനുള്ള സാധ്യതയും വിലയിരുത്തുന്നുണ്ട്. പലിശ നിരക്ക് കുറയുമ്പോൾ യുഎസ് ട്രഷറി ബോണ്ടുകളിൽ നിന്നുള്ള നിക്ഷേപകരുടെ ആദായം കുറയും. ഇതോടെ നിക്ഷേപകർ ബോണ്ടുകളിൽ നിന്ന് പിൻവാങ്ങി സുരക്ഷിത നിക്ഷേപ മാർഗമായ സ്വർണത്തിലേക്ക് വൻതോതിൽ ചുവടുമാറാനുള്ള സാധ്യതയുമുണ്ട്. ഇത് ആഗോള വിപണിയിൽ സ്വർണവില വേഗത്തിൽ ഉയരാൻ കാരണമാകും. യുഎസിന്റെ സമ്പദ്ഘടനയിലെ തകർച്ച കാരണം സ്വർണത്തിലേക്കുള്ള നിക്ഷേപം വർധിക്കുകയും അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കൂടുകയും ചെയ്തു. ഇന്ന് സ്വർണവില കൂടിയെങ്കിൽ നാളെ ഇത്രത്തോളം കുറയാനും സാധ്യതയുണ്ട്.
ചൈനയിലെ ഗോൾഡ് ഇടിഎഫുകൾ
അനിശ്ചിതത്വം നടക്കുന്ന മാർക്കറ്റിൽ നിക്ഷേപകർ സ്റ്റോപ് ലോസിന് ഒരു നിരക്ക് നിശ്ചയിച്ചിട്ടുണ്ടാകും. ഉദ്ദേശിക്കുന്ന ശതമാനം കയറിക്കഴിഞ്ഞാൽ അവർ അത് വിറ്റ് ലാഭമുണ്ടാക്കുന്നു. ആ സമയം വിപണിയിലേക്ക് സ്വർണം കൂടുതലായി എത്തുകയും ഡിമാൻഡ് കുറയുകയും ചെയ്യുന്നു. സ്വാഭാവികമായും വില കുറയുകയും ചെയ്യും. കമ്മോഡിറ്റി മാർക്കറ്റിലെ ഈയൊരു പ്രവണത കാരണവും വിലവ്യത്യാസം വരും. ചൈനയിലെ ഗോർഡ് എക്സ്ചെയ്ഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്ക് വലിയ തോതിൽ നിക്ഷേപം ഒഴുകുന്നതായി റിപ്പോർട്ടുകളുണ്ട്. അങ്ങനെ വരുമ്പോൾ സ്വർണത്തിന് ആവശ്യകത കൂടും.
കേരളത്തിൽ ഇപ്പോൾ വിവാഹ സീസൺ ആണ്. ഇതിനൊപ്പം ഓണക്കാലവും കൂടി എത്തിയതോടെ സ്വർണത്തിന്റെ വില കുതിച്ചുയർന്നു. പ്രാദേശിക വിപണിയിൽ സ്വർണം വാങ്ങാൻ തിരക്ക് കൂടുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ വില വർധിക്കും.










0 comments