കവർസ്റ്റോറി
സകലതുമോർത്തുവെക്കപ്പെടും


ശ്രീചിത്രൻ എം ജെ
Published on Aug 15, 2026, 02:58 PM | 13 min read
“ഇവിടെയുള്ള വിദ്യാർഥികളുടെ ശരീരത്തിൽ എത്ര മുറിവുകൾ ഉണ്ടോ, അവയെല്ലാം ഭീകരവാദി എന്ന വാക്കിന്റെ അർഥമെന്ത് എന്നതിന് സാക്ഷ്യമായിരിക്കും. നിഘണ്ടുക്കളിൽ ഭീകരവാദിയെന്നോ ഭീകരതയെന്നോ എഴുതുമ്പോൾ, ഭയമെന്നോ അക്രമമെന്നോ എഴുതുമ്പോൾ അപ്പോഴെല്ലാം ഡൽഹി പൊലീസിന്റെ പേര് വീണ്ടും വീണ്ടും രേഖപ്പെടുത്തും. ഞങ്ങളുടെ വോട്ടിനാൽ തെരഞ്ഞെടുക്കപ്പെട്ട നിങ്ങൾ ചേർന്നിരിക്കുന്ന അതേ പാർലമെന്റിന് ഇതിലും പരസ്യമായ മറ്റൊരു സ്മാരകവും ഈ രാജ്യത്തിൽ ഉണ്ടാവുകയില്ല. ഞങ്ങൾ അതേ പാർലമെന്റിലേക്ക് പോകാൻ ശ്രമിച്ചപ്പോൾ നിങ്ങൾ ഞങ്ങളുടെ തല അടിച്ചുപൊളിച്ചത് ഞങ്ങൾ എന്നും ഓർത്തിരിക്കും. 23 ദിവസത്തെ നിരാഹാരത്തിനുശേഷം എഴുന്നേൽക്കാനാവാതെ കിടക്കുന്ന ഞങ്ങളുടെ നിരാഹാര ടെന്റിനടുത്ത് കണ്ണീർവാതകം പ്രയോഗിച്ചതും ഞങ്ങൾ എന്നും ഓർത്തിരിക്കും. ഇതെല്ലാം കഴിഞ്ഞും ഞങ്ങളിൽ ബാക്കിയായ ഈ ജീവനുണ്ടല്ലോ, അത് നിങ്ങൾക്ക് സംഭവിച്ച ഏറ്റവും വലിയ അബദ്ധമായിരിക്കും എന്ന് ഞങ്ങൾ ഡൽഹി പൊലീസിനെയും ധർമേന്ദ്ര പ്രധാനെയും പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും ഓർമിപ്പിക്കുന്നു.”
കടപ്പാട്: ഗൂഗിൾ
‐ വിദ്യാർഥി നേതാവ് നേഹ ബോറയുടെ ജന്തർ മന്തറിലെ പ്രസംഗത്തിൽനിന്ന്.
സ്വതന്ത്ര ഇന്ത്യയുടെ ഇന്നോളമുള്ള യാത്രയിൽ സവിശേഷവും വ്യത്യസ്‌തവുമായ ഒരു ചരിത്രം രചിക്കപ്പെട്ടിരിക്കുന്നു. ഒരു വ്യാഴവട്ടത്തോളം ജനാധിപത്യസമരങ്ങളെ കൂസാതിരുന്ന കേന്ദ്രഭരണകൂടം യുവത്വത്തിനു മുന്നിൽ മുട്ടുകുത്തി എന്നതു മാത്രമല്ല ജന്തർ മന്തർ സമരത്തെ വ്യതിരിക്തമാക്കുന്നത്, ഈ സമരം ഇന്ത്യ ഇതുവരെ പരിശീലിച്ച സമരമാതൃകകളിൽനിന്ന് അടിപടലേ വ്യത്യസ്‌തമായിരുന്നു എന്നതുകൂടിയാണ്. സൂക്ഷ്മമായി പരിശോധിച്ചാൽ ഇത് കേവലം ഒരു പരീക്ഷാ ചോർച്ചക്കെതിരായ പ്രതിഷേധം മാത്രമല്ല. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ‘പാറ്റകൾ’, ‘സമൂഹത്തിന്റെ പരാന്നഭോജികൾ’ എന്ന പരാമർശത്തിൽനിന്ന് ജന്മംകൊണ്ട കോക്രോച്ച് ജനതാ പാർടി (CJP) എന്ന ആക്ഷേപഹാസ്യ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ, ഇടത് വിദ്യാർഥി സംഘടനകളും കോൺഗ്രസും ഉൾപ്പെടെയുള്ള രാഷ്‌ട്രീയശക്തികളുടെ പങ്കാളിത്തത്തോടെ നടന്ന ഈ മുപ്പത്തിയേഴ് ദിവസത്തെ സമരം, ഇന്ത്യൻ മധ്യവർഗത്തിന്റെ ഒരു പുതിയ തലമുറയുടെ രാഷ്‌ട്രീയ പ്രവേശനത്തിന്റെ അടയാളമായി വായിക്കപ്പെടേണ്ടതുണ്ട്. സമരാനന്തര മുഹൂർത്തത്തിൽനിന്ന് ഭരണകൂടത്തിനെതിരായ ഇന്ത്യൻ പ്രതിരോധ രാഷ്‌ട്രീയത്തിന്റെ ഭാവി എന്തായിരിക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. പാറ്റകളുടെ സമരവും വിജയവും ആശയപരമായ ദാർഢ്യമില്ലാത്തതും പ്രത്യയശാസ്‌ത്രപരമായി പൊള്ളയായതുമാണ് എന്ന വിമർശനം അർഥശൂന്യമാണ്. സിദ്ധാന്തത്തിൽനിന്ന് പ്രയോഗത്തിലേക്കും ആ പ്രയോഗത്തിൽനിന്ന് സിദ്ധാന്തത്തിലേക്കുമാണ് ഇടതുപക്ഷമുന്നേറ്റങ്ങളുടെ പാത. അതിനാൽ തന്നെ നിശിതവും സൂക്ഷ്മവും ലക്ഷ്യവേധിയുമായിത്തീർന്ന ഈ സമരത്തിന്റെ പ്രയോഗത്തിൽ നിന്ന് സിദ്ധാന്തരൂപീകരണവും അതിൽനിന്ന് പ്രയോഗത്തിന്റെ പാതയും കണ്ടെത്തുകയാണ് ഇടതുപക്ഷത്തിന് ചെയ്യാനുള്ള അടിയന്തര കർത്തവ്യം.
കടപ്പാട്: ഗൂഗിൾ
നാല് സുപ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയാണ് ഈ രാഷ്‌ട്രീയസന്ദർഭത്തിൽ പ്രധാനം. ഒന്ന്, ഇന്ത്യൻ മധ്യവർഗത്തിന്റെ ചരിത്രപരമായ വളർച്ച ഈ സമരത്തിന്റെ സാമൂഹിക അടിത്തറ എങ്ങനെ നിർണയിച്ചു? രണ്ട്, അതിൽനിന്ന് ജന്മം കൊണ്ട പുതിയ വിദ്യാർഥി രാഷ്‌ട്രീയാവബോധത്തിന്റെ സ്വഭാവം എന്താണ്? മൂന്ന്, ഇന്ത്യൻ വർഗീയതയുടെ സമകാലിക പ്രവർത്തനരീതിയുമായി ഈ സമരത്തിന് എന്ത് ബന്ധമുണ്ട്? നാല്, മധ്യവർഗ നേതൃത്വത്തിലുള്ള ഈ സമീപനത്തിന്റെ ആന്തരിക പരിമിതികളും പ്രതിസന്ധികളും എന്തൊക്കെയാണ്? ഇവയ്‌ക്കുത്തരം കണ്ടെത്തിക്കൊണ്ടു മാത്രമേ ഈ മുന്നേറ്റത്തിന്റെ രാഷ്‌ട്രീയത്തുടർച്ചയെ വിലയിരുത്താനാവൂ. ചരിത്രപരമായ പ്രവണതകളുടെ ഭൗതികവാദപരമായ വായനയാണ് പ്രസക്തം, ഭാവിയെക്കുറിച്ചുള്ള നിശ്ചിതമായ പ്രഖ്യാപനമല്ല. ചരിത്രം മാറ്റിത്തീർക്കാൻ ശേഷിയുള്ള പുതിയ തലമുറ അവരുടെ രാഷ്‌ട്രീയസ്ഥൈര്യവും സമരധീരതയും ഉജ്വലമായി തെളിയിച്ച ഈ ചരിത്രമുഹൂർത്തത്തിൽ പ്രവചനയന്ത്രങ്ങൾക്ക് ഒരു വിലയുമില്ല.
കൊളോണിയൽ വിരുദ്ധ സമരങ്ങളുടെ കാലം മുതൽക്കേ ജനങ്ങളെ നേരിട്ടു ബാധിക്കുന്ന തീവ്രപ്രശ്നങ്ങൾക്കു മുന്നിലാണ് സമരങ്ങൾ തീക്ഷ്‌ണമാവുകയും അധികാരത്തെ വിറകൊള്ളിക്കുകയും ചെയ്തിട്ടുള്ളത്. ഉപ്പുസത്യഗ്രഹം മുതൽ അതിന് നിരവധി ഉദാഹരണങ്ങളുണ്ട്. നീറ്റ് സമരവും കൃത്യമായ ഒരു നീതിനിഷേധത്തിൽ നിന്നാണ് രൂപംകൊള്ളുന്നത്. 2026 മെയ് മൂന്നിന് ദേശീയ ടെസ്റ്റിങ് ഏജൻസി നടത്തിയ നീറ്റ്- യുജി പരീക്ഷയിൽ ഇരുപത് ലക്ഷത്തോളം വിദ്യാർഥികൾ ഒന്നര ലക്ഷത്തിൽ താഴെ വൈദ്യശാസ്‌ത്ര സീറ്റുകൾക്കായി മത്സരിച്ചു. പരീക്ഷയ്‌ക്ക് മുമ്പ് തന്നെ ചോദ്യങ്ങൾ ചോർന്നു എന്ന വെളിപ്പെടുത്തലിനെ തുടർന്ന് പരീക്ഷ റദ്ദാക്കുകയും ജൂൺ 21-ന് ഇരുപത് ലക്ഷത്തിലധികം പേർ പങ്കെടുത്ത പുനഃപരീക്ഷ നടത്തുകയും ചെയ്‌തു; ഫലം ജൂലൈ 16-ന് പ്രഖ്യാപിച്ചു. ഈ അനിശ്ചിതത്വ കാലയളവിൽ, വർഷങ്ങളുടെ തയ്യാറെടുപ്പ് നഷ്ടപ്പെട്ടതിലും ഭാവി അപകടത്തിലായതിലും മനംനൊന്ത് ഒരു ഡസനിലധികം വിദ്യാർഥികൾ ജീവനൊടുക്കുന്നു. നീതിനിഷേധത്തിലൂടെ രൂപപ്പെട്ട പ്രതിസന്ധിയുടെ മാനുഷികമായ ആഴത്തിൽനിന്നാണ് ഈ സമരക്കൊടുങ്കാറ്റ് രൂപപ്പെട്ടത്. ഇതിന് സമാന്തരമായി, മെയ് 15-ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തൊഴിലില്ലാത്ത യുവാക്കളെ ‘പാറ്റകൾ’, ‘പരാന്നഭോജികൾ’ എന്നിങ്ങനെ വിശേഷിപ്പിച്ചതായി വ്യാപകമായി വ്യാഖ്യാനിക്കപ്പെട്ട ഒരു പരാമർശം നടത്തി. ഇതിനെതിരായ പ്രതികരണമെന്ന നിലയിൽ, മുമ്പ് ആം ആദ്മി പാർടിയുമായി പ്രവർത്തിച്ചിരുന്ന ഡിജിറ്റൽ കമ്യൂണിക്കേഷൻ തന്ത്രജ്ഞൻ അഭിജീത് ദീപ്കെ മെയ് 16-ന് കോക്രോച്ച് ജനതാ പാർടി (CJP) സ്ഥാപിച്ചു‐ബിജെപി എന്ന പേരിനെ ബോധപൂവം പാരഡി ചെയ്യുന്ന ഒരു നാമകരണം. ദിവസങ്ങൾക്കുള്ളിൽ മൂന്നര ലക്ഷത്തിലധികം അംഗത്വവും രണ്ട് കോടിയിലധികം ഇൻസ്റ്റഗ്രാം അനുയായികളുമായി ബിജെപിയുടെ ഔദ്യോഗിക അക്കൗണ്ടിനെ സിജെപി മറികടക്കുന്നു. തൊഴിലില്ലാത്തവരും ഇന്ത്യൻ തൊഴിൽമേഖലയോട് പ്രതിഷേധമുള്ളവരുമായ ഇന്ത്യൻ മധ്യവർഗ യുവതയുടെ ഈ അതിവേഗമുള്ള ഒത്തുചേരലാണ് നാം ശ്രദ്ധിക്കേണ്ടത്. ഹിന്ദുത്വരാഷ്‌ട്രീയം കൈക്കൊണ്ട അനേകം ഫാഷിസ്റ്റ് അധികാരപ്രയോഗങ്ങൾക്കെതിരെയോ ക്രോണി ക്യാപ്പിറ്റലിസത്തിന്റെ കൊടിയ ചൂഷണത്തിനെതിരെയോ നടക്കാതിരുന്ന ഈ അതിവേഗ-, അതിതീവ്ര സംഘാടനം സാധ്യമാക്കിയ ഘടകങ്ങൾ എന്തെല്ലാമാണ്?
എതിരാളികൾ അധിക്ഷേപിക്കാൻ ഉപയോഗിക്കുന്ന വാക്കുകൾ ഒരു സമൂഹമോ സംഘടനയോ തങ്ങളുടെ ഔദ്യോഗിക പേരോ അടയാളമോ ആയി അഭിമാനത്തോടെ ഏറ്റെടുക്കുന്ന ‘Reclaiming a pejorative' എന്ന ഗതിമാറ്റം മുമ്പുമുണ്ടായിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടനിൽ സ്‌ത്രീകൾക്ക് വോട്ടവകാശം ലഭിക്കുന്നതിന് വേണ്ടി പോരാടിയവരെ പരിഹസിക്കാനായാണ് 1906-‐ൽ ഡെയ്ലി മെയിൽ പത്രം ‘Suffragettes' എന്ന പദം ആദ്യമായി ഉപയോഗിച്ചത്. എന്നാൽ വിമൻസ് സോഷ്യൽ ആൻഡ് പൊളിറ്റിക്കൽ യൂണിയൻ (WSPU) ഈ വാക്ക് തങ്ങളുടെ ഔദ്യോഗിക പേരായി അഭിമാനത്തോടെ സ്വീകരിക്കുകയും ചരിത്രം തിരുത്തിക്കുറിക്കുകയും ചെയ്‌തു. ബ്രിട്ടീഷ് രാഷ്‌ട്രീയത്തിലെ ടോറികളും വിങ്ങുകളും മുതൽ കലയിലെ ഇംപ്രഷണിസം വരെ അനേകം പ്രസ്ഥാനങ്ങൾ ഇങ്ങനെ രൂപംകൊണ്ടവയാണ്. സിജെപി എന്ന ‘രാഷ്‌ട്രീയ ആക്ഷേപഹാസ്യം’, അതിന്റെ പ്രത്യയശാസ്‌ത്ര സ്വത്വം ഒരു യഥാർഥ വർഗരാഷ്‌ട്രീയ പദ്ധതിയായി പരിണമിക്കുമോ അതോ കേവലം ഒരു ബദൽ തെരഞ്ഞെടുപ്പ് ബ്രാൻഡായി ഒതുങ്ങുമോ എന്ന ചോദ്യമാണ് ഇനി പരിശോധിക്കപ്പെടേണ്ടത്. അതിന് ഈ രാഷ്‌ട്രീയസന്ദർഭം ചരിത്രപരമായി വിലയിരുത്തേണ്ടിയിരിക്കുന്നു.
മഹാത്മാഗാന്ധിയും സരോജിനി നായിഡുവും ഉപ്പുസത്യാഗ്രഹ വേളയിൽ
ഇന്ത്യൻ
മധ്യവർഗത്തിന്റെ
ആന്തരിക
വൈരുധ്യങ്ങൾ
1991-‐ലെ സാമ്പത്തിക ഉദാരവൽക്കരണത്തിനു ശേഷമുള്ള മൂന്ന് പതിറ്റാണ്ടുകൾ ഇന്ത്യയിൽ ഒരു പുതിയ മധ്യവർഗത്തെ സൃഷ്‌ടിച്ചു. സേവനമേഖലയിലും വിവരസാങ്കേതികവിദ്യയിലും ധനകാര്യമേഖലയിലും അധിഷ്ഠിതമായ, ഉപഭോഗാധിഷ്ഠിതമായ, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ ആഗോള മൂലധനവുമായി ബന്ധപ്പെട്ട ഒരു സാമൂഹിക വിഭാഗമായിരുന്നു അത്. ഉൽപ്പാദനോപാധികളുടെ ഉടമസ്ഥതയില്ലാതെ, എന്നാൽ വൈദഗ്ധ്യത്തിന്റെയും വിദ്യാഭ്യാസ യോഗ്യതയുടെയും അടിസ്ഥാനത്തിൽ മിച്ചമൂല്യത്തിന്റെ വിതരണത്തിൽ പങ്കാളിത്തം നേടുന്ന, മൂലധനത്തിനും തൊഴിലാളിവർഗത്തിനും ഇടയിൽ ഘടനാപരമായി ചാഞ്ചാടുന്ന ഒരു വർഗവിഭാഗം. ഗ്രീക്ക്- ഫ്രഞ്ച് നിയോ-മാർക്‌സിസ്റ്റ് ചിന്തകനായ നിക്കോസ് പൗലന്റ്‌സാസ് വിശദീകരിക്കുന്ന ‘പുതിയ പെറ്റിബൂർഷ്വാസി’ ഇന്ത്യയിൽ പ്രബലമാം വിധം വളർന്നുവന്നു. സ്വന്തമായി ഉൽപ്പാദന ഉപാധികളുള്ള, എന്നാൽ മറ്റുള്ളവരെ ചൂഷണം ചെയ്യാതെ സ്വന്തം അധ്വാനംകൊണ്ട് ജീവിക്കുന്ന ചെറുകിട കച്ചവടക്കാർ, കൈവേലക്കാർ, ചെറുകിട കൃഷിക്കാർ എന്നിവരെല്ലാമടങ്ങുന്ന പഴയ ഇടത്തരക്കാരിൽ നിന്ന് അടിസ്ഥാനപരമായിത്തന്നെ പുതിയ പെറ്റിബൂർഷ്വാസി വ്യത്യസ്‌തനാണ്. ശമ്പളത്തിന് ജോലി ചെയ്യുന്ന വെള്ളക്കോളർ ജീവനക്കാർ, സാങ്കേതിക വിദഗ്ധർ, മാനേജർമാർ, സൂപ്പർവൈസർമാർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്ന വിഭാഗമാണിത്. ആധുനിക മുതലാളിത്തത്തിന്റെ വളർച്ചയോടൊപ്പം ശക്തമാക്കപ്പെട്ട ഈ വിഭാഗത്തെ വർഗപരമായി നിർണയിക്കേണ്ടത് വരുമാനം കൊണ്ടു മാത്രമല്ല എന്നായിരുന്നു പൗലന്റസാസിന്റെ നിരീക്ഷണം. രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രപരവുമായ കാരണങ്ങൾ ഈ വിഭാഗത്തിന്റെ വളർച്ചയ്‌ക്കു പിന്നിലുണ്ട്. തൊഴിലാളികളെപ്പോലെ തന്നെ ഇവർക്കും സ്വന്തമായി ഉൽപ്പാദന ഉപാധികളില്ല. സ്വന്തം അധ്വാനം വിറ്റ് ശമ്പളം വാങ്ങിയാണ് ഇവരും ജീവിക്കുന്നത്. ഉൽപ്പാദന പ്രക്രിയയിൽ മുതലാളിമാർക്ക് വേണ്ടി തൊഴിലാളികളെ നിയന്ത്രിക്കാനും മേൽനോട്ടം വഹിക്കാനുമാണ് ഇവർ പലപ്പോഴും നിയോഗിക്കപ്പെടുന്നത്. മുതലാളിത്തം ബോധപൂർവം നിലനിർത്തുന്ന ഈ വിഭജനത്തിന്റെ ഗുണഭോക്താക്കൾ മുതലാളിത്തം തന്നെയാണ്, പ്രത്യയശാസ്‌ത്രപരമായി മുതലാളിത്തത്തിന്റെ ആശയങ്ങളും മൂല്യങ്ങളും സമൂഹത്തിൽ നിലനിർത്തുന്നതിലും അത് തൊഴിലാളികളിലേക്ക് അടിച്ചേൽപ്പിക്കുന്നതിലും പുതിയ പെറ്റിബൂർഷ്വാസി വലിയ പങ്ക് വഹിക്കുന്നു. സാമ്പത്തികമായി ഇവർ മുതലാളിത്ത ചൂഷണത്തിന് ഇരയാകുന്നുണ്ട്. അതിനാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ഇവർ തൊഴിലാളിവർഗത്തോട് അനുഭാവം പ്രകടിപ്പിച്ചേക്കാമെന്നും എന്നാൽ പ്രത്യയശാസ്‌ത്രപരമായി ഇവർ മുതലാളിത്ത വ്യവസ്ഥയുമായി ചേർന്നുനിൽക്കുന്നതിനാൽ, വർഗസമരങ്ങളുടെ നിർണായക ഘട്ടങ്ങളിൽ ഇവർ ബൂർഷ്വാസിക്കൊപ്പം നിൽക്കാനാണ് കൂടുതൽ സാധ്യതയെന്നും പൗലന്റസാസ് നിരീക്ഷിച്ചിട്ടുണ്ട്. അഴിമതിക്കെതിരായ പ്രക്ഷോഭമെന്ന നിലയിൽ ഇന്ത്യയിൽ നടന്ന അണ്ണാ ഹസാരെ മുന്നേറ്റത്തിന്റെ കൂടി പരിണിതിയായിരുന്നു രാഷ്‌ട്രീയ ഹിന്ദുത്വയുടെ ഇന്ത്യൻ അധികാരപ്രവേശം എന്ന ചരിത്രം നമുക്കു മുന്നിലുണ്ട്.
മുതലാളി-‐തൊഴിലാളി ദ്വന്ദ്വത്തിന് അപ്പുറം ഈ രണ്ടു വർഗങ്ങൾക്കുമിടയിൽ നിൽക്കുന്ന പുതിയൊരു മധ്യവർഗത്തെ അടയാളപ്പെടുത്താനാണ് ബാർബറ എറൻറൈക്കും ജോൺ എറൻറൈക്കും ചേർന്ന് പ്രൊഫഷണൽ- മാനേജീരിയൽ വർഗം (Professional-Managerial Class അഥവാ PMC) എന്ന സങ്കൽപ്പനം അവതരിപ്പിച്ചത്. മുതലാളിത്ത സമൂഹത്തിന്റെ നിലനിൽപ്പിനും പുനരുൽപ്പാദനത്തിനും സഹായിക്കുന്ന, മാനസികാധ്വാനം ചെയ്യുന്ന ശമ്പളക്കാരായ ജീവനക്കാരുടെ വർഗമാണ് PMC. ഡോക്ടർമാർ, എഞ്ചിനിയർമാർ, അധ്യാപകർ, ശാസ്‌ത്രജ്ഞർ, മാനേജർമാർ, അഡ്മിനിസ്ട്രേറ്റർമാർ, സാമൂഹിക പ്രവർത്തകർ, പത്രപ്രവർത്തകർ തുടങ്ങിയവർ ഉൾപ്പെടുന്ന ഈ വർഗം പെറ്റി ബൂർഷ്വാസിയിൽ നിന്നും വ്യത്യസ്‌തമാണ് എന്നായിരുന്നു ബാർബറയുടെയും ജോണിന്റെയും നിരീക്ഷണം. ഉയർന്ന വിദ്യാഭ്യാസ യോഗ്യതകളും ബൗദ്ധിക നൈപുണിയും മൂലധനമാക്കിയ, മറ്റുള്ളവർക്ക് വേണ്ടി ശമ്പളത്തിന് ജോലി ചെയ്യുന്ന ഈ വർഗം സാധാരണ തൊഴിലാളികളെ അപേക്ഷിച്ച് തങ്ങളുടെ ജോലിയിൽ തീരുമാനങ്ങൾ എടുക്കാനും നടപ്പിലാക്കാനുമുള്ള സ്വാതന്ത്ര്യമുള്ളവരാണ്, അതിനാൽത്തന്നെ അവർ ചില വർഗസംഘർഷങ്ങളും സവിശേഷമായി ഉള്ളവരായിത്തീർന്നിരിക്കുന്നു. തൊഴിലാളികളുടെ മേൽ നേരിട്ട് അധികാരം പ്രയോഗിക്കുന്നതും അവരുടെ ജോലിയെ അളക്കുന്നതും പിഎംസി ആയതിനാൽ, സ്വാഭാവികമായും തൊഴിലാളികൾക്ക് പിഎംസിയോട് ശത്രുത തോന്നാമെന്നത് ഒരു വശം. പിഎംസിക്ക് അവരുടെ പ്രൊഫഷണൽ മൂല്യങ്ങളും ധാർമികതയും പ്രധാനമാണെങ്കിൽ മുതലാളിത്തത്തിന് എപ്പോഴും ലാഭത്തിന് മാത്രമാണ് പ്രാധാന്യം. അപ്പോൾ പിഎംസിയും മുതലാളിമാരും തമ്മിൽ പലപ്പോഴും ആശയപരമായ സംഘർഷങ്ങളും ഉടലെടുക്കുന്നു എന്നതാണ് മറ്റൊരു വശം. എന്നാൽ നാമിന്ന് ഇന്ത്യയിൽ കാണുന്നത് ഈ വർഗത്തിന്റെ പ്രതിനിധികളായ, പ്രൊഫഷണൽ തൊഴിലാളികളോ തൊഴിലഭിലാഷമുള്ളവരോ ആയ മധ്യവർഗത്തിൽ നിന്നുതന്നെ തീവ്രമായ സമരസന്നദ്ധത ഉയർന്നുവരുന്നതാണ്. തൊഴിൽ ചൂഷണത്തിൽനിന്ന് രൂപപ്പെടുമെന്ന് എറൻറൈക് ദമ്പതികൾ പറഞ്ഞ "പ്രൊഫഷണലുകളുടെ തൊഴിലാളിവൽക്കരണം’ തൊഴിലഭിലഷിക്കുന്ന യുവതയിൽ നിന്ന് സമരരൂപമാർജിക്കുകയാണ്. മുമ്പൊരിക്കലും ദൃശ്യമാകാതിരുന്ന ഈ സമരത്തിന്റെ അടിസ്ഥാനം മിക്കപ്പോഴും ഗൗരവമായ മാർക്‌സിസ്റ്റ് വിശകലനങ്ങൾക്ക് വിധേയമാകാതിരുന്ന ഇന്ത്യയിലെ മധ്യവർഗത്തിന്റെ വളർച്ചയിലാണ് എന്നതാണ് യാഥാർഥ്യം. ഈ വളർച്ചയുടെ പ്രധാന സ്ഥാപനവൽക്കരണങ്ങളിലൊന്നാണ് മത്സര പരീക്ഷാ സംസ്‌കാരം. നീറ്റ്, ജെഇഇ തുടങ്ങിയ ദേശീയ പ്രവേശന പരീക്ഷകൾ കേവലം അക്കാദമിക യോഗ്യതാ നിർണയങ്ങൾ മാത്രമല്ല‐ അവ മധ്യവർഗ പുനരുൽപ്പാദനത്തിന്റെ കേന്ദ്ര സംവിധാനങ്ങളാണ്. കോട്ട, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ കോടികളുടെ വാർഷിക വിറ്റുവരവുള്ള സ്വകാര്യ കോച്ചിങ് വ്യവസായം ഈ പുനരുൽപ്പാദന പ്രക്രിയയെ ചരക്കുവൽക്കരിച്ചിരിക്കുന്നു. മധ്യവർഗ പദവി ഇനി അനന്തരാവകാശമല്ല, മറിച്ച് വർഷങ്ങളോളമുള്ള കുടുംബനിക്ഷേപത്തിലൂടെ വാങ്ങിയെടുക്കേണ്ട ഒരു ഉൽപ്പന്നമായി മാറിയിരിക്കുന്നു. എന്നാൽ ഈ അഭിലാഷവികാസത്തിന് അനുസൃതമായി തൊഴിലവസരങ്ങൾ വികസിച്ചിട്ടില്ല എന്നതാണ് ഈ മധ്യവർഗ പദ്ധതിയുടെ അടിസ്ഥാന വൈരുധ്യം.
ഡൽഹിയിലെ വിദ്യാർഥി പ്രതിഷേധം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ ഡെവലപ്മെന്റും അന്താരാഷ്‌ട്ര തൊഴിൽ സംഘടനയും ചേർന്ന് തയ്യാറാക്കിയ ഇന്ത്യ എംപ്ലോയ്മെന്റ് റിപ്പോർട്ട് പ്രകാരം, 2022-‐ൽ ബിരുദധാരികളായ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്‌മ 29.1 ശതമാനമായിരുന്നു‐ എഴുത്തും വായനയും അറിയാത്തവർക്കിടയിലെ നിരക്കിനേക്കാൾ ഒൻപത് ഇരട്ടി കൂടുതൽ. തൊഴിൽശക്തിയുടെ 82 ശതമാനവും അസംഘടിത മേഖലയിലാണ്; ഏതാണ്ട് 90 ശതമാനവും അനൗപചാരികമായി തൊഴിൽ ചെയ്യുന്നു; യഥാർഥ വേതനം സ്തംഭിച്ചുനിൽക്കുകയോ കുറയുകയോ ചെയ്‌തിരിക്കുന്നു; പ്ലാറ്റ്ഫോം സമ്പദ് വ്യവസ്ഥ അസംഘടിത തൊഴിലിന്റെ ഒരു ഡിജിറ്റൽ വിപുലീകരണമായി വളർന്നിരിക്കുന്നു. വിദ്യാഭ്യാസം യുവാക്കളുടെ അഭിലാഷങ്ങളും ശേഷികളും വികസിപ്പിച്ചു, എന്നാൽ സമ്പദ്‌വ്യവസ്ഥ അതിനനുസൃതമായ മാന്യമായ തൊഴിലവസരങ്ങൾ സൃഷ്ടിച്ചില്ല എന്നതാണ് ഈ പ്രതിഷേധത്തിന്റെ ഹൃദയത്തിലുള്ള കയ്പേറിയ വൈരുധ്യം. നീറ്റ് പരീക്ഷാർഥികൾ ഈ വൈരുധ്യത്തിന്റെ ഏറ്റവും തീവ്രമായ പ്രതിനിധാനമാണ്. ഇരുപത് ലക്ഷം പേർ ഒന്നര ലക്ഷത്തിൽ താഴെ സീറ്റുകൾക്കായി മത്സരിക്കുന്ന, കുറച്ചു കാരറ്റുകളും ഒരുപാട് മുയലുകളുമുള്ള ഒരു വ്യവസ്ഥയിൽ, ‘ഡോക്ടർ’ എന്ന പദവി കേവലം ഒരു തൊഴിൽ തെരഞ്ഞെടുപ്പല്ല, മറിച്ച് സാമൂഹിക സുരക്ഷിതത്വത്തിലേക്കും അന്തസ്സിലേക്കുമുള്ള ഏക പ്രവേശനകവാടമായി മാറുന്നു. ഈ കവാടം ഒരു ചോദ്യപേപ്പർ ചോർച്ചയിലൂടെ അട്ടിമറിക്കപ്പെടുമ്പോൾ, അത് കേവലം ഭരണപരമായ വീഴ്‌ചയായല്ല, മറിച്ച് മധ്യവർഗ പുനരുൽപ്പാദനത്തിന്റെ അടിസ്ഥാന കരാർ തന്നെ ലംഘിക്കപ്പെടുന്നതായി അനുഭവപ്പെടുന്നു. ഇവിടെയാണ് ചീഫ് ജസ്റ്റിസിന്റെ ‘പാറ്റ’ പരാമർശം ഇത്ര ആഴത്തിൽ മുറിവേൽപ്പിച്ചത്‐ മാർക്‌സും എംഗൽസും ‘ലുമ്പൻ തൊഴിലാളിവർഗം’ എന്ന് വിശേഷിപ്പിച്ച, ഉൽപ്പാദനപ്രക്രിയയ്‌ക്ക് പുറത്തുനിൽക്കുന്ന അരികുവൽക്കരിക്കപ്പെട്ട വിഭാഗത്തെ സൂചിപ്പിക്കാൻ ചരിത്രപരമായി ഉപയോഗിക്കപ്പെട്ട ഭാഷ, തങ്ങളെത്തന്നെ സമൂഹത്തിന്റെ ഭാവി നെടുംതൂണുകളായി കരുതിയിരുന്ന മധ്യവർഗ വിദ്യാർഥികൾക്കുനേരെ പ്രയോഗിക്കപ്പെടുകയായിരുന്നു എന്നു കാണണം. അതു സഹിച്ചിരിക്കാൻ മാത്രം സഹനശേഷി ഇന്ത്യൻ യുവത്വത്തിനില്ല. അപ്പോഴാണവർ ഒരുമ്പെട്ടിറങ്ങിയത്.
കോക്രോച്ച് പ്രതിഭാസവും
ഇടത് വിദ്യാർഥി
പ്രസ്ഥാനങ്ങളും
ചരിത്രകാരനായ മുകുൾ കേശവൻ ഈ പ്രസ്ഥാനത്തെ വിശേഷിപ്പിച്ചത് ‘നഗര ശമ്പളവർഗ’ത്തിന്റെ മുന്നേറ്റം എന്നാണ്‐ പ്രധാനമായും ഹിന്ദു, മേൽജാതി പശ്ചാത്തലമുള്ള, ശമ്പളാധിഷ്ഠിത നഗര മധ്യവർഗ യുവാക്കൾ. ഇത് ബിജെപിക്ക് സവിശേഷമായ ഒരു പ്രതിസന്ധി സൃഷ്ടിച്ചു. പ്രതിഷേധിക്കുന്നവർ പാർടിയുടെ സ്വന്തം സാമൂഹിക അടിത്തറയിൽ നിന്നാണ് വരുന്നത്. ഈ വിദ്യാർഥികൾ ബിജെപി ഒരു ദശകത്തിലേറെയായി പരിപോഷിപ്പിച്ചെടുത്ത അഭിലാഷാധിഷ്ഠിത മധ്യവർഗ വോട്ടുബാങ്കിൽ നിന്നുതന്നെയാണ് വന്നത് എന്നർഥം. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ഈ വിഭാഗത്തെ പൂർണമായി അകറ്റിനിർത്താൻ ബിജെപിക്ക് കഴിയുമായിരുന്നില്ല. എന്നാൽ ഈ വർഗ-സ്വഭാവ വിശകലനത്തെ സങ്കീർണമാക്കുന്ന ഒന്നുണ്ട്-‐ ജന്തർ മന്തറിലെ പ്രതിഷേധസ്ഥലത്ത് ഹിന്ദു, മുസ്ലീം, സിഖ്, ക്രിസ്‌ത്യൻ, ദളിത്, ഒബിസി വിദ്യാർഥികൾ ഒരേ മുദ്രാവാക്യങ്ങൾ വിളിച്ച്, ഒരേ കണ്ണീർവാതകം ഏറ്റുവാങ്ങി നിന്നു എന്ന വസ്‌തുത. ഒരു പൊതു ഭൗതിക പ്രശ്നം‐ തൊഴിലില്ലായ്‌മയും വിദ്യാഭ്യാസ അരക്ഷിതത്വവും എന്ന പരസ്‌പരബന്ധിതപ്രശ്നം ഇന്ത്യൻ രാഷ്‌ട്രീയത്തെ സാധാരണഗതിയിൽ ഘടനാപരമായി വിഭജിക്കുന്ന സ്വത്വരാഷ്‌ട്രീയ ഗ്രിഡിനെ താൽക്കാലികമായെങ്കിലും മറികടന്നു എന്നത് ശ്രദ്ധേയവും ആവേശകരവുമാണ്. ഇവിടെയാണ് സിജെപി എന്ന പ്രതിഭാസവും ഇടത് സംഘടനകളും തമ്മിലുള്ള ബന്ധം പ്രവർത്തിച്ചത്. ഇത്രയും നൈസർഗികവും സൂക്ഷ്മതലത്തിൽ ലക്ഷ്യവേധിയുമായി ഇടതുപക്ഷരാഷ്‌ട്രീയം പ്രവർത്തിച്ച സന്ദർഭം സമീപകാലത്തില്ല.
CJP ഒരു പ്രത്യയശാസ്‌ത്ര പദ്ധതിയല്ല എന്നു നമുക്കറിയാം. അതിെന്റ സ്വയം പ്രഖ്യാപിത സ്വത്വം ‘രാഷ്‌ട്രീയ ആക്ഷേപഹാസ്യം’ എന്നാണ്. ഇത് സ്വച്ഛന്ദമായ, മീം- അധിഷ്ഠിതമായ, വൈകാരികമായ ഒരു മുന്നേറ്റമാണ്‐ ബോധപൂർവമായ വർഗരാഷ്‌ട്രീയ പദ്ധതിയല്ല. അതേസമയം എസ്എഫ്ഐ, എഐഎസ്എ, എഐഎസ്എഫ് തുടങ്ങിയ സംഘടനകൾ ദശകങ്ങളുടെ സംഘടനാ അച്ചടക്കവും പ്രത്യയശാസ്‌ത്ര വ്യക്തതയും ഉള്ള പ്രസ്ഥാനങ്ങളാണ്. വലതുപക്ഷവും പോസ്റ്റ് മോഡേണിസ്റ്റുകളും ഒരേ സ്വരത്തിൽ പറയുന്നതുപോലെ സിജെപി സമരത്തിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാൻ വന്നവരായിരുന്നില്ല ഇടതുപക്ഷപ്രസ്ഥാനങ്ങൾ. രാഷ്‌ട്രീയമായി ആഴമുള്ള ഉള്ളടക്കം നീറ്റ് സമരത്തിന് കൈവന്നത് ഇടതുസംഘടനകളുടെ ഇടപെടലോടെയാണ്. അതാണ് ഇന്ത്യൻ ഫാഷിസത്തിന് ഏറ്റവും അപായകരവും. ഇത് വലതുപക്ഷ- ടീമിനറിയില്ലെങ്കിലും രാഷ്‌ട്രീയ ഹിന്ദുത്വയ്‌ക്ക് നന്നായറിയാം. സമരം തീർന്നയുടനേ ആദ്യമേ ഡൽഹി പൊലീസ് വേട്ടയാരംഭിച്ചത് സഖാവ് ഐഷി ഘോഷിലേക്കാണ് എന്നത് യാദൃച്ഛികമേയല്ല. ലെനിന്റെ ഭാഷയിൽ പറഞ്ഞാൽ, സിജെപി പ്രതിനിധാനം ചെയ്യുന്നത് ശുദ്ധമായ സ്വാച്ഛന്ദ്യമാണ്‐ ശക്തവും ആധികാരികവുമായ ജനകീയരോഷമുണ്ട്, എന്നാൽ അതിനെ സുസ്ഥിര രാഷ്‌ട്രീയ പദ്ധതിയാക്കി മാറ്റാനുള്ള സൈദ്ധാന്തിക ചട്ടക്കൂടില്ല എന്ന അവസ്ഥ. ഈ വിടവിലേക്കാണ് ഇടത് വിദ്യാർഥി സംഘടനകൾ പ്രവേശിച്ചത്. ഐഷി ഘോഷിനെയും ആദർശ് സജിയെയും പോലുള്ള നേതാക്കൾ നിരാഹാരത്തിൽ പങ്കുചേർന്നത് കേവല ഐക്യദാർഢ്യമല്ല, ഗ്രാംഷി വിഭാവനം ചെയ്‌ത ‘ബോധപൂർവമായ നേതൃത്വ’ത്തിന്റെ, സ്വച്ഛന്ദ മുന്നേറ്റത്തിലേക്കുള്ള സന്നിവേശനമായിരുന്നു. എന്നാൽ ഈ സന്നിവേശം എത്രത്തോളം വിജയിച്ചു, ഇതിന്റെ തുടർച്ചയുണ്ടാവുമോ എന്നീ ചോദ്യങ്ങൾ ബാക്കിയാണ്. ഈ മുന്നേറ്റത്തിന്റെ ദീർഘകാല ശക്തി പരീക്ഷാ പരിഷ്‌കരണം എന്ന ഉടനടിയുള്ള ആവശ്യത്തെ കരാർ അധ്യാപകർ, പദ്ധതി തൊഴിലാളികൾ, ഡെലിവറി തൊഴിലാളികൾ, തൊഴിലില്ലാത്ത ബിരുദധാരികൾ, ഗ്രാമീണ തൊഴിലാളികൾ എന്നിവരുടെ വിശാലമായ തൊഴിൽ-സാമ്പത്തിക പുനർവിതരണ സമരവുമായി ബന്ധിപ്പിക്കാൻ കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കും. സംഘടിത തൊഴിലാളിവർഗം ആർജിച്ച അനുഭവം യുവജന മുന്നേറ്റത്തിന് ഒരു ഭാരമല്ല, മറിച്ച് അതിന് നിലനിൽപ്പും ദിശയും നൽകാൻ കഴിയുന്ന ആരുബലവും ചാലകശക്തിയുമാണ്. എന്നാൽ അതു സ്വീകരിച്ചു മുന്നേറാനുള്ള രാഷ്‌ട്രീയ ഇച്ഛാശക്തി ഇനിയും തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു. ദീപ്കെ ‘ഇത് തുടക്കം മാത്രമാണ്’ എന്ന് പ്രഖ്യാപിച്ചെങ്കിലും, ഒരു സ്ഥിരം സംഘടനാ ഘടനയോ വിശാലമായ വർഗരാഷ്‌ട്രീയ പദ്ധതിയോ ഇല്ലാതെ ഈ ഊർജം എത്രത്തോളം നിലനിൽക്കും എന്നത് തുറന്ന ചോദ്യമായി അവശേഷിക്കുന്നു. ലെനിൻ നൽകിയ മുന്നറിയിപ്പ് നമുക്കു മുന്നിലുണ്ട്. “സ്വച്ഛന്ദമായ പ്രക്ഷോഭം, ബോധപൂർവമായ സംഘടനയുടെ അഭാവത്തിൽ, ഉടനടിയുള്ള ആവശ്യങ്ങൾ നേടിക്കഴിഞ്ഞാൽ സ്വാഭാവികമായി കെട്ടടങ്ങുന്നു.” ഈ പ്രതിസന്ധിഘട്ടം ഇടതുപക്ഷത്തിന് ആശയവ്യക്തതയുടെയും പ്രയോഗസൂക്ഷ്മതയുടെയും അനിവാര്യ സന്ദർഭമായിത്തീരുകയാണ്. സമരത്തിന്റെ രാഷ്‌ട്രീയ ഉള്ളടക്കത്തെ സമർഹമായി നിശ്ചയിക്കാൻ കഴിഞ്ഞ ഇടതുയുവത്വത്തിന് സമരാനന്തര രാഷ്‌ട്രീയപരിണാമത്തെയും ക്രിയാത്മകമായി പരിവർത്തിപ്പിക്കാൻ കഴിയും, കഴിയണം.
ജോൺ എറൻറൈക്കും ബാർബറ എറൻറൈക്കും
ഭരണകൂടത്തിന്റെ
പ്രതികരണവും
ആധിപത്യ
പ്രതിസന്ധിയും
മാക്കിയവെല്ലിയുടെ ‘സെന്റോർ' (പകുതി മനുഷ്യനും പകുതി മൃഗവുമായ പുരാണ കഥാപാത്രം) എന്ന സങ്കൽപ്പത്തെ അടിസ്ഥാനമാക്കി ഗ്രാംഷി വിശദീകരിക്കുന്ന ഒരു ഇരട്ട തന്ത്രമുണ്ട്. ഇതിൽ മൃഗത്തിന്റെ അംശം ‘ബലപ്രയോഗത്തെയും' (Coercion) മനുഷ്യന്റെ അംശം ‘സമ്മതിയെയും' (Consent) പ്രതിനിധീകരിക്കുന്നു. ഭരണകൂടം അതിന്റെ അധികാരം നിലനിർത്താൻ ഉപയോഗിക്കുന്ന നേരിട്ടുള്ള അടിച്ചമർത്തൽ രീതിയാണ് ബലപ്രയോഗം. ജൂലൈ 20-‐ലെ പാർലമെന്റ് മാർച്ചിനെ പൊലീസ് ലാത്തിച്ചാർജിലൂടെയും കണ്ണീർവാതകത്തിലൂടെയും നേരിട്ടു; ദീപ്കെയും വാങ്ചുക്കും കസ്‌റ്റഡിയിലാക്കപ്പെട്ടു; പ്രതിഷേധക്കാർക്കെതിരെ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. ഗ്രാംഷിയൻ ഭാഷയിൽ ‘രാഷ്‌ട്രീയസമൂഹ’ത്തിന്റെ മർദകോപകരണങ്ങളെല്ലാം പ്രയോഗിക്കപ്പെട്ടു. ഇതേ ഭരണകൂടം തന്നെ സമരത്തിനു മുന്നിൽ അയഞ്ഞ് വാഗ്ദാനങ്ങളും നൽകി: എഫ്ഐആറുകൾ പിൻവലിക്കൽ, മരണമടഞ്ഞ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം, 2027 മുതൽ നീറ്റ് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാക്കി മാറ്റുമെന്ന പ്രഖ്യാപനം. വാഗ്ദാനത്തിലുപരി സാധ്യമായത് ധർമേന്ദ്ര പ്രധാന്റെ രാജി മാത്രമാണ്. എന്നാൽ ധർമേന്ദ്രയ്‌ക്കു പകരക്കാരനായി വന്നിരിക്കുന്നത് പ്രഹ്ലാദ് ജോഷിയാണ്, അതായത് വലംകാലിലെ മന്ത് ഇടംകാലിലാക്കി കിട്ടിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പുതിയ മൻ കീ ബാത്ത് സ്ഥലമായ ഇൻസ്റ്റഗ്രാമിലൂടെ സമരം ചെയ്‌ത കുട്ടികളോട് വാക്കാൽ ക്ഷമിച്ചിട്ടുണ്ടെങ്കിലും കേസുകളൊന്നും പിൻവലിക്കപ്പെട്ടിട്ടില്ല. മറ്റെല്ലാ വാഗ്ദാനങ്ങളും നിലവിൽ വാഗ്ദാനങ്ങൾ മാത്രമായി അവശേഷിക്കുന്നു. ‘സിവിൽ സമൂഹ’ത്തിലെ സമ്മത നിർമാണ തന്ത്രമാണ് നിലവിൽ ഭരണകൂടം പയറ്റുന്നത് എന്നു വ്യക്തമാണ്.
ഈ ഇരട്ട തന്ത്രത്തിന്റെ കേന്ദ്രബിന്ദു ‘നിഷ്ക്രിയ വിപ്ലവം’ എന്ന ഗ്രാംഷിയൻ സങ്കൽപ്പമാണ്. ഒരൊറ്റ മന്ത്രിയെ ബലിയർപ്പിച്ചുകൊണ്ട്, ഘടനാപരമായ ചോദ്യങ്ങൾ‐ സ്വകാര്യ കോച്ചിങ് വ്യവസായത്തിന്റെ അമിതാധികാരം, ഒരൊറ്റ ഉന്നതസ്ഥായി പരീക്ഷയിൽ ലക്ഷക്കണക്കിന് ജീവിതങ്ങൾ കേന്ദ്രീകരിക്കുന്ന അപര്യാപ്തതാ കേന്ദ്രിതവിദ്യാഭ്യാസം, തൊഴിലില്ലായ്‌മയുടെ ഘടനാപരമായ കാരണങ്ങൾ എന്നിവയെ തൊടാതെ തന്നെ ഭരണകൂടത്തിന് പ്രതിഷേധ ഊർജത്തെ ആഗിരണം ചെയ്യാൻ കഴിയും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വന്തം വോട്ടുബാങ്കിനെ പിണക്കാതിരിക്കാനുള്ള തന്ത്രപരമായ കണക്കുകൂട്ടലിനപ്പുറം വിപ്ലവകരമായ ഒരു പുനർവിചിന്തനവും ഹിന്ദുത്വഭരണകൂടത്തിൽനിന്ന് പ്രതീക്ഷിക്കേണ്ടതില്ല. ഇവിടെ കോൺഗ്രസിന്റെ പങ്കും ശ്രദ്ധിക്കേണ്ടതാണ്. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിക്കുകയും രാജിയെ പ്രതിപക്ഷത്തിന്റെ വിജയമായി അവകാശപ്പെടുകയും ചെയ്‌തു. ഇത് ഗ്രാംഷിയൻ അർഥത്തിലുള്ള ട്രാൻസ്ഫോർമിസ്മോയുടെ മറ്റൊരു തലമാണ്. ഭരണവർഗം തങ്ങളുടെ മേധാവിത്വം (Hegemony) നിലനിർത്താൻ ഉപയോഗിക്കുന്ന നിരന്തരമായ ഒരു രാഷ്‌ട്രീയ തന്ത്രമാണ് ഗ്രാംഷി ട്രാൻസ്ഫോർമിസ്‌മോ എന്ന് വിശദീകരിക്കുന്നത്. അടിസ്ഥാന വർഗങ്ങളിൽനിന്ന് ഉയർന്നുവരുന്ന വിപ്ലവകരമായ ആശയങ്ങളെയും പ്രസ്ഥാനങ്ങളെയും അടിച്ചമർത്തുന്നതിന് പകരം, ഭരണകൂടം അവരെ തങ്ങളുടെ വ്യവസ്ഥയുടെ ഭാഗമാക്കുന്നു. പ്രക്ഷോഭകാരികളുടെ പുരോഗമനപരമായ ആശയങ്ങളെ ഭരണവർഗം ഏറ്റെടുക്കുകയും, എന്നാൽ അതിന്റെ വിപ്ലവകരമായ ഊർജം ചോർത്തിക്കളഞ്ഞുകൊണ്ട് നിലവിലെ വ്യവസ്ഥയ്‌ക്ക് കോട്ടം തട്ടാത്ത രീതിയിൽ നടപ്പിലാക്കുകയും ചെയ്യുന്നു. കോൺഗ്രസ് നിലവിൽ ഇന്ത്യയിൽ ഭരണവർഗമല്ലെങ്കിലും അതിദീർഘകാലം സ്വതന്ത്ര ഇന്ത്യയെ ഭരിച്ചവരാണ്, ഹിന്ദുത്വഭരണകൂടത്തിലേക്ക് ഇന്ത്യയെ തള്ളിയിട്ടത് കോൺഗ്രസിന്റെ കെടുകാര്യസ്ഥതയുമാണ്. തെരുവിലെ സ്വച്ഛന്ദ ഊർജ്ജത്തെ പാർലമെന്ററി പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ നിലവിലുള്ള ചട്ടക്കൂടിലേക്ക് ആഗിരണം ചെയ്യാനുള്ള മറ്റൊരു തരം ട്രാൻസ്ഫോർമിസ്‌മോ ശ്രമം കോൺഗ്രസ് നടത്തുകയാണ്. ഈ ആഗിരണം വിജയിച്ചാൽ, ഭരണവർഗത്തിനുള്ളിലെ ഒരു വിഭാഗത്തിൽനിന്ന് മറ്റൊരു വിഭാഗത്തിലേക്കുള്ള അധികാരക്കൈമാറ്റമായി മാത്രം ഈ പ്രക്ഷോഭം ചുരുക്കാം‐ ഘടനാപരമായ വർഗബന്ധങ്ങളിൽ മാറ്റം വരാതെ തന്നെ അതു സാധ്യമാണ് എന്നതിന് ഇന്ത്യയിൽ ഉദാഹരണങ്ങളുണ്ട്. ആശ്വാസകരമായ വസ്‌തുത, സിജെപി നിലവിൽ അതിനു വഴങ്ങിയിട്ടില്ല എന്നതാണ്.
ഇന്ത്യൻ വർഗീയതയുടെ
സമകാലിക സ്വഭാവവും
ഈ സമരവും
സമകാലിക ഇന്ത്യൻ വർഗീയതയുടെ പ്രാഥമിക രാഷ്‌ട്രീയധർമം രൺധീർ സിങ്ങും അച്ചിൻ വിനായിക്കും ചൂണ്ടിക്കാട്ടിയതുപോലെ ഭൗതിക വർഗവൈരുധ്യങ്ങളെ സ്വത്വപരമായ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി വിവിധ വർഗ വിഭാഗങ്ങളുടെ ഐക്യസാധ്യതകളെ തടയുക എന്നതാണ്. തൊഴിലില്ലായ്‌മയ്‌ക്കും വിദ്യാഭ്യാസ അരക്ഷിതത്വത്തിനും എതിരായ മധ്യവർഗരോഷം ചരിത്രപരമായി ഇന്ത്യയിൽ പലപ്പോഴും ന്യൂനപക്ഷങ്ങൾക്കോ സംവരണ വ്യവസ്ഥയ്‌ക്കോ എതിരായ വർഗീയ/ജാതി-വിരുദ്ധ പ്രചാരണമായി വഴിതിരിച്ചുവിടപ്പെട്ടിട്ടുണ്ട്. ഭരണവർഗത്തിന് ഏറ്റവും കുറഞ്ഞ ചെലവിൽ ലഭ്യമായ ഒരു ‘സുരക്ഷാ വാൽവ്’ ആയി ഈ വഴിതിരിച്ചുവിടൽ പ്രവർത്തിച്ചിട്ടുമുണ്ട്. എന്നാൽ രണ്ട് പ്രത്യക്ഷവസ്‌തുതകൾ ഈ സുരക്ഷാവാൽവ് നിലവിൽ അടച്ചിരിക്കുന്നു. ഒന്നാമതായി ജന്തർ മന്തർ പ്രക്ഷോഭത്തിന്റെ ബഹുസ്വര- സാമുദായിക സ്വഭാവം ആവേശകരമാംവിധം വ്യക്തമായിരുന്നു. ഹിന്ദു, മുസ്ലീം, സിഖ്, ക്രിസ്‌ത്യൻ, ദളിത്, ഒബിസി വിദ്യാർഥികൾ പൊതു ഭൗതിക ആവശ്യങ്ങൾക്കായി ഒരുമിച്ചുനിന്നു. പ്രധാൻ രാജിവച്ചപ്പോൾ ജാതിമത വർഗ വർണ സ്ഥലവ്യത്യാസങ്ങൾ ഒന്നുമില്ലാതെ ദേശീയപതാകകൾ ജന്തർ മന്തറിൽ പാറിപ്പറക്കുന്നത് ഉജ്വലമായ കാഴ്‌ചയായിരുന്നു. രണ്ടാമതായി, സമരശേഷം സിജെപി നേതാവ് അഭിജിത് ദീപ്കെ പറഞ്ഞ ഒരു കാര്യം ഞാനൊരു മുസ്ലീമായിരുന്നെങ്കിൽ സ്ഥിതി മാറിയേനേ എന്നാണ്. അതായത് നിലവിൽ ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ പരിപ്പ് ഒട്ടും വെന്തിട്ടില്ല എന്നർഥം. അതിനവർ ശ്രമിക്കാഞ്ഞിട്ടല്ല. ആർഎസ്എസ് അനുകൂല പ്രസിദ്ധീകരണമായ ‘ഓർഗനൈസർ’ ഈ പ്രക്ഷോഭത്തെ ‘വ്യത്യസ്‌ത അജണ്ടകളുള്ള വ്യത്യസ്‌ത അഭിനേതാക്കൾ’ എന്ന് വിശേഷിപ്പിച്ചത് വെറുതേയല്ല. ഒരു ബദൽ ആധിപത്യ സാധ്യതയായി വളരാൻ ഇടയുള്ള ഒരു ബഹുജന ഐക്യത്തെ, അതിന്റെ ആരംഭത്തിൽ തന്നെ ഭിന്നിപ്പിക്കാനും അപകീർത്തിപ്പെടുത്താനുമുള്ള ശ്രമമാണത്. നിലവിൽ അതു തീരെ വിലപ്പോവുന്നില്ല എന്നു മാത്രം.
ഡൽഹിയിലെ വിദ്യാർഥിപ്രക്ഷോഭം ഫോട്ടോ: പി വി സുജിത്
മധ്യവർഗ സമീപനത്തിന്റെ
പരിമിതികൾ
പത്തുവർഷങ്ങൾക്ക് ശേഷം ലഭിച്ചിരിക്കുന്ന ഒരു വിജയത്തിൽ ഏതു ജനാധിപത്യ വിശ്വാസിക്കും ഈ സമരത്തിന്റെ കാര്യത്തിൽ ആനന്ദത്തിനവകാശമുണ്ട്. എന്നാൽ ധർമേന്ദ്രയ്‌ക്കു പകരം പ്രഹ്ലാദ് ജോഷി എന്ന ക്രൂരഹാസ്യത്തിനപ്പുറം നിലവിൽ ഒന്നും സംഭവിക്കാത്ത ഈ സമരാനന്തരഘട്ടം ഏറ്റവും ഫലപ്രദമായി വിനിയോഗിക്കുക ആർഎസ്എസ്-, ഹിന്ദുത്വ ആശയകേന്ദ്രങ്ങളായിരിക്കും എന്നും തിരിച്ചറിയേണ്ടതുണ്ട്. ഇതുവരെ അഭിമുഖീകരിക്കാത്ത ഇത്തരമൊരു പ്രക്ഷോഭസാധ്യത ഇനിയൊരിക്കലും വളർന്നുവരരുതെന്ന പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കുന്നവർക്കു മുന്നിലാണ് ഇനി ഇടതുപക്ഷം സ്വയം പ്രകാശിപ്പിക്കേണ്ടത്. അതിന് ഈ പ്രക്ഷോഭത്തെ വസ്‌തുതാപരമായി സൂക്ഷ്മതലത്തിൽ വിലയിരുത്തേണ്ടതുണ്ട്.
ഈ പ്രക്ഷോഭത്തിന്റെ ഭാഷ ശ്രദ്ധിച്ചാൽ കാര്യം വ്യക്തമാവും. കേന്ദ്ര ആവശ്യം ‘അഴിമതി അവസാനിപ്പിക്കുക’, ‘സുതാര്യമായ പരീക്ഷ ഉറപ്പാക്കുക’ എന്നിവയാണ്‐ നിലവിലുള്ള മെറിറ്റോക്രാറ്റിക് വ്യവസ്ഥയെ അതിന്റെ ‘ശുദ്ധമായ’ രൂപത്തിൽ പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യം, ആ വ്യവസ്ഥയെത്തന്നെ ചോദ്യം ചെയ്യുകയല്ല. ഇരുപത് ലക്ഷം പേർ ഒന്നര ലക്ഷത്തിൽ താഴെ സീറ്റുകൾക്കായി മത്സരിക്കേണ്ടിവരുന്ന വൈരുധ്യാധിഷ്ഠിത ഘടനയെത്തന്നെ‐അതായത് പൊതുജനാരോഗ്യ വിദ്യാഭ്യാസത്തിലുള്ള പൊതുനിക്ഷേപത്തിന്റെ അപര്യാപ്തതയെ‐ഈ പ്രക്ഷോഭം സമഗ്രമായി ചോദ്യം ചെയ്യുന്നില്ല. ഇത് മധ്യവർഗ രാഷ്‌ട്രീയത്തിന്റെ ക്ലാസിക്കൽ പരിമിതിയാണ്. നീതി എന്നത് ‘ദൗർലഭ്യത്തിനുള്ളിലെ തുല്യ അവസരം’ എന്ന അർഥത്തിലാണ് മനസ്സിലാക്കപ്പെടുന്നത്, ‘പുനർവിതരണത്തിലൂടെ ദുർലഭാവസ്ഥ തന്നെ ഇല്ലാതാക്കുക’ എന്ന അർഥത്തിലല്ല. അണ്ണാ ഹസാരെ പ്രസ്ഥാനത്തിന്റെ ഊർജം ഒരു വശത്ത് ആം ആദ്മി പാർടിയുടെ സാങ്കേതികവാദപരമായ ഉദാരവൽക്കരണ രാഷ്‌ട്രീയത്തിലേക്കും, പൊതു ‘ഭരണവിരുദ്ധ മാനസികാവസ്ഥ’യിലൂടെ 2014-‐ലെ ബിജെപിയുടെ അധികാരാരോഹണത്തിനും ഇന്ധനമായി എന്നത് ചരിത്രപരമായ ഒരു മുന്നറിയിപ്പാണ്: ധാർമിക/മെറിറ്റോക്രാറ്റിക് ഭാഷയിൽ സംസാരിക്കുന്ന മധ്യവർഗ പ്രസ്ഥാനങ്ങൾ, വ്യക്തമായ വർഗരാഷ്‌ട്രീയ ദിശാബോധമില്ലെങ്കിൽ, ഇടത്തോട്ടും വലത്തോട്ടും ഒരുപോലെ ഒഴുകാവുന്നവയാണ് എന്ന ചരിത്രപരമായ മുന്നറിയിപ്പ്. എന്നാൽ അണ്ണാ ഹസാരെ പ്രസ്ഥാനവുമായി നീറ്റ് സമരത്തെ നേർക്കുനേർ താരതമ്യം ചെയ്യാനേയാവില്ല. കാരണം നീറ്റ് സമരത്തിന്റെ രാഷ്‌ട്രീയ ഉള്ളടക്കം ഇടതുപക്ഷ പ്രവർത്തകരാൽ ആഴമുള്ള ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അതിലപ്പുറം ഇന്ത്യൻ രാഷ്‌ട്രീയയുവത്വം അതിധീരമായി ഹിന്ദുത്വ ഫാഷിസത്തോട് നേർക്കുനേർ നിന്നിട്ടുമുണ്ട്. ആർഎസ്എസ് മുന്നോട്ടുവയ്‌ക്കുന്ന പ്രത്യയശാസ്‌ത്രത്താൽ മുന്നോട്ടുനീങ്ങുന്ന ബിജെപി ലക്ഷ്യമിടുന്ന ഹിന്ദുരാഷ്‌ട്രം ആത്യന്തികമായി ജാതിരാഷ്‌ട്രം തന്നെയാണ് എന്നു നമുക്കറിയാം. നീറ്റ് തന്നെ ചരിത്രപരമായി സംവരണ വിവാദങ്ങളുടെ ഒരു കേന്ദ്രബിന്ദുവാണ്; വൈദ്യശാസ്‌ത്ര വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം ജാതി- അധിഷ്ഠിത അസമത്വങ്ങളാൽ ചരിത്രപരമായി അടയാളപ്പെട്ട ഒരു മേഖലയാണ്. ‘മെറിറ്റ്’, ‘സുതാര്യത’ എന്നീ പദാവലിയിൽ സംസാരിക്കുന്ന ഒരു പ്രക്ഷോഭം ജാതി-വർഗ ബന്ധത്തെക്കുറിച്ചുള്ള വിമർശനാത്മക ധാരണയില്ലാതെ മുന്നോട്ടുപോയാൽ ഗോപാൽ ഗുരു ചൂണ്ടിക്കാട്ടിയതുപോലുള്ള ഒരു അപകടസാധ്യത ഉള്ളടങ്ങുന്നതായിത്തീരും. മേൽജാതി മധ്യവർഗത്തിന്റെ ‘മെറിറ്റ്’ സംബന്ധിച്ച ഉത്കണ്ഠകൾ സംവരണത്തിനെതിരായ അപ്രഖ്യാപിത വികാരമായി ‘അഴിമതിവിരുദ്ധത’യുടെ വേഷത്തിൽ പുനരാവിഷ്‌കരിക്കപ്പെടാനുള്ള സാധ്യത നിലനിൽക്കുന്നു എന്നർഥം. ഈ പ്രക്ഷോഭം സംവരണ വിരുദ്ധമാണെന്നല്ല. സംവരണത്തിന്റെ ഇന്ത്യൻ സാഹചര്യത്തെ രാഷ്‌ട്രീയമായി തിരിച്ചറിയാൻ സമരയുവത്വത്തിന് കഴിവില്ലെന്നുമല്ല. ബോധപൂർവമല്ലാത്ത ഒരു മെറിറ്റോക്രസി വാദത്തിന്റെ ഘടനാപരമായ അപകടസാധ്യത സൈദ്ധാന്തികമായി നിലനിൽക്കുന്നു എന്നതാണ് മുന്നിലുള്ള പ്രതിസന്ധി. പൗലന്റസാസിലേക്ക് മടങ്ങാം-‐ മധ്യവർഗം ഘടനാപരമായി ഒരു ചാഞ്ചാടുന്ന വർഗവിഭാഗമാണ്. മൂലധനത്തിന്റെ സ്ഥിരതയ്‌ക്കും ക്രമത്തിനും വേണ്ടി നിലകൊള്ളാനും അല്ലെങ്കിൽ തൊഴിലാളിവർഗവുമായി പങ്കിടുന്ന അരക്ഷിതത്വത്തിന്റെ അടിസ്ഥാനത്തിൽ ഐക്യപ്പെടാനും ഒരുപോലെ സാധ്യതയുള്ള വർഗവിഭാഗം. ഈ ഘടനാപരമായ അനിശ്ചിതത്വം തന്നെയാണ് ഈ പ്രക്ഷോഭത്തിന്റെ ഭാവിയെ ഒരു തുറന്ന രാഷ്‌ട്രീയ ചോദ്യമാക്കി നിലനിർത്തുന്നത്. ഒന്നുകിൽ ഈ ആവേശോജ്വലമായ സമരത്തിന് ഉടനടിയുള്ള ആവശ്യങ്ങൾ നേടിക്കഴിഞ്ഞ സാഹചര്യത്തിൽ, സ്ഥിരമായ സംഘടനാ ഘടനയുടെ അഭാവത്തിൽ, ക്രമേണ പാർലമെന്ററി പ്രതിപക്ഷ രാഷ്‌ട്രീയത്തിലേക്ക് ആഗിരണം ചെയ്യപ്പെടാം. അല്ലെങ്കിൽ സിജെപിക്ക് ഒരു ഔപചാരിക രാഷ്‌ട്രീയശക്തിയായി ‐ഒരുപക്ഷേ തെരഞ്ഞെടുപ്പ് കമീഷനിൽ രജിസ്റ്റർ ചെയ്‌ത പാർടിയായി പോലും‐ സ്വയം പുനർനിർമിക്കാൻ ശ്രമിക്കാം. ഇതൊന്നുമല്ലെങ്കിൽ ചരിത്രപരമായി ഏറ്റവും പ്രാധാന്യമുള്ള സംയോജനത്തിന്റെയും ദൃഢീകരണത്തിന്റെയും പാത സ്വീകരിച്ച് CJP-യുടെ ബഹുജനാവേശവും ഇടത് വിദ്യാർഥി സംഘടനകളുടെ സംഘടനാനുഭവവും കരാർ തൊഴിലാളികളുടെയും ഗിഗ് തൊഴിലാളികളുടെയും തൊഴിലില്ലാത്ത ബിരുദധാരികളുടെയും കർഷകരുടെയും വിശാലമായ സാമ്പത്തിക പുനർവിതരണ ആവശ്യങ്ങളുമായി സംയോജിക്കാം. അങ്ങനെ ഈ ഗംഭീരസമരം ഗ്രാംഷി വിഭാവനം ചെയ്‌ത ‘സ്ഥാനയുദ്ധ’ത്തിന്റെ (war of position) ദീർഘകാല പ്രക്രിയയ്‌ക്ക് ‐സിവിൽ സമൂഹത്തിനുള്ളിൽ ക്രമേണ ഒരു ബദൽ ആധിപത്യ ചട്ടക്കൂട് കെട്ടിപ്പടുക്കുന്ന പ്രക്രിയയ്‌ക്ക് ‐ തുടക്കമിടാൻ സാധ്യതയുള്ള ഒരു ചരിത്രമുഹൂർത്തമായി പരിണമിക്കാം. അലൻ ബാദിയു ‘കമ്യൂണിസ്റ്റ് സാധ്യത’ (communist hypothesis) എന്ന് വിളിക്കുന്ന അർഥത്തിൽ പറഞ്ഞാൽ, ‘പ്രാണി’യുടെ ഈ മുന്നേറ്റം ഒരു വ്യവസ്ഥാപിത പരിവർത്തനത്തിന്റെ ചക്രവാളമായി നിലനിൽക്കുമോ, അതോ ഒരു നിയന്ത്രിത ജനാധിപത്യ ക്രമീകരണത്തിനുള്ളിലെ ഒരു താൽക്കാലിക തിരുത്തലായി മാത്രം ഒതുങ്ങുമോ എന്നത് മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതല്ല. അത് നിർണയിക്കപ്പെടുന്നത് അടുത്ത മാസങ്ങളിലും വർഷങ്ങളിലും തെരുവിലും സർവകലാശാലകളിലും തൊഴിലിടങ്ങളിലും നടക്കുന്ന സംഘടനാപരമായ പ്രയത്നത്തിലൂടെയാണ്‐ തുടക്കത്തിലുദ്ധരിച്ച നേഹ ബോറയുടെ പ്രസംഗത്തിലേക്ക് പ്രതീക്ഷയോടെ നമുക്ക് കൺപാർക്കാതെ വയ്യ. പ്രിയപ്പെട്ട യുവാക്കളേ, ഈ സമരത്തിലെ ഓരോ മർദനവും ഓർത്തുവയ്‌ക്കുക. ഫാഷിസത്തിന്റെ ഏറ്റവും ഇരുളടഞ്ഞ നാളുകളിലൊന്നിൽ വാൾട്ടർ ബെന്യാമിൻ എഴുതിയതു പോലെ- “ഭൂതകാലത്തെ ചരിത്രപരമായി ആവിഷ്‌കരിക്കുക എന്നതിനർഥം അത് ‘യഥാർഥത്തിൽ എങ്ങനെയായിരുന്നു' എന്ന് കണ്ടെത്തലല്ല. മറിച്ച്, ഒരു അപകടഘട്ടത്തിൽ മിന്നിമറയുന്ന ഒരു ഓർമയെ മുറുകെ പിടിക്കുക എന്നതാണ്.”.
അവലംബങ്ങൾ
1. ആമിർ അസീസ് (Aamir Aziz) ഹിന്ദിയിൽ രചിച്ച "സബ് യാദ് രഖാ ജായേഗ" (Sab Yaad Rakha Jayega) എന്ന പ്രശസ്തമായ കവിതയുടെ മലയാള പരിഭാഷയുടെ പ്രാരംഭം.
2.Bloomberg. "India’s Cockroach Movement: What Is the CJP, Why Are Students Protesting." July 22, 2026. bloomberg.com.
3.Organiser. "One Stage, Different Actors, Many Agendas: Who Is Really Protesting at Jantar Mantar." July 23, 2026. organiser.org.
4.Time. "Interview with Mukul Kesavan." July 28, 2026. time.com.
5.Poulantzas, Nicos. Classes in Contemporary Capitalism.
6.Ehrenreich, Barbara, & Ehrenreich, John. "The Professional-Managerial Class." Between Labor and Capital.
7.Lenin, Vladimir. "The Spontaneity of the Masses and the Consciousness of the Social-Democrats." What Is To Be Done?
8.Gramsci, Antonio. "Notes on Italian History, Passive Revolution." Selections from the Prison Notebooks.
9.Badiou, Alain. The Communist Hypothesis.
10.Benjamin, Walter. "Thesis VI." Theses on the Philosophy of History.










0 comments