ദുബായിൽ വീടുകളുടെ വിലയും വാടകയും താഴേക്ക്

ദുബായ് : പുതിയ താമസ യൂണിറ്റുകളുടെ ലഭ്യത ഉയർന്നതോടെ ദുബായിലെ ഭവന വിപണിയിൽ വിലയിലും വാടകയിലും ഇടിവ്. 2026ന്റെ രണ്ടാം പാദത്തിൽ നഗരത്തിലെ വീടുകളുടെ വിൽപ്പനവില നാലുശതമാനവും ശരാശരി വാടക ആറുശതമാനവും കുറഞ്ഞതായി കുഷ-്‌മാൻ ആൻഡ് വേക്ക്‌ഫീൽഡ് കോർ റിപ്പോർട്ട് ചെയ്തു. വിപണി കൂടുതൽ സന്തുലിതാവസ്ഥയിലേക്ക് നീങ്ങുന്നതിന്റെ സൂചനയായാണ് വിലയിടിവിനെ വിലയിരുത്തുന്നത്. അഞ്ചുവർഷത്തോളം തുടർച്ചയായി വില ഉയർന്നതിനുപിന്നാലെ അപ്പാർട്ട്‌മെന്റ്, വില്ല വിഭാഗങ്ങളിലെ മിക്ക മേഖലകളിലും തിരുത്തൽ പ്രകടമാണ്.
ഇടപാടുകളുടെ എണ്ണം കുറഞ്ഞതും വാങ്ങുന്നവരുടെയും വിൽപ്പനക്കാരുടെയും വില പ്രതീക്ഷകളിലെ വ്യത്യാസവും വിലകുറയാൻ കാരണമായി. കൂടുതൽ വീടുകൾ വിപണിയിലെത്തുന്നതും ബാധിച്ചു. എന്നാൽ, സ്ഥിരതയാർന്ന താമസ മേഖലകളിൽ അടിസ്ഥാന ആവശ്യകത ശക്തമായി തുടരുന്നതിനാൽ വിലയിടിവിന്റെ ആഘാതം താരതമ്യേന കുറവായിരിക്കുമെന്നാണ് വിലയിരുത്തൽ.
അപ്പാർട്ട്‌മെന്റ് വിലയിൽ പാം ജുമൈറയിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്, ഒമ്പതുശതമാനം. ഡൗൺടൗൺ ദുബായിലും ബിസിനസ് ബേയിലും ഏഴുശതമാനം വീതം കുറഞ്ഞു. ദുബായ് ഹിൽസ് എസ്റ്റേറ്റിൽ നാലുശതമാനവും ജുമൈറ വില്ലേജ് സർക്കിളിൽ മൂന്ന് ശതമാനവുമാണ് ഇടിവ്.
വാടകയിലും സമാനമായ പ്രവണതയാണ്. ഉയർന്ന വാടക താങ്ങാനാകാതെ കൂടുതൽ അനുകൂലമായ നിരക്കിലുള്ള വീടുകളിലേക്ക് താമസക്കാർ മാറുന്നതാണ് പ്രധാന കാരണം. ഡൗൺടൗൺ ദുബായിൽ അപ്പാർട്ട്‌മെന്റ് വാടക 14 ശതമാനവും ദുബായ് ഹിൽസ് എസ്റ്റേറ്റിലും ദുബായ് മറീനയിലും 10 ശതമാനം വീതവും പാം ജുമൈറയിൽ ഒമ്പതുശതമാനവും കുറഞ്ഞു. വില്ലകളിൽ ദുബായ് ഹിൽസ് എസ്റ്റേറ്റിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്, 12 ശതമാനം.
വിലയും വാടകയും കുറയുമ്പോഴും പുതിയ വീടുകളുടെ നിർമാണവും കൈമാറ്റവും ശക്തമായി തുടരുകയാണ്. രണ്ടാം പാദത്തിൽ 13,200ലേറെ വീടുകൾ പൂർത്തിയാക്കി. സോബ ഹാർട്ട്‌ലാൻഡ്, ഡാമാക് ലഗൂൺസ്, ജബൽ അലി വില്ലേജ്, ദുബായ് സയൻസ് പാർക്ക്, ദ വാലി തുടങ്ങിയ പദ്ധതികളിലാണ് പ്രധാനമായും വീടുകൾ കൈമാറിയത്. 2026ന്റെ രണ്ടാം പകുതിയിൽ 32,000ഓളം താമസ യൂണിറ്റുകൂടി പൂർത്തിയാക്കി കൈമാറുമെന്നാണ് പ്രതീക്ഷ. 2030വരെ നീളുന്ന വൻ വികസന പദ്ധതികളും നിലവിലുണ്ട്. അതേസമയം, കരാറുകാരുടെ ശേഷിക്കുറവും വിതരണ ശൃംഖലയിലെ തടസ്സങ്ങളും വരുംമാസങ്ങളിൽ ചില പദ്ധതികളുടെ കൈമാറ്റത്തെ ബാധിക്കാനിടയുണ്ടെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകി. എന്നാൽ, മൊത്തത്തിലുള്ള ഭവന വിതരണം പ്രതീക്ഷിച്ച നിലയിൽതന്നെ മുന്നോട്ടുപോകുമെന്നാണ് വിലയിരുത്തൽ.










0 comments