ബ്ലിങ്കിറ്റ് ഡെലിവറി തൊഴിലാളിയെ സഹപ്രവർത്തകൻ തലയ്ക്കടിച്ചു കൊന്നു

കൊല്ലപ്പെട്ട സമദ് (ഇടത്), ആക്രമണത്തിന്റെ സിസിടിവി ദൃശ്യം(വലത്)
ഹൈദരാബാദ്: തെലങ്കാനയിൽ ഓൺലൈൻ പലചരക്ക് വിതരണക്കാരായ ബ്ലിങ്കിറ്റിന്റെ രണ്ട് ഡെലിവറി ഏജന്റുകൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു. 28കാരനായ മുഹമ്മദ് അബ്ദുൾ സമദ് എന്നയാളാണ് കൊല്ലപ്പെട്ടത്. മുഹമ്മദ് തുറാബുദ്ദീൻ എന്നയാളാണ് സമദിനെ ആക്രമിച്ചത്.
നർസിംഗിടൗണ്ൽ വ്യാഴാഴ്ച രാത്രി 9നാണ് സംഭവം. രൂക്ഷമായ തർക്കം നടക്കുന്നതിനിടെ തുറാബുദ്ദീൻ സമദിന്റെ തലയിലും മുഖത്തും ഇരുമ്പ് വടി കൊണ്ട് അടിച്ചു. ഗുരുതരമായി പരിക്കേറ്റ സമദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
സമദിന്റെ പിതാവ് മുഹമ്മദ് ഷാക്കിർ നൽകിയ പരാതിയിൽ തെലങ്കാന പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തു. ആക്രമണത്തിന് ഉപയോഗിച്ചതായി പറയപ്പെടുന്ന ആയുധം കണ്ടെത്തി. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് വ്യക്തമല്ല.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ദൃക്സാക്ഷികളായ മറ്റ് രണ്ട് ഡെലിവറി തൊഴിലാളികളെ ചോദ്യം ചെയ്ത് വരികയാണ്.










0 comments