അറബ് നാടകപ്രതിഭ മുഹമ്മദ് അൽ മുനെ അന്തരിച്ചു

കുവൈത്ത് സിറ്റി: അറബ് നാടകപ്രതിഭയും കുവൈത്തി നടനും ആധുനിക നാടക പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ ഒരാളുമായ മുഹമ്മദ് അബ്ദുൾറഹ്മാൻ അൽ മുനെ (95) അന്തരിച്ചു. അറബ് ലോകത്തെ നാടക, -സിനിമാരംഗത്ത് അറുപതിലേറെ വർഷം സജീവ സാന്നിധ്യമായിരുന്നു. പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നത്തെതുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
അരനൂറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിൽ നാടകം, ടെലിവിഷൻ, സിനിമ എന്നീ മേഖലകളിലായി അനവധി അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഏകദേശം 60-ൽ അധികം ടിവി പരമ്പരകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. മദിനത് അൽ അമൻ, ദുറൂബ് അൽ റൊജോല, ടാഷ് വാർഷ്, ഹാൽ മനായർ, ദ മിഡ്‌വൈഫ്, ബെയ്ത് അൽ അവാം, സാഹിർ അൽ-ലൈൽ, സീക്രട്ട്‌സ് ബിഹൈൻഡ് ദ സൺ തുടങ്ങിയവയിലെ പ്രകടനങ്ങൾ ഏറെ പ്രശംസ നേടി. 1963 മുതൽ 2015 വരെയുള്ള പല അപൂർവ കുവൈത്തി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. 2018-ൽ പുറത്തിറങ്ങിയ ‘അബ്രത്ത് ശര’യിലാണ് അവസാനമായി വേഷമിട്ടത്.
1930-ൽ കുവൈത്തിലെ ഖിബ്‌ല ജില്ലയിലാണ് അൽ മുനെ ജനിച്ചത്. എണ്ണ മേഖലയിൽ ഓദ്യോഗിക ജീവിതം തുടങ്ങി. 1956-ൽ പോപ്പുലർ തിയറ്റർ ട്രൂപ്പിൽ ചേർന്നതോടെയാണ് കലാരംഗത്തേക്ക് പ്രവേശിച്ചത്. 1964-ൽ കുവൈത്ത് തിയറ്റർ ട്രൂപ്പ് സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഗൾഫിലെ നാടകകലയുടെ വളർച്ചയ്ക്ക് അടിത്തറ പാകിയ അറബ് തിയറ്റർ ട്രൂപ്പിന്റെ സ്ഥാപക അംഗവുമായിരുന്നു. അൽ മുനെയുടെ വിയോഗത്തിൽ കുവൈത്ത് ഇൻഫർമേഷൻ, സാംസ്‌കാരിക മന്ത്രി അബ്ദുൾറഹ്മാൻ അൽ മുയ്തൈരി അനുശോചിച്ചു. കുവൈത്തിന്റെയും ഗൾഫിന്റെയും കലാ-സാംസ്‌കാരിക പുരോഗതിയ്ക്ക് അനശ്വര സംഭാവന നൽകിയ കലാകാരനായിരുന്നു അദ്ദേഹമെന്ന് മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.










0 comments