താമസ, തൊഴിൽ നിയമലംഘനം: സുരക്ഷാപരിശോധന കടുപ്പിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി : താമസ, തൊഴിൽ നിയമലംഘകർക്കെതിരെ സുരക്ഷാപരിശോധന കടുപ്പിച്ച് കുവൈത്ത്. വിവിധ ഗവർണറേറ്റുകളിലായി നടത്തിയ പരിശോധനയിൽ കഴിഞ്ഞ 10 ദിവസത്തിൽ 440 നിയമലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 30 മുതൽ മെയ് ഒമ്പതുവരെ നീണ്ട പരിശോധനകൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി അഫയേഴ്സ് ഇൻവസ്റ്റിഗേഷൻ വിഭാഗം വിവിധ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചാണ് നടത്തിയത്.
അറസ്റ്റിലായ എല്ലാവരെയും നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി മന്ത്രാലയം അറിയിച്ചു. നിയമം ലംഘിച്ച തൊഴിലാളികളെയും അവരെ ജോലിയിൽ നിയമിച്ച സ്ഥാപനങ്ങളെയും നിയമപരമായി നേരിടുമെന്ന് മന്ത്രാലയം പറഞ്ഞു. നിയമലംഘകർക്ക് എതിരായ നടപടി ശക്തമായി തുടരും. നിയമങ്ങൾ പാലിക്കുന്നതിൽ കർശനമായ നിലപാടാണ് മന്ത്രാലയം സ്വീകരിക്കുന്നതെന്നും വ്യക്തമാക്കി.
താമസ-, തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള രാജ്യവ്യാപക നീക്കങ്ങളിലൊന്നാണ് നടപടി. അനധികൃത തൊഴിലാളികളെ കണ്ടെത്തുകയും താമസ നിയമങ്ങൾ ലംഘിക്കുന്ന പ്രവണത നിയന്ത്രിക്കുകയും ചെയ്യുന്നതാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. സുരക്ഷാ ക്യാമ്പയിനുകൾ രാജ്യത്തെ എല്ലാ ഭാഗങ്ങളിലും തുടരും. പൊതുസുരക്ഷ ഉറപ്പാക്കുന്നതിന് ഇത്തരം നടപടികൾ അനിവാര്യമാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.








0 comments