കരുതലായി ‘ഹൃദ്യം’ മിടിപ്പേകിയത് കുരുന്നുകൾക്ക്

കാസർകോട് കുട്ടികളിലെ ഹൃദ്രോഗങ്ങൾ കണ്ടെത്തി സൗജന്യ ചികിത്സയൊരുക്കാൻ ഒന്നാം എൽഡിഎഫ് സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കിയ ‘ഹൃദ്യം’ പദ്ധതിവഴി ജില്ലയിലെ 413 കുരുന്നുകൾക്ക് പുതുജീവനേകി. പദ്ധതിതുടങ്ങി ഒമ്പത് വർഷത്തിൽ ജില്ലയിൽനിന്ന് 1129 കുട്ടികളെയാണ് വിവിധ ഘട്ടങ്ങളിലായി നടത്തിയ സ്‌ക്രീനിങ്ങുകൾവഴി ചികിത്സാപദ്ധതിയിൽ രജിസ്റ്റർചെയ്തത്. ഇതിൽ 413 കുട്ടികൾക്ക് എംപാനൽചെയ്‌ത ആശുപത്രികളിൽ ഹൃദയശസ്‌ത്രക്രിയ നടത്തി. മറ്റുള്ളവർക്ക് കൃത്യമായ ചികിത്സയും ഉറപ്പാക്കി. 2017 മുതൽ 2026 ഏപ്രിൽവരെയുള്ള കണക്കാണിത്. നവജാത ശിശുക്കൾ മുതൽ 18 വയസുവരെയുള്ളവരാണ് ഹൃദ്യം പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് കൂടുതലും ശസ്ത്രക്രിയകൾ നടത്തിയത്. രജിസ്റ്റർ ചെയ്തവരിൽ അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലാത്തതും മെഡിക്കൽ ഫോളോ അപ്പ് മാത്രം ആവശ്യമുള്ള കുട്ടികളും ഉൾപ്പെടും. എൽഡിഎഫ് സർക്കാരിന്റെ കരുതലിന്റെ ഭാഗമായാണ് 2017ആഗസ്‌തിൽ ഹൃദ്യം പദ്ധതി ആരംഭിച്ചത്. കേരളത്തിൽ മാത്രമാണ് ഇത്തരത്തിൽ സൗജനയമായൊരു പദ്ധതി ഉള്ളത്. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഒരുപോലെ ലഭ്യമാകുന്ന പദ്ധതിയാണിത്. സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ മേഖലയിലെ എട്ട് ആശുപത്രികളാണ് ഹൃദ്യത്തിൽ എംപാനൽ ചെയ്തിട്ടുള്ളത്. ജില്ലയിൽ പദ്ധതിക്കായി എംപാനൽചെയ്ത ആശുപത്രികളില്ല. പകരം പ്രസവകേന്ദ്രങ്ങളിലെയും ആരോഗ്യപ്രവര്‍ത്തകരുടെ ഗൃഹസന്ദര്‍ശന വേളയിലും നടത്തുന്ന സ്‌ക്രീനിങ്ങുകൾവഴിയാണ് കുട്ടികളിലെ ഹൃദ്‌രോഗ ലക്ഷണങ്ങൾ കണ്ടെത്തുന്നത്. ഇത്തരം കുരുന്നുകളെ ഡിഇഎസി(ഡിസ്‌ട്രിക് ഏർളി ഇന്റർവെൻഷൻ സെന്റർ)കളിലേക്ക് അയച്ച് പദ്ധതിയിൽ എംപാനൽചെയ്‌ത ആശുപത്രിൽ ചികിത്സ ഉറപ്പാക്കും. യൂണിക് ഐഡിയുള്ള കുട്ടികൾക്ക് എംപാനൽഡ് ആശുപത്രികളിലേക്ക് അമ്മയ്ക്കും കുഞ്ഞിനും അഡ്മിഷൻ മുതൽ ഡിസ്ചാർജുവരെ ചികിത്സാചെലവില്ല. അടിയന്തര സ്വഭാവമുള്ള കേസുകളാണെങ്കിൽ 24 മണിക്കൂറിനകം കുഞ്ഞിന് വിദഗ്ദ്ധചികിത്സ ലഭ്യമാക്കും. അവശ്യഘട്ടങ്ങളിൽ എംപാനൽചെയ്‌ത ആശുപത്രികളിലേക്ക് വെന്റിലേറ്റർസൗകര്യമുള്ള ആംബുലൻസ് സേവനവും തുടർചികിത്സയും സൗജന്യമായി ലഭ്യമാക്കും. രജിസ്ട്രേഷൻ http://hridyam.kerala.gov.in ൽ സ്വന്തം നിലയിലും ഡിഇഐസിയുടെ സഹായത്തോടെയും രജിസ്റ്റർചെയ്യാം. ജില്ലയിൽ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലാണ് ഡിഇഐസി. കൂടുതൽ വിവരങ്ങൾക്ക് ദിശ ഫോൺ: 1056/0471 2552056.








0 comments