പുലിപ്പേടിയൊടുങ്ങാതെ മലയോരം

രാജപുരം മലയോരത്തെ പുലിപ്പേടിയൊടുങ്ങുന്നില്ല. വീണ്ടും പുലി സാന്നിധ്യം. വളർത്തുനായയെ കടിച്ചു കൊന്നു. ഒരാഴ്ചമുമ്പ് പാണത്തൂർ കല്ലപ്പളിയിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് കഴിഞ്ഞദിവസം വളർത്തുപട്ടിയെ പുലികടിച്ചു കൊണ്ടുപോയത്. പനത്തടി പഞ്ചായത്തിലെ പരിയാരം തട്ടിൽ നാരായണന്റെ വീടിന്റെ മുറ്റത്ത് ചങ്ങലയിൽ കെട്ടിയിട്ടിരുന്ന നായയെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ പുലി ആക്രമിച്ചു കൊന്നത്. വീട്ടുമുറ്റത്തനിന്നു തന്നെ നായയെ പുലി ഭാഗികമായി ഭക്ഷിച്ചു. പ്രദേശത്ത് വന്യമൃഗ സാന്നിധ്യം സ്ഥിരീകരിച്ചതിനെതുടർന്ന് നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. പനത്തടി സെക്ഷൻ വനം വകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് മേലധികാരികൾക്ക് റിപ്പോർട്ട് സമർപ്പിച്ചു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാൻ കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാഹുൽ പനത്തടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് നിർദ്ദേശംനൽകി. പുലിയുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിനായി പ്രദേശത്ത് കാമറ സ്ഥാപിക്കാനും വന്യമൃഗശല്യം തടയുന്നതിന്റെ ഭാഗമായി നൈറ്റ് പട്രോളിങ് ശക്തമാക്കാനും തിരുമാനിച്ചു. പനത്തടി പഞ്ചായത്തിലെ വിവിധ വന അതിർത്തികളിൽ പുലിയുടെ സാന്നിധ്യം ഉണ്ടെന്ന് മുമ്പ് റിപ്പോർട്ടുചെയ്തതാണ്. ഇതിനിടയിലാണ് കല്ലപ്പള്ളിയിൽഅഞ്ച് വയസ് പ്രായം വരുന്ന ഒരു ആൺ പുലി ചത്ത നിലയിൽ കണ്ടെത്തിയത്. നാട്ടുകാരെ ഭീതിയിൽ നിർത്തിയ പുലി ചത്തത് ഏറെ ആശ്വാസമായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞദിവസം വീണ്ടും പുലി സാന്നിധ്യം കണ്ടെത്തിയത് ഇത് നാട്ടുകാരെ വീണ്ടും ഭീതിയിലാഴ്ത്തിയിട്ടുണ്ട്.







0 comments