അച്ഛനെ മക്കള്‍ക്ക് തിരികെ കിട്ടി 40 വർഷങ്ങൾക്കുശേഷം

മടിക്കൈ രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തിന് അച്ഛന്റെ അസാന്നിധ്യം എന്നും തീരാവേദനയായിരുന്നു. എന്നാല്‍ കാലം മായ്ച്ചുകളയുമെന്ന് കരുതിയ ആ കാത്തിരിപ്പിന് 40 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായൊരു വഴിത്തിരിവുണ്ടായി. കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ലീന്‍ അഗസ്റ്റിനാണ് നാല്‍പത് വര്‍ഷങ്ങള്‍ക്കുശേഷം മക്കളുടെ സ്‌നേഹത്തണലിലേക്ക് മടങ്ങിയെത്തിയത്. മടിക്കൈ മലപ്പച്ചേരിയിലെ ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റ് അധികൃതരുടെ നിരന്തരമായ അന്വേഷണവും ഇടപെടലുമാണ് നീണ്ട വേര്‍പാടിന് വിരാമമിട്ടത്. 40 വര്‍ഷം മുൻപാണ് ലീന്‍ അഗസ്റ്റിന്‍ കുടുംബത്തില്‍നിന്ന് അകന്ന് പോയത്. 16 വര്‍ഷം മുമ്പാണ് ലീന്‍ അഗസ്റ്റിന്‍ മലപ്പച്ചേരിയിലെ ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രത്തിലെത്തുന്നത്. അന്നുമുതല്‍ സ്ഥാപനത്തിലെ അന്തേവാസിയായി കഴിയുകയായിരുന്നു. സ്ഥാപന അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ ലീന്‍ അഗസ്റ്റിന്റെ കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു. മക്കളുമായി ബന്ധപ്പെടുകയും അവരുടെ അച്ഛന്‍ ജീവനോടെയുണ്ടെന്ന സന്തോഷവാര്‍ത്ത അറിയിക്കുകയുംചെയ്തു. വര്‍ഷങ്ങള്‍ക്കുശേഷം പിതാവിനെ നേരില്‍ കണ്ടപ്പോള്‍ ആ കൂടിക്കാഴ്ച വികാരനിര്‍ഭരമായി. അച്ഛനെ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ മക്കള്‍ അദ്ദേഹത്തെ ചേര്‍ത്തുപിടിച്ചു. ഒടുവില്‍ അച്ഛനെ സന്തോഷത്തോടെ വാരിപ്പുണർന്ന് കുടുംബത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ സമാഗമം. നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുറിഞ്ഞുപോയ ഒരു കുടുംബബന്ധത്തിന് വീണ്ടും ജീവന്‍ നല്‍കിയ ഈ കൂടിച്ചേരല്‍ ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രത്തിനും അഭിമാന നിമിഷമായി. കഴിഞ്ഞ 20 വര്‍ഷത്തോളമായി ആരോരുമില്ലാത്തവര്‍ക്കും കുടുംബത്തില്‍നിന്ന് അകന്നുപോയവര്‍ക്കും സംരക്ഷണവും അഭയവും നല്‍കിവരികയാണ് ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റ്. നിലവില്‍ ഏകദേശം 120 അച്ഛനമ്മമാര്‍ക്ക് ഇവിടെ അഭയവും പരിചരണവും ലഭിക്കുന്നുണ്ട്. സുമനസ്സുകളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെയാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍. സ്‌നേഹത്തിന്റെ കാത്തിരിപ്പിന് കാലംപോലും അതിരാകില്ലെന്ന് നാല് പതിറ്റാണ്ടുകള്‍ക്കുശേഷം ഒരു അച്ഛന്‍ മക്കളുടെ കൈപിടിച്ച് വീട്ടിലേക്ക് മടങ്ങിയ ഈ കഥ നമ്മോട് പറഞ്ഞു തരുന്നുവെന്ന് സ്ഥാപന മേധാവി സുസ്മിത ചാക്കോ പറയുന്നു. കുടുംബബന്ധങ്ങളുടെ ആഴവും മനുഷ്യസ്‌നേഹത്തിന്റെ ശക്തിയും ഒരിക്കല്‍ കൂടിഓര്‍മിപ്പിക്കുകയാണ് ഈ മധുര സമാഗമം.







0 comments