ad
Deshabhimani

വിചിത്ര മറുപടിയുമായി റെയിൽവേ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 09, 2026, 03:00 AM | 1 min read

തൃക്കരിപ്പൂർ സ്റ്റോപ്പില്ലാത്ത ട്രെയിനുകൾക്ക് തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽ ‘സ്റ്റോപ്’ നൽകി റെയിൽവേയുടെ വിചിരതമായ മറുപടി. ദീർഘദൂര ട്രെയിനുകൾക്ക് പതിറ്റാണ്ടായി സ്റ്റോപ്പിനായി ആവശ്യമുന്നയിക്കുന്ന തൃക്കരിപ്പൂർ മേഖലയിലെ യാത്രക്കാരെയും നാട്ടുകാരെയും പരിഹസിക്കുന്നതാണ്‌ ഇ‍ൗ നടപടി. ചെന്നൈ എഗ്‌മോർ–മംഗളൂരു സെൻട്രൽ എക്സ്പ്രസ്, എസ്ബിസി ബംഗളൂരു–കോഴിക്കോട് എക്സ്പ്രസ് എന്നീ രണ്ട് ട്രെയിനുകൾക്ക് തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ് അനുവദിക്കണമെന്നു ആവശ്യപ്പെട്ട്‌ രാജ്മോഹൻ ഉണ്ണിത്താൻ എംപി നൽകിയ കത്തിനാണ് സ്‌റ്റോപ്പില്ലാത്ത വണ്ടിക്കും സ്‌റ്റോപ്പുണ്ടെന്നു കാണിച്ച് സതേൺ റെയിൽവേ ജനറൽ മാനേജർ യു സുബ്ബറാവുവാണ്‌ വിചിത്രമായ മറുപടി നൽകിയത്. തൃക്കരിപ്പൂർ സ്റ്റേഷനിൽ മെയിൽ–എക്സ്പ്രസ് വണ്ടികളായി ഏഴ് ട്രെയിനുകളും പാസഞ്ചർ വണ്ടികളായി മൂന്ന് ട്രെയിനുകളും നിർത്തിയിടുന്നുണ്ടെന്നാണ് സുബ്ബറാവുവിന്റെ കത്തിൽ പറഞ്ഞത്. നിലവിൽ മലബാർ എക്സ്പ്രസ്, തിരുവനന്തപുരം–മംഗളൂരു എക്സ്പ്രസ് എന്നിവയ്ക്കും കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെ മൂന്ന് പാസഞ്ചർ ട്രെയിനുകളും മാത്രമാണ് ഇവിടെ സ്റ്റോപ്പുള്ളത്. ശരാശരി ടിക്കറ്റ് വിൽപ്പനയിൽ റെയിൽവേ ബോർഡിന്റെ നിബന്ധനയെക്കാൾ കുറവാണ് ടിക്കറ്റ് വിൽപനയെന്നും അതുകൊണ്ട് പുതുതായി സ്റ്റോപ്പുകൾ നൽകാൻ കഴിയില്ലെന്നുമുള്ള ന്യായവും കത്തിലുണ്ട്. എന്നാൽ ഇക്കാര്യത്തിലും റെയിൽവേ തെറ്റിദ്ധാരണ പരത്തിയെന്നു വരുമാനക്കണക്കുകൾ കാണിക്കുന്നുണ്ട്. തൃക്കരിപ്പൂരിൽനിന്നു പയ്യന്നൂരിലേക്കു ആറ് കിലോമീറ്റർ ദൂരം മാത്രമേ ഉള്ളുവെന്നും അതിനാൽ പുതിയ ട്രെയിനുകൾക്ക് തൃക്കരിപ്പൂരിൽ സ്റ്റോപ് അനുവദിക്കുക സാധ്യമല്ലെന്നും കത്തിൽ വിശദീകരിച്ചിട്ടുണ്ട്. മിക്ക റെയിൽവേ സ്റ്റേഷനുകളിലും വികസനപ്രവർത്തനങ്ങൾ നടത്തിവരുമ്പോഴും പ്രാഥമിക ആവശ്യം നിർവഹിക്കാനുള്ള സൗകര്യംപോലും നിഷേധിക്കപ്പെട്ട തൃക്കരിപ്പൂരിനോട് പതിറ്റാണ്ടുകളായി അധികൃതർ പുലർത്തുന്ന ചിറ്റമ്മ നയത്തിൽ ഒരു മാറ്റവുമില്ലെന്നാണ് തെറ്റിദ്ധാര ഉണ്ടാക്കുന്ന കത്തിലൂടെ വെളിവായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home