ad
Deshabhimani

ഫ്രീലാൻസ് ബിസിനസുകൾക്കുള്ള ലൈസൻസ്‌ നിർത്തിവെച്ച് കുവൈത്ത്‌

kuwait
വെബ് ഡെസ്ക്

Published on Jul 31, 2026, 03:19 PM | 1 min read

​കുവൈത്ത് സിറ്റി : ഫ്രീലാൻസ് ബിസിനസുകൾക്കുള്ള പുതിയ ലൈസൻസുകൾ അനുവദിക്കുന്നത് കുവൈത്ത് വാണിജ്യ- വ്യവസായ മന്ത്രാലയം താൽക്കാലികമായി നിർത്തിവെച്ചു. ഫ്രീലാൻസ് ലൈസൻസ് സംവിധാനവുമായി ബന്ധപ്പെട്ട ചട്ടങ്ങളും നടപടിക്രമങ്ങളും പുനഃപരിശോധിച്ച് പ്രാദേശിക വിപണിയുടെ ആവശ്യങ്ങൾക്കനുസൃതമായി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പുതിയ ലൈസൻസ് അപേക്ഷകൾക്ക് മാത്രമാണ് ഈ തീരുമാനം ബാധകമാകുക. നിലവിൽ അനുവദിച്ചിട്ടുള്ള ഫ്രീലാൻസ് ബിസിനസ് ലൈസൻസുകൾക്ക് യാതൊരു മാറ്റവുമില്ലെന്നും അവയുടെ നിയമപരമായ പദവിയിലും പ്രവർത്തനങ്ങളിലും മാറ്റമില്ലാതെ തുടരുമെന്നും മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.


ലൈസൻസ് നടപടിക്രമങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനുമായി മന്ത്രാലയം ഏകോപനം ശക്തമാക്കിയിട്ടുണ്ട്. ബിസിനസ് രജിസ്ട്രേഷൻ വിവരങ്ങൾ വിലാസരേഖകളുമായി ബന്ധിപ്പിക്കുന്നതിനും ഇരു സ്ഥാപനങ്ങളുടെയും ഇലക-്‌ട്രോണിക് സംവിധാനങ്ങൾ കൂടുതൽ സംയോജിപ്പിക്കുന്നതിനുമാണ് നടപടി. ഇതുവഴി ലൈസൻസിങ്‌ സംവിധാനം കൂടുതൽ ക്രമബദ്ധവും സുതാര്യവുമാകും. ഫ്രീലാൻസ് ബിസിനസുകൾക്ക് ലൈസൻസ് അനുവദിക്കുന്ന നടപടിക്രമങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും സംരംഭകർക്കുള്ള ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് നിർദിഷ്ട ഭേദഗതികളുടെ ലക്ഷ്യം.


നിലവൽ 15-ലധികം മേഖലകളിലായി 122 സാമ്പത്തിക പ്രവർത്തനങ്ങൾ ഫ്രീലാൻസ് ലൈസൻസ് പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രൊഫഷണൽ, ശാസ്ത്രീയ, സാങ്കേതിക, കൺസൾട്ടൻസി സേവനങ്ങൾ, വിവര-വാർത്താവിനിമയ സാങ്കേതികവിദ്യ, റിയൽ എസ്റ്റേറ്റ്, വ്യാപാരം, ടൂറിസം, വിദ്യാഭ്യാസം, പരിശീലനം, ഡിസൈൻ, കല, കായികം, വിനോദം, പരിസ്ഥിതി സേവനങ്ങൾ, കൃഷി തുടങ്ങിയ മേഖലകളാണ് ഇതിൽ ഉൾപ്പെടുന്നത്. ഇവയിൽ ഭൂരിഭാഗം പ്രവർത്തനങ്ങളും പ്രത്യേക ഓഫീസ് സൗകര്യമില്ലാതെ നടത്താൻ കഴിയുന്നവയാണ്.


മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2026-ലെ ആദ്യ അഞ്ച് മാസത്തിനിടെ 6,586 ഫ്രീലാൻസ് ബിസിനസ് ലൈസൻസുകളാണ് അനുവദിച്ചത്. ജനുവരിയിൽ 1,085, ഫെബ്രുവരിയിൽ 1,557, മാർച്ചിൽ 1,144, ഏപ്രിലിൽ 1,512, മേയിൽ 1,288 ലൈസൻസുകൾ അനുവദിച്ചു. ഏപ്രിലിനെ അപേക്ഷിച്ച് മേയിൽ അനുവദിച്ച ലൈസൻസുകളുടെ എണ്ണത്തിൽ 15 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായും കണക്കുകൾ വ്യക്തമാക്കുന്നു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home