യുഎഇയിൽ പലിശനിരക്കിൽ മാറ്റമില്ല; യുഎസ് ഫെഡറൽ റിസർവ് തീരുമാനം പിന്തുടർന്ന് കേന്ദ്രബാങ്ക്

ദുബായ് : യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്കിൽ മാറ്റം വരുത്താതിരുന്നതിന് പിന്നാലെ യുഎഇ കേന്ദ്രബാങ്കും രാജ്യത്തെ അടിസ്ഥാന പലിശനിരക്ക് നിലനിർത്തി. ഓവർനൈറ്റ് ഡെപ്പോസിറ്റ് ഫെസിലിറ്റിക്ക് ബാധകമായ അടിസ്ഥാന പലിശനിരക്ക് 3.65 ശതമാനമായി തുടരുമെന്ന് കേന്ദ്രബാങ്ക് അറിയിച്ചു. യുഎസ് ഫെഡറൽ റിസർവ് ഫെഡറൽ ഫണ്ട്സ് നിരക്ക് 3.50 മുതൽ 3.75 ശതമാനം വരെയുള്ള നിലവിലെ പരിധിയിൽ തുടരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎഇയുടെ തീരുമാനം. യുഎഇ ദിർഹം യുഎസ് ഡോളറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ രാജ്യത്തെ ധന നയ തീരുമാനങ്ങൾ പൊതുവേ യുഎസ് ഫെഡറൽ റിസർവിന്റെ നടപടികൾക്ക് അനുസൃതമായിരിക്കും.
ഈ തീരുമാനത്തോടെ യുഎഇയിലെ ഭവനവായ്പ, വാഹനവായ്പ, വ്യക്തിഗത വായ്പകൾ ഉൾപ്പെടെയുള്ളവയുടെ പലിശനിരക്കിൽ ഉടൻ മാറ്റമുണ്ടാകില്ല. വായ്പയെടുത്തവർക്കും ബിസിനസ് സ്ഥാപനങ്ങൾക്കും നിലവിലെ പലിശനിരക്കുകൾ തുടരുമെന്നതിനാൽ സാമ്പത്തിക സ്ഥിരതയ്ക്ക് ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ശക്തമായ വളർച്ച തുടരുകയാണെങ്കിലും മിഡിൽ ഈസ്റ്റ് മേഖലയിലെ സംഘർഷങ്ങളും എണ്ണവിലയിലെ ചാഞ്ചാട്ടവും പണപ്പെരുപ്പത്തെ സംബന്ധിച്ച ആശങ്കകൾ നിലനിർത്തുന്നുണ്ടെന്ന് ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി വ്യക്തമാക്കി. തൊഴിലവസരങ്ങളിലും മൂലധന നിക്ഷേപങ്ങളിലും മികച്ച പ്രകടനം തുടരുന്നതായും തൊഴിലില്ലായ്മ നിരക്കിൽ കാര്യമായ മാറ്റമില്ലെന്നും സമിതി വിലയിരുത്തി.
പണപ്പെരുപ്പം മുൻകാലത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ടെങ്കിലും എണ്ണവിലയിലെ വർധനയും പശ്ചിമേഷ്യയിലെ അനിശ്ചിതത്വവും കാരണം സമീപഭാവിയിൽ പലിശനിരക്ക് കുറയാനുള്ള സാധ്യത കുറവാണ്. ജൂണിലെ സാമ്പത്തിക സൂചികകൾ പലിശനിരക്ക് ഉയർത്തേണ്ട സാഹചര്യമില്ലെന്നതിന് പിന്തുണ നൽകുന്നുണ്ടെങ്കിലും വർഷാവസാനത്തോടെ സാമ്പത്തിക സാഹചര്യങ്ങൾ അനുസരിച്ച് ഫെഡറൽ റിസർവ് വീണ്ടും നിലപാട് പുനപരിശോധിക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.










0 comments