ad
Deshabhimani

മിഡിൽ ഈസ്റ്റിൽ വ്യോമഗതാഗതം വീണ്ടും സജീവമാകുന്നു; സർവീസുകൾ സാധാരണ നിലയിലേക്ക്

emirates
വെബ് ഡെസ്ക്

Published on Jul 31, 2026, 06:03 PM | 1 min read

ദുബായ് : ഇറാനും യുഎസും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് തിരിച്ചടി നേരിട്ട പശ്ചിമേഷ്യയിലെ വ്യോമയാനമേഖല പതിയെ സാധാരണ നിലയിലേക്ക് മടങ്ങുന്നതായി ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ റിപ്പോർട്ട്. മേഖലയിലെ വിമാന സർവീസുകളും യാത്രക്കാരുടെ എണ്ണവും ക്രമേണ മെച്ചപ്പെടുന്നതായാണ് അയാട്ടയുടെ പ്രതിമാസ അവലോകനത്തിൽ വ്യക്തമാക്കുന്നത്.


മെയ് മാസത്തിൽ വ്യോമഗതാഗതത്തിൽ 28.8 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും ജൂണിൽ അത് 13.9 ശതമാനമായി കുറഞ്ഞു. ഇറാൻ– ഇസ്രായേൽ സംഘർഷത്തെ തുടർന്നുണ്ടായ വ്യോമപാത നിയന്ത്രണങ്ങൾ പിൻവലിക്കുകയും വെടിനിർത്തലിന് പിന്നാലെ വിവിധ രാജ്യങ്ങൾ വ്യോമപാതകൾ ഘട്ടംഘട്ടമായി തുറന്നുകൊടുക്കുകയും ചെയ്തതാണ് തിരിച്ചുവരവിന് സഹായകമായതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.


മിഡിൽ ഈസ്റ്റ്– വടക്കേ അമേരിക്ക റൂട്ടിലെ യാത്രാ ആവശ്യകതയിലും ഗണ്യമായ പുരോഗതിയുണ്ട്. മെയ് മാസത്തിൽ 28.3 ശതമാനമായിരുന്ന ഇടിവ് ജൂണിൽ വെറും 1.9 ശതമാനമായി ചുരുങ്ങി. വടക്കേ അമേരിക്കയിൽനിന്ന് യുഎഇയിലേക്കും ഖത്തറിലേക്കും യാത്ര ചെയ്യുന്നവരുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്.


അതേസമയം, ആഗോളതലത്തിൽ വിമാനയാത്രാ ആവശ്യകത ജൂണിൽ 1.7 ശതമാനം കുറഞ്ഞു. ചൈന, അമേരിക്ക, ജപ്പാൻ എന്നിവിടങ്ങളിലെ ആഭ്യന്തര വ്യോമഗതാഗത വിപണിയിലെ മാന്ദ്യമാണ് ഇതിന് പ്രധാന കാരണമായി അയാട്ട വിലയിരുത്തുന്നത്. പ്രാദേശിക സംഘർഷങ്ങളും ഇന്ധനവിലയിലെ വർധനവും കാരണം വരും മാസങ്ങളിൽ വിമാന ടിക്കറ്റ് നിരക്കുകൾ ഉയരാൻ സാധ്യതയുണ്ടെന്ന് അയാട്ട ഡയറക്ടർ ജനറൽ വില്ലി വാൽഷ് മുന്നറിയിപ്പ് നൽകി. മറ്റ് മേഖലകളിൽ യൂറോപ്യൻ വിമാനക്കമ്പനികൾ 0.8 ശതമാനം വളർച്ച കൈവരിച്ചപ്പോൾ, ഏഷ്യ–പസഫിക് മേഖലയിൽ രണ്ടുശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 3.8 ശതമാനം വളർച്ചയോടെ ആഫ്രിക്കൻ വിമാനക്കമ്പനികളാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്.


മിഡിൽ ഈസ്റ്റിലെ സാഹചര്യം കൂടുതൽ സ്ഥിരത കൈവരിക്കുന്നതോടെ ആഗോള വ്യോമയാന മേഖലയുടെയും സാമ്പത്തിക പ്രവർത്തനങ്ങളുടെയും വളർച്ചയ്ക്ക്‌ ഇത് അനുകൂല സാഹചര്യമൊരുക്കുമെന്ന് അയാട്ട റിപ്പോർട്ടിൽ വിലയിരുത്തുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home