കുവൈത്തിലെ ഇന്ത്യൻ കോൺസുലാർ അപേക്ഷാ കേന്ദ്രങ്ങൾ സന്ദർശിച്ച് അംബാസഡർ

കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ കോൺസുലാർ അപേക്ഷാ കേന്ദ്രങ്ങളുടെ (ഐസിഎസി) പ്രവർത്തനം ഇന്ത്യൻ അംബാസഡർ പരിമിത ത്രിപാഠി നേരിട്ട് സന്ദർശിച്ച് വിലയിരുത്തി. മൂന്ന് കേന്ദ്രങ്ങളിലെയും സൗകര്യങ്ങൾ പരിശോധിച്ച അംബാസഡർ അപേക്ഷകരുമായും ജീവനക്കാരുമായും ആശയവിനിമയം നടത്തുകയും സേവനങ്ങളുടെ കാര്യക്ഷമതയും സേവന നിലവാരവും വിലയിരുത്തുകയുംചെയ്തു.
കുവൈത്തിലെ ഇന്ത്യൻ പൗരന്മാരുടെ ക്ഷേമവും സുരക്ഷയും എംബസിയുടെ പ്രധാന പരിഗണനയായി തുടരുമെന്നും, കൂടുതൽ സുഗമവും കാര്യക്ഷമവും സുതാര്യവുമായ കോൺസുലാർ സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത തുടരുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
ഇടവേളയ്ക്കുശേഷം ഈ മാസം 23 മുതലാണ് കുവൈത്തിൽ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള കോൺസുലാർ സേവനങ്ങൾക്കായി മൂന്ന് പുതിയ ഇന്ത്യൻ കോൺസുലാർ അപേക്ഷാ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചത്. പുതുതായി കരാർ ഏറ്റെടുത്ത ഡു ഡിജിറ്റൽ ഗ്ലോബൽ വഴിയാണ് നിലവിൽ സേവനങ്ങൾ ലഭ്യമാക്കുന്നത്.
കുവൈത്ത് സിറ്റി ബ്ലോക്ക് 11ലെ സാലിം അൽ മുബാറക് സ്ട്രീറ്റ്, ഫഹാഹീലിലെ സമ മാൾ, ദജീജിലെ വാഹ മാൾ എന്നിവിടങ്ങളിലാണ് പുതിയ അപേക്ഷാകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. എല്ലാ ദിവസവും രാവിലെ എട്ടുമുതൽ വൈകുന്നേരം ആറുവരെയാണ് പ്രവർത്തനസമയം. മുൻകൂട്ടി ഓൺലൈനായി അപ്പോയിന്റ്മെന്റ് ബുക്ക്ചെയ്തോ നേരിട്ടെത്തിയോ അപേക്ഷകർക്ക് സേവനങ്ങൾ പ്രയോജനപ്പെടുത്താം.










0 comments