ജമ്മുവിൽ പാക് നിരീക്ഷണ ഡ്രോൺ തകർത്തതായി സൈന്യം; ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു

ജമ്മുവിലെ ചക്ല ഗ്രാമത്തിന് സമീപമാണ് ഡ്രോൺ വെടിവെച്ച് വീഴ്ത്തിയത് | Photo Credit:India Today
ജമ്മു: ജമ്മുവിലെ ഖൗർ മേഖലയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെട്ട പാകിസ്താന്റെ നിരീക്ഷണ ഡ്രോൺ ഇന്ത്യൻ സൈന്യം വെടിവെച്ച് വീഴ്ത്തിയതായി അധികൃതർ അറിയിച്ചു.
ചക്ല ഗ്രാമത്തിന് സമീപത്തായുള്ള പ്രധാനപ്പെട്ട പ്രതിരോധ കേന്ദ്രങ്ങൾക്ക് സമീപം ഡ്രോൺ നിരീക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. ചൈനീസ് നിർമിതമാണെന്ന് കരുതുപെടുന്ന ഡ്രോൺ, നിരീക്ഷണ ദൗത്യങ്ങൾക്കായി മാറ്റം വരുത്തിയതായും അധികൃതർ വ്യക്തമാക്കി.
ഡ്രോണിനൊപ്പം 64 ജിബി മൈക്രോ എസ്ഡി കാർഡും സൈനികർ സ്ഥലത്ത് നിന്ന് കണ്ടെത്തി. പിടിച്ചെടുത്ത ഉപകരണങ്ങൾ ഫോറൻസിക് ലാബിലേക്ക് കൂടുതൽ പരിശോധനകൾക്കായി അയച്ചിട്ടുണ്ട്.
സുരക്ഷാ നടപടിയുടെ ഭാഗമായി പ്രതിരോധ സ്ഥാപനങ്ങൾക്ക് സമീപമുള്ള അതീവ സുരക്ഷാ മേഖലയിലേക്ക് കടന്നതിനെ തുടർന്നാണ് ഡ്രോൺ തകർത്തതെന്ന് അധികൃതർ അറിയിച്ചു.
ഡ്രോൺ രഹസ്യ നിരീക്ഷണ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താനായത്. ഡ്രോണിന്റെ ഉറവിടവും, പറന്ന പാതയും, ലക്ഷ്യവും കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം സുരക്ഷാ ഏജൻസികൾ ആരംഭിച്ചിട്ടുണ്ട്.










0 comments