‘വാക്കും പ്രവർത്തിയും ഒന്നാകണം’; പിഎം ശ്രീയിൽ സർക്കാരിനെതിരെ പാളയം ഇമാം

വി ഡി സതീശൻ, പാളയം ഇമാം സുഹൈബ് മൗലവി
തിരുവനന്തപുരം: ആർഎസ്എസിന്റെ വർഗീയ അജണ്ടയ്ക്ക് കീഴടങ്ങി പിഎം ശ്രീ പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന യുഡിഎഫ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പാളയം ഇമാം വി പി സുഹൈബ് മൗലവി. പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്ന് പറഞ്ഞവർ അധികാരത്തിലെത്തിയപ്പോൾ എന്തുചെയ്തെന്ന് കണ്ടു. വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും മാത്രമല്ല വേണ്ടത്, പ്രാവർത്തികമാക്കാൻ കഴിയുന്ന പ്രായോഗിക നിലപാട് വേണമെന്നും പാളയം ഇമാം പറഞ്ഞു.
ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തെ അധിക്ഷേപിച്ച ആർഎസ്എസ് വക്താവ് ടി ജി മോഹൻദാസിന്റെ പരാമർശങ്ങളെയും പാളയം ഇമാം രൂക്ഷമായി വിമർശിച്ചു. ടി ജി മോഹൻദാസ് വിദ്വേഷം പരത്തുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമരം ചെയ്ത വിദ്യാർഥികളെ രാജ്യദ്രോഹിയായാണ് കാണുന്നത്. വെടിവെച്ച് കൊല്ലണം എന്നടക്കം പറയുന്നു. വിദ്യാർഥികൾക്കും സ്ത്രീകൾക്കും എതിരെ ടി ജി മോഹൻദാസ് വിദ്വേഷ പ്രസംഗം നടത്തുന്നു. ടി ജി മോഹൻദാസിനെതിരെ സംസ്ഥാന സർക്കാരിന്റെ നടപടി ഉണ്ടാകണമെന്നും പാളയം ഇമാം ആവശ്യപ്പട്ടു.
അതേസമയം, പിഎം ശ്രീ പദ്ധതിയിൽ യുഡിഎഫ് സർക്കാരിന്റെ ഇരട്ടത്താപ്പ് കൂടുതൽ വ്യക്തമാകുന്ന രേഖകൾ പുറത്തുവന്നു. പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം വസ്തുതകൾക്കു നിരക്കാത്തതാണെന്ന് പാർലമെന്റ് രേഖകൾ തന്നെ തെളിയിക്കുന്നു. പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പിന്മാറാമെന്നും അതിലൂടെ ആ പദ്ധതിയുടെ വിഹിതം മാത്രമാണ് നഷ്ടപ്പെടുകയെന്നും മുസ്ലിം ലീഗ് എംപി പി വി അബ്ദുൾ വഹാബിന്റെ രാജ്യസഭാ ചോദ്യത്തിന് കേന്ദ്ര സർക്കാർ വ്യക്തമായി മറുപടി നൽകിയിട്ടുണ്ട്. രാജ്യസഭയിലെ കോൺഗ്രസ്സ് എംപി ജെബി മേത്തറിന്റെ മറ്റൊരു ചോദ്യത്തിനുള്ള മറുപടിയിലാണ് പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കുകയോ അതിനായി ഒരു രൂപ പോലും കേന്ദ്രത്തിൽ നിന്ന് കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചത്.
നിയമപരമായ യാതൊരു നിർബന്ധവുമില്ലാതിരുന്നിട്ടും പിഎം ശ്രീ നടപ്പാക്കാൻ യുഡിഎഫ് കാണിക്കുന്ന അമിതാവേശം സംഘപരിവാറിനെ പ്രീതിപ്പെടുത്താൻ മാത്രമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ വിമർശിച്ചു. പ്രതിപക്ഷത്തായിരുന്നപ്പോൾ പറഞ്ഞ നിലപാടുകളെല്ലാം യുഡിഎഫ് കാറ്റിൽപ്പറത്തി, സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ സർക്കാർ ഓച്ഛാനിച്ചു നിൽക്കുകയാണെന്നും പ്രതിപക്ഷനേതാവ് പ്രതികരിച്ചു.










0 comments