ഓൺലൈൻ ഉപയോക്താക്കൾക്കൊരു സന്തോഷ വാർത്ത; ഫ്ളിപ്കാർട്ട് ഉപഭോക്താക്കൾക്ക് നെറ്റ്ഫ്ളിക്സ് സൗജന്യം

ഓൺലൈൻ ഉപയോക്താക്കൾക്കൊരു സന്തോഷ വാർത്തയുമായി ഫ്ലിപ്കാർട്ട്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സുമായി സഹകരിക്കുകയാണ് ഫ്ലിപ്കാർട്ട്. ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് തങ്ങളുടെ പതിവ് ഷോപ്പിംഗിലൂടെ എല്ലാ മാസവും സൗജന്യമായി നെറ്റ്ഫ്ലിക്സ് മൊബൈൽ പ്ലാൻ സ്വന്തമാക്കാൻ അവസരം.
ഓഗസ്റ്റ് 1 മുതൽ ഈ ആനുകൂല്യം ലഭ്യമായിത്തുടങ്ങും. ഇതിനായി പ്രത്യേകം സബ്‌സ്‌ക്രിപ്ഷനോ റീച്ചാർജോ ചെയ്യേണ്ടതില്ല. ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾ ഒരു മാസത്തിനുള്ളിൽ കുറഞ്ഞത് 299 രൂപ വീതമുള്ള 4 ഓർഡറുകൾ പൂർത്തിയാക്കണം. ഫ്ലിപ്കാർട്ട്, ഫ്ലിപ്കാർട്ട് ഗ്രോസറി, ഫ്ലിപ്കാർട്ട് മിനിറ്റ്സ് എന്നിവയിലൂടെ നടത്തുന്ന വാങ്ങലുകൾ ഇതിനായി പരിഗണിക്കും.
നാലാമത്തെ ഓർഡർ വിജയകരമായി പൂർത്തിയായിക്കഴിഞ്ഞാൽ, അടുത്ത 30 ദിവസത്തേക്ക് ഉപഭോക്താക്കൾക്ക് നെറ്റ്ഫ്ലിക്സ് മൊബൈൽ പ്ലാൻ ലഭിക്കും. ഫ്ലിപ്കാർട്ട് ആപ്പിലൂടെ നേരിട്ട് തന്നെ ഇത് ആക്സസ് ചെയ്യാം. ഇതിനായി അധിക പണമൊന്നും നൽകേണ്ടതില്ല എന്നതാണ് മറ്റൊരു സവിശേഷത.
30 ദിവസത്തെ കാലാവധി കഴിഞ്ഞാൽ, അടുത്ത മാസവും ഈ ആനുകൂല്യം ലഭിക്കുന്നതിനായി ഉപഭോക്താക്കൾ വീണ്ടും 299 രൂപ വീതമുള്ള 4 പർച്ചേസുകൾ നടത്തേണ്ടതുണ്ട്. നിലവിൽ ഫ്ലിപ്കാർട്ട് പ്ലസ് അംഗമല്ലാത്തവർക്ക് 12 മാസത്തിനുള്ളിൽ 15 ഓർഡറുകൾ പൂർത്തിയാക്കി പ്ലസ് അംഗമാകാം. ഇതിനായി പ്രത്യേക ഫീസ് നൽകേണ്ടതില്ല എന്ന പ്രത്യേകതയുമുണ്ട്.










0 comments