ad
Deshabhimani

അജിങ്ക്യ രഹാനെയ്ക്ക് ക്രിക്കറ്റ് ലോകത്തിന്റെ ആദരം; ആശംസകളുമായി സഹതാരങ്ങൾ

Crickt

വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ (ഇടത്) രോഹിത് ശർമ, അജിങ്ക്യ രഹാനെ (വലത്)| Photo: X

വെബ് ഡെസ്ക്

Published on Jul 31, 2026, 04:26 PM | 1 min read

മുംബൈ : രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ താരം അജിങ്ക്യ രഹാനെയ്ക്ക് ആശംസകളുമായി സഹതാരങ്ങളും മുതിർന്ന കളിക്കാരും. സച്ചിൻ തെണ്ടുൽക്കർ, രോഹിത് ശർമ, വിരാട് കോഹ്‌ലി, ചേതേശ്വർ പൂജാര തുടങ്ങിയ പ്രമുഖ താരങ്ങളാണ് രഹാനെയുടെ കരിയറിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്.


ഡ്രസ്സിങ് റൂമിൽ ഒരുമിച്ചുണ്ടായിരുന്ന ദിനങ്ങളും രഹാനെയുടെ അച്ചടക്കവും കഠിനാധ്വാനവുമാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ പങ്കുവെച്ചത്. ഞങ്ങൾ വർഷങ്ങളോളം ഡ്രസ്സിങ് റൂം പങ്കിട്ടവരാണ്. നിങ്ങളുടെ ഓരോ നേട്ടത്തിനും പിന്നിലുള്ള കഠിനാധ്വാനം എനിക്കറിയാം. പ്രതിബദ്ധതയും പ്രൊഫഷണലിസവും എപ്പോഴും നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കി, രോഹിത് എക്സിൽ കുറിച്ചു.


ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ മധ്യനിരയിൽ രഹാനെയ്ക്കൊപ്പം ബാറ്റ് ചെയ്തതിന്റെ ഓർമകളാണ് വിരാട് കോഹ്‌ലി പങ്കുവെച്ചത്. രഹാനെയെ സ്ലിപ്പിലെ ഏറ്റവും സുരക്ഷിതമായ കൈകൾ എന്ന് വിശേഷിപ്പിച്ച കോഹ് ലി, തന്റെ ഏറ്റവും പ്രിയപ്പെട്ട ടെസ്റ്റ് ബാറ്റിങ് പങ്കാളിയായിരുന്നു രഹാനെയെന്നും കൂട്ടിച്ചേർത്തു.


കളിക്കളത്തിലെ രഹാനെയുടെ ശാന്തതയെ മുൻനിർത്തിയായിരുന്നു സച്ചിൻ തെണ്ടുൽക്കറുടെ പ്രതികരണം. സങ്കീർണമായ സാഹചര്യങ്ങളിൽ പോലും ശാന്തമായി എങ്ങനെ ബാറ്റ് ചെയ്യാമെന്ന് രഹാനെ കാണിച്ചുതന്നെന്നും, അത്തരം ശാന്തത ഒരു ടീമിന് ഭയമില്ലാതെ മുന്നേറാനുള്ള ആത്മവിശ്വാസം നൽകുമെന്നും സച്ചിൻ കുറിച്ചു. ഏറെ അഭിമാനിക്കാവുന്ന കരിയറാണ് രഹാനെയുടേതെന്ന് ചേതേശ്വർ പൂജാരയും പറഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home