ad
Deshabhimani

കാവേരി തർക്കം രൂക്ഷം; ബെംഗളൂരു സന്ദർശനം മാറ്റിവെക്കാൻ വിജയ്‌യോട് കർണാടക സർക്കാർ

Tamilnadu Karnataka.
വെബ് ഡെസ്ക്

Published on Jul 31, 2026, 04:36 PM | 1 min read


ബെംഗളൂരു : കാവേരി നദീജല തർക്കം വീണ്ടും രാഷ്ട്രീയ സാമൂഹിക പ്രതിസന്ധിയായി മാറിയതോടെ ബെം​ഗളൂരു സന്ദർശം നീട്ടിവെക്കാൻ മിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യോട് ആവശ്യപ്പെട്ട് കർണാടക. കാവേരിയിൽ നിന്ന് 15 ദിവസത്തേക്ക് തമിഴ്നാടിന് ജലം വിട്ടുകൊടുക്കാൻ കഴിഞ്ഞ ദിവസം കർണാടകക്ക് ഉത്തരവ് ലഭിച്ചിരുന്നു. ഇതേത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ കർഷകരുടെ പ്രതിഷേധം തുടരുകയാണ്. ഇത് കണക്കിലെടുത്താണ് സന്ദർശനം തൽക്കാലത്തേക്ക് മാറ്റിവെക്കാൻ കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ വിജയ്‌യോട് അഭ്യർഥിച്ചത്.


കാവേരി നദിയിൽ നിന്ന് തമിഴ്‌നാടിന് വെള്ളം വിട്ടു നൽകണമെന്ന ഉത്തരവിനെതിരെ കർണാടകയിലെ കർഷക സംഘടനകളും വിവിധ അനുകൂല സംഘടനകളും തെരുവിലിറങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിജയ് ബെം​ഗ്ളൂരുവിലെത്തുന്നതിൽ ക്രമസമാധാന പ്രശ്നമുണ്ടെന്നാണ് കർണാടക സർക്കാരിന്റെ വിലയിരുത്തൽ. ഇന്റലിജൻസ് റിപ്പോർട്ടുകളും ഇക്കാര്യം ശരിവെച്ചു.


തമിഴ്നാടിന് പ്രതിദിനം 3,500 ഘനയടി ജലം കാവേരിയിൽ നിന്ന് വിട്ടുകൊടുക്കണമെന്ന് കാവേരി ജല നിയന്ത്രണ സമിതിയുടെ ഉത്തരവ് കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയും ശരിവെച്ചതോടെയാണ് പ്രതിഷേധങ്ങൾ തുടങ്ങിയത്. കർണാടക ഈ നിർദേശത്തെ എതിർക്കുകയും കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ കർണാടകയുടെ വാദം അതോറിറ്റി തള്ളുകയായിരുന്നു.


കർണാടക - തമിഴ്‌നാട് സംസ്ഥാനങ്ങൾക്കിടയിൽ കാവേരി നദീജലം പങ്കുവെക്കുന്നതിനെ കുറിച്ച് ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്നമാണ് കാവേരി നദീജല തർക്കം. ഇരു സംസ്ഥാനങ്ങളിലൂടെയും ഒഴുകുന്ന നദിയാണെങ്കിലും ഉത്ഭവം കർണാടകയിലായതിനാൽ മഴക്കുറവുള്ള വർഷങ്ങളിൽ ജലം തുറന്നു വിടുന്നത് സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളും തമ്മിൽ തർക്കമുണ്ടാകാറുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home