കുവൈത്തിൽ ഏഴുമാസത്തിനിടെ 3200 കോടി ദിനാറിന്റെ ഇടപാടുകൾ

കുവൈത്ത് സിറ്റി : കുവൈത്തിൽ ഈ വർഷം ജനുവരി മുതൽ ജൂലൈ അവസാനം വരെ പൗരന്മാരും പ്രവാസികളും നടത്തിയ വിവിധ സാമ്പത്തിക ഇടപാടുകളുടെ മൂല്യം 3200 കോടി ദിനാറിലെത്തിയതായി കുവൈത്ത് സെൻട്രൽ ബാങ്കിന്റെ കണക്കുകൾ. നേരിട്ടുള്ള വാങ്ങലുകൾ, എടിഎം വഴിയുള്ള പണം പിൻവലിക്കൽ, ഓൺലൈൻ ഇടപാടുകൾ, തൽക്ഷണ പണമിടപാട് സേവനമായ ‘വാംഡ്’ എന്നിവ ഉൾപ്പെടെയുള്ള ഇടപാടുകളാണ് ഇതിൽ ഉൾപ്പെടുന്നത്.
ഏഴുമാസത്തിനിടെ പോയിന്റ് ഓഫ് സെയിൽ സംവിധാനങ്ങളിലൂടെയുള്ള നേരിട്ടുള്ള വാങ്ങലുകൾ 1100 കോടി ദിനാറിലെത്തി. ദൈനംദിന വാങ്ങലുകളിൽ ഇ–പേയ്മെന്റ് സംവിധാനങ്ങളുടെ ഉപയോഗം വർധിക്കുന്നതിന്റെ സൂചനയാണിത്. എടിഎമ്മുകൾ വഴി 507 കോടി ദിനാറാണ് പിൻവലിച്ചത്. ഡിജിറ്റൽ പേയ്മെന്റ് വ്യാപകമാകുമ്പോഴും പണമിടപാടുകൾക്ക് ഇപ്പോഴും ഗണ്യമായ സ്വാധീനമുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഓൺലൈൻ ഷോപ്പിങ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഇടപാടുകളുടെ മൂല്യം 909 കോടി ദിനാറായി. ഇ-കൊമേഴ്സ് മേഖലയുടെ വളർച്ചയ-്‌ക്കൊപ്പം ഓൺലൈൻ വാങ്ങലുകൾ വർധിക്കുന്നതും കണക്കുകളിൽ പ്രതിഫലിക്കുന്നു. തൽക്ഷണ പണമിടപാട് സേവനമായ ‘വാംഡ്’ വഴി 600.6 കോടി ദിനാറിന്റെ ഇടപാടുകളും നടന്നു. കുവൈത്തിലെ സാമ്പത്തിക ഇടപാടുകളിൽ ഡിജിറ്റൽ സംവിധാനങ്ങളുടെ സ്വാധീനം അതിവേഗം വർധിക്കുന്നതായാണ് സെൻട്രൽ ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.










0 comments