ad
Deshabhimani

യുഎഇയിൽ ചില പൊതുവിദ്യാലയങ്ങളിൽ ഇനി ഗൃഹപാഠമില്ല

Dubai
വെബ് ഡെസ്ക്

Published on Aug 31, 2026, 07:17 PM | 1 min read

ദുബായ് : യുഎഇയിലെ പൊതുവിദ്യാലയങ്ങളിൽ കിൻഡർഗാർട്ടൻ മുതൽ രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് പുതിയ അധ്യയന വർഷം മുതൽ ഗൃഹപാഠം നൽകില്ല. സ്കൂൾ സമയത്തെ പഠനത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും പഠനവും കുടുംബജീവിതവും തമ്മിൽ മികച്ച സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനുമാണ് നടപടി സ്വീകരിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.


വീട്ടിലെ പഠനത്തിന്റെ ഭാഗമായി കുട്ടികളിൽ ദിവസേനയുള്ള വായനാശീലം വളർത്തുന്നതിനാണ് ഇനി കൂടുതൽ പ്രാധാന്യം നൽകുക. തിരഞ്ഞെടുത്ത വിദ്യാർഥികൾ മാതാപിതാക്കളോടൊപ്പം ദിവസവും കുറഞ്ഞത് ഒരിക്കലെങ്കിലും വായനയിൽ ഏർപ്പെടുന്നതിന് പ്രോത്സാഹനം നൽകും. കുട്ടികളുടെ ഭാഷാപരവും ബൗദ്ധികവുമായ കഴിവുകൾ വികസിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


ആറാംക്ലാസ് വിദ്യാർഥികളുടെ പഠനരീതിയിലും പുതിയ മാറ്റങ്ങൾ കൊണ്ടുവന്നു. ഗണിതം, ശാസ്ത്രം, ഇംഗ്ലീഷ്, അറബി തുടങ്ങിയ വിഷയങ്ങളുടെ ക്ലാസ് മുറികളിലെ സ്ക്രീൻ ഉപയോഗം ഒഴിവാക്കി കൂട്ടായ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകും. വിദ്യാർഥികളുടെ സഹകരണത്തോടെയുള്ള പഠനം ശക്തിപ്പെടുത്തുന്നതിനാണ് ഈ മാറ്റം.


2026–27 അധ്യയന വർഷത്തിൽ യുഎഇയിലെ 1180 പൊതുവിദ്യാലയങ്ങളിലും സ്വകാര്യ വിദ്യാലയങ്ങളിലുമായി 12.77 ലക്ഷത്തിലധികം വിദ്യാർഥികൾ പഠിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്ക്. പൊതുവിദ്യാലയങ്ങളിൽ മാത്രം 26,700 പുതിയ വിദ്യാർഥികൾ പ്രവേശിക്കും.


പുതിയ അധ്യയന വർഷത്തേക്കായി 80 ലക്ഷത്തിലധികം പാഠപുസ്തകങ്ങൾ ഇതിനകം വിതരണംചെയ്തു. 5810 സ്കൂൾ ബസുകളുടെ പരിശോധനയും സുരക്ഷാ വിലയിരുത്തലും പൂർത്തിയാക്കി. അധ്യയന വർഷം മുഴുവൻ അധ്യാപകർക്കായി 80ലധികം പരിശീലന പരിപാടികളും സംഘടിപ്പിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home