പാലത്തായി പീഡനം: പത്മരാജന് എങ്ങനെ ജാമ്യം ലഭിച്ചു; നാടിന്റെ ചോദ്യത്തിന് മറുപടിയില്ലാതെ മുസ്ലിംലീഗും യുഡിഎഫും

തലശേരി: സ്‌കൂളിലെ ശുചിമുറിയിൽ നാലാംക്ലാസുകാരിയെ പീഡിപ്പിച്ച ബിജെപി നേതാവ് കടവത്തൂർ മുണ്ടത്തോട്ടെ കുറുങ്ങോട്ട് കുനിയിൽ കെ പത്മരാജന് എങ്ങനെ ജാമ്യം ലഭിച്ചുവെന്ന നാടിന്റെ ചോദ്യത്തിന് മുന്നിൽ മറുപടി പറയാനാവാതെ മുസ്ലിംലീഗും യുഡിഎഫ് നേതൃത്വവും. എൽഡിഎഫ് ഭരണകാലത്ത് പാലത്തായി പെൺകുട്ടിക്ക് നീതിക്കായി ശബ്ദിച്ച ചാനലുകാരും സാംസ്‌കാരിക പ്രവർത്തകരും ഇപ്പോൾ നിശബ്ദമാണ്. ഹൈക്കോടതി വിധിയെക്കുറിച്ചും യുഡിഎഫ് ഭരണത്തിന്റെ വീഴ്‌ച സംബന്ധിച്ചും അന്തിച്ചർച്ചയും മാധ്യമ വിചാരണയുമില്ല.
ബിജെപി നേതാവ് പത്മരാജനെ ജാമ്യത്തിൽ വിട്ട ഹൈക്കോടതി വിധിയെ വിമർശിക്കാനുള്ള ധൈര്യം പോലും മാധ്യമങ്ങൾക്കില്ലാതെ പോയി. പ്രോസിക്യൂഷൻ നേരാംവണ്ണം കാര്യങ്ങൾ ഹൈക്കോടതിയെ ധരിപ്പിക്കാത്തതിന്റെ ഫലമായാണ് പീഡന കേസ് പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് ജാമ്യത്തിൽ വിട്ടത്. എൽഡിഎഫ് ഭരണകാലത്ത് ചാനലുകളിൽ പാലത്തായി പെൺകുട്ടിയുടെ നീതിക്കായി ശബ്ദിച്ചവരാണ് ഹൈക്കോടതയിൽ പ്രോസിക്യൂഷൻ തലപ്പത്തുള്ള ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യുഷനും അഡീഷനൽ ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യുഷനും. ചാനലുകളിൽ ഉയർത്തിയ ശബ്ദം രണ്ടുപേർക്കും ഹൈക്കോടതി ജാമ്യ ഹർജി പരിഗണിച്ചപ്പോൾ ഉയർത്താനായില്ല.
തലശേരി പോക്‌സോ കോടതിവിധി നേരാംവണ്ണം വായിച്ച് കോടതിയിൽ ഗവ പ്ലീഡർ വാദിച്ചിരുന്നെങ്കിൽ പത്മരാജന് ജാമ്യം ലഭിക്കുമായിരുന്നില്ല. ഒരു പാവം പെൺകുട്ടിയെ പിച്ചിച്ചീന്തിയ നരാധമന് രാഷ്‌ട്രീയക്കച്ചവടത്തിനായി ജാമ്യത്തിന് കൂട്ടുനിന്നവരാണ് പ്രോസിക്യുഷനും യുഡിഎഫ് സർക്കാറും. യുഡിഎഫ്–ബിജെപി ഡീലിന്റെ ഭാഗമായാണ് നേതാവിന് ജാമ്യം തരപ്പെടുത്താൻ നിയമവകുപ്പ് കണ്ണടച്ചത്. ജാമ്യ ഹർജി നിശ്‌ചയിച്ചതിലും നേരത്തെ പരിഗണിച്ചതടക്കം സംശയം വർധിപ്പിക്കുന്നതാണ്. പാലത്തായി കേസിൽ ബിജെപി നേതാവിന് ജാമ്യം അനുവദിച്ച വിധി. ബലാൽസംഗ വീരന്മാർക്ക് പ്രത്യാശ നൽകുന്നതും ഇരകൾക്ക് നിരാശപകരുന്നതുമാണ്.










0 comments