17കാരി ഭാര്യയാണെന്ന വാദം അംഗീകരിക്കാനാകില്ല; പീഡനക്കേസ് റദ്ദാക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഭാര്യയാണെങ്കിലും 18 വയസ്സിൽ താഴെയുള്ള പെൺകുട്ടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് ഹൈക്കോടതി. പാലക്കാട് മണ്ണാർക്കാട് പൊലീസ് രജിസ്‌റ്റർ ചെയ്ത പീഡനക്കേസിലെ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുപത്തേഴുകാരൻ സമർപ്പിച്ച ഹർജി തള്ളിയാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയാൻ ലക്ഷ്യമിടുന്ന പോക്സോ നിയമത്തിന് വ്യക്തിനിയമങ്ങളേക്കാൾ മുൻഗണനയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാരോപിച്ച് 2022ലാണ് കേസെടുത്തത്. എന്നാൽ, പെൺകുട്ടി നിയമപരമായി തന്റെ ഭാര്യയാണെന്നും ഇസ്ലാമിക ആചാരപ്രകാരം വിവാഹം കഴിച്ചതാണെന്നും പ്രതി വാദിച്ചു.15 വയസ്സുകഴിഞ്ഞ ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗത്തിന്റെ പരിധിയിൽ വരില്ലെന്ന ഐപിസിയിലെ ഇളവും ചൂണ്ടിക്കാട്ടി. എന്നാൽ, കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയാൻ കൊണ്ടുവന്ന പോക്സോ, പ്രത്യേക നിയമമാണെന്ന് മുൻകാല വിധികൾ ഉദ്ധരിച്ച് കോടതി വ്യക്തമാക്കി. 18 വയസ്സിൽ താഴെയുള്ളവരെ കുട്ടിയെന്ന നിലയിലാണ് നിയമം കാണുന്നത്. വിവാഹിതയാണോ അല്ലയോ എന്നത് പ്രസക്തമല്ലെന്നും കോടതി പറഞ്ഞു.
ഭാര്യയ്ക്ക് 15 തികഞ്ഞാൽ ലൈംഗികബന്ധം ബലാത്സംഗമാകില്ലെന്ന ഐപിസിയിലെ വ്യവസ്ഥ സുപ്രീംകോടതി നേരത്തേ ഭേദഗതി ചെയ്തിരുന്നു. എൻജിഒയായ ‘ഇൻഡിപെൻഡന്റ് തോട്ട്’ കേസിലെ വിധിപ്രകാരം പ്രായപരിധി 18 ആയി ഉയർത്തിയിരുന്നു. അതിനാൽ ഹർജിക്കാരൻ കുറ്റം ചെയ്‌തെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടെ പരിഗണനയിലുള്ള കേസ് നടപടികളുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി നിർദേശിച്ചു.









0 comments