തുറന്നുവച്ചിരിക്കുന്നത് ഓടിക്കയറി വരാനല്ല, അസുഖമൊക്കെ ആറുമണിക്ക് മുമ്പ് തീർക്കണം: കൊട്ടാരക്കരയിൽ രോഗിയോട് തട്ടിക്കയറി ഡോക്ടർ

ജി രംഗനാഥൻ
Published on Aug 31, 2026, 08:34 PM | 1 min read
കൊട്ടാരക്കര : കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ രോഗിയോട് അപമര്യാദയായി പെരുമാറി ഡ്യൂട്ടി ഡോക്ടർ. ഞായർ അർധരാത്രി 12.30നായിരുന്നു സംഭവം. പനിയും കടുത്ത നെഞ്ചുവേദനയുമായി എത്തിയ വെട്ടിക്കവല പച്ചൂർ സുധാഭവനിൽ സുജി (45)യ്ക്കാണ് ദുരനുഭവമുണ്ടായത്. ബന്ധുവായ യുവതിയോടൊപ്പം രാത്രി 11നാണ് ഇവർ ആശുപത്രിയിൽ എത്തുന്നത്. ഒപി ടിക്കറ്റ് എടുത്ത് അത്യാഹിതവിഭാഗത്തിലെ ഡോ. രേഖാകൃഷ്ണനെ സമീപിച്ചപ്പോഴാണ് മോശം അനുഭവം ഉണ്ടായത്.
ഇത് തുറന്നുവച്ചിരിക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല. എമർജൻസിക്കാർക്കാണ്. നിങ്ങൾ പകൽ സമയമുള്ളപ്പോൾ ഇതൊക്കെ കാണിക്കണം. അസുഖം വല്ലതും ഉണ്ടെങ്കിൽ വൈകിട്ട് ആറിനുമുമ്പ് തീർത്തോണം. ആറിനുശേഷം കൂട് കയറിക്കോണം. അതിനുശേഷം വീട്ടിൽനിന്ന് ഇറങ്ങുന്നതിന് വേറെ രീതിയിലാണ് കണക്കാക്കുന്നത്... എന്നിങ്ങനെയാണ് ഡോക്ടര്‍ അപമാനിച്ചത്. ഒട്ടും വയ്യാത്തതുകൊണ്ടാണ് അർധരാത്രിയിൽ വന്നതെന്ന് രോഗി പറഞ്ഞപ്പോൾ എന്ത് വയ്യായ്മയാണ് നിങ്ങൾക്ക് ഉണ്ടായതെന്നാണ് തിരിച്ചുചോദിച്ചത്.
ഇത് മന്ത്രവാദമൊന്നുമല്ലല്ലോ, പനിയാകുമ്പോൾ ശരീരവേദനയുണ്ടാകും, ആരും വന്ന് തുടച്ചെടുക്കില്ല, എനിക്കൊക്കെ പനി വന്നാൽ ശരീര വേദന വരും, രണ്ട് ദിവസം കൊണ്ട് മാറും, ഇതൊക്കെ എമർജൻസി ആണെന്ന് ആരു പറഞ്ഞു. നമുക്ക് തോന്നുന്ന അസുഖമല്ല എമർജൻസി, സർക്കാർ നിശ്ചയിച്ച അസുഖത്തിന് മാത്രമേ എമർജൻസിയായി വരേണ്ടതുള്ളൂ. അസുഖം വന്നപ്പോഴേ നിങ്ങൾക്ക് എങ്ങനെ ആശുപത്രിയിലോട്ട് ഓടിക്കയറി വരാൻ തോന്നി, ഞാൻ ഡോക്ടർ ആകുന്നതിനുമുമ്പും ജീവിച്ചിരുന്ന ആളാണ്. ഞാനും എന്റെ വീട്ടുകാരും ഇങ്ങനെയൊന്നും കാണിച്ചിട്ടില്ല. ഇങ്ങനെയുള്ള തോന്ന്യാസം കാണിക്കാൻ എന്റെ വീട്ടുകാർ സമ്മതിക്കത്തുമില്ല എന്നും ഡോക്ടർ ദേഷ്യപ്പെട്ടു.
ഹൃദയസംബന്ധമായ അസുഖത്തിന് ഓപ്പറേഷൻ നടത്തിയ രേഖകൾ എടുത്തപ്പോള്‍ അത് വാങ്ങിനോക്കാൻ പോലും ഡോക്ടർ തയ്യാറായില്ലെന്നും പരാതിയുണ്ട്. രോഗിയുടെ പരാതിയിൽ ഡോ. രേഖാകൃഷ്ണനോട് ആശുപത്രി സൂപ്രണ്ട് വിശദീകരണം ആവശ്യപ്പെട്ടു. ഈ ഡോക്ടർക്കെതിരെ മുമ്പ് നിരവധി പരാതികളും നടപടികളും ഉണ്ടായിട്ടുണ്ട്. സംഭവത്തിൽ ഡോക്ടറോട് വിശദീകരണം ആവശ്യപ്പെട്ട് അധികൃതർ നോട്ടീസ് നൽകി.









0 comments