ad
Deshabhimani

കല്യോട്ട്‌ പൊലീസിനെ ആക്രമിച്ച കേസ്‌; 7 കോൺഗ്രസുകാർക്ക് 4 വർഷം കഠിന തടവ്‌

jail new
avatar
സ്വന്തം ലേഖകൻ

Published on Aug 31, 2026, 09:25 PM | 1 min read

കാസർകോട്‌ : പെരിയ കല്യോട്ട്‌ സിപിഐ എം പ്രവർത്തകരുടെ വീട്‌ ആക്രമിക്കുന്നത്‌ തടയാനെത്തിയ പൊലീസിനെ മാരകായുധങ്ങളുമായി ആക്രമിച്ച കേസിൽ ഏഴു കോൺഗ്രസ് പ്രവർത്തകർക്ക് നാലുവർഷം കഠിന തടവ്. കാസർകോട്‌ ജില്ലാ അഡീഷണൽ സെഷൻസ് കോടതി മൂന്ന്‌ ആണ്‌ കല്യോട്ടെ കോൺഗ്രസ് പ്രവർത്തകരായ എം കെ സതീശൻ, സനൽകുമാർ, എം ബിജിത്ത്, വിവേക് ചന്ദ്രൻ, ചന്ദ്രൻ, ഗിരീഷ്, രവി എന്നിവർക്ക്‌ 4 വർഷം കഠിന തടവ് വിധിച്ചത്‌.


പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തുക, മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുക, ആക്രമിച്ച് പരിക്കേൽപ്പിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് തെളിഞ്ഞത്. വിവിധ വകുപ്പുകളിലായി പ്രതികൾ 91,000 രൂപ പിഴയും അടക്കണം. പിഴ ഒടുക്കിയില്ലെങ്കിൽ അധിക തടവ് അനുഭവിക്കണം. കേസിൽ 10 പ്രതികളാണുള്ളത്. എട്ടാം പ്രതി അനീഷ് കുമാർ വിചാരണയ്ക്കുശേഷം വിദേശത്തേക്കു കടന്നതിനാൽ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കേസെടുത്തതിനു പിന്നാലെ വിദേശത്തേക്ക് കടന്നതിനാൽ ഒന്നാം പ്രതി ഗോപകുമാർ, ആറാം പ്രതി ആനന്ദ് കൃഷ്ണൻ എന്നിവരുടെ വിചാരണ പൂർത്തിയായിട്ടില്ല.


2019 ലാണ്‌ കേസിനാസ്‌പദമായ സംഭവം. ബേക്കൽ എസ്ഐ ഉൾപ്പെടെയുള്ള പൊലീസ് സംഘത്തെയാണ്‌ കോൺഗ്രസുകാർ ആക്രമിച്ചത്‌. പെരിയ കല്യോട്ടെ കൊലപാതക സംഭവത്തിനുശേഷം കല്ല്യോട്ടും പരിസരത്തും കോൺഗ്രസുകാർ വ്യാപകമായ അക്രമമാണ്‌ നടത്തിയത്‌. മെയ്‌ അഞ്ചിന്‌ രാത്രി 11.50ന്‌ കോൺഗ്രസ്സുകാർ സംഘംചേർന്ന്‌ മാരകായുധങ്ങളുമായെത്തി ബലിക്കുളത്തെ സിപിഐ എം പ്രവർത്തകനായ വത്സരാജിന്റെ വീട്‌ ആക്രമിച്ചു. മുറ്റത്തും പരിസരത്തും നിർത്തിയിട്ടിരുന്ന നാല്‌ വാഹനങ്ങളും തകർത്തു. സ്ഥലത്തെത്തിയ ബേക്കൽ എസ്‌ഐ കെ പി ശ്രീഹരിയെയും വത്സരാജിന്റെ വീട്ടിൽ പിക്കറ്റ് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർമാരായ സുരേശൻ, ശരത് കുമാർ എന്നിവരെയും ആക്രമിച്ച്‌ പരിക്കേൽപ്പിച്ചു. എസ്‌ഐ കെ പി ശ്രീഹരിയാണ്‌ കേസ് രജിസ്റ്റർചെയ്തത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home