സ്കോട്ടിഷ് സ്ട്രൈക്കർ ലീ എർവിൻ മോഹൻ ബഗാൻ സൂപ്പർ ജയന്റിൽ

ന്യൂഡൽഹി: സ്കോട്ടിഷ് സ്ട്രൈക്കറായ ലീ എർവിൻ മോഹൻ ബഗാൻ സൂപ്പർ ജയന്റിൽ ചേർന്നു. 32 വയസ്സുകാരനായ താരം ഒരു വർഷത്തെ കരാറിലാണ് ക്ലബ്ബുമായി ഒപ്പിട്ടിരിക്കുന്നത്. പുതിയ സീസണിൽ പനാഗിയോട്ടിസ് ദിൽംപെരിസ് പരിശീലിപ്പിക്കുന്ന മോഹൻ ബഗാന്റെ ആറാമത്തെ വിദേശ താരമാണ് ലീ.
ലീ എർവിൻ ക്ലിനിക്കൽ ഫിനിഷിംഗിനും സെറ്റ് പീസുകളിൽ നിന്നുള്ള ബോക്സ് ഹെഡ്ഡറുകൾക്കും പേരു കേട്ട മുന്നേറ്റനിര താരമാണ്. ജോർദാനിയൻ ക്ലബ്ബായ അൽ-ഫൈസലിയിൽ നിന്നാണ് താരം കൊൽക്കത്തയിലെത്തുന്നത്. ലീഡ്സ് യൂണൈറ്റഡ് , മദർവെൽ , ബറി എഫ്.സി, ട്രാക്ടർ എഫ്.സി എന്നീ യൂറോപ്യൻ, ഏഷ്യൻ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്. കൂടാതെ, സ്കോട്ട്‌ലൻഡ് യൂത്ത് ടീമുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്.
"ഞാൻ ആദ്യമായാണ് ഇന്ത്യയിൽ കളിക്കുന്നത്. പല ഐഎസ്എൽ ക്ലബ്ബുകളിൽ നിന്നും എനിക്ക് ക്ഷണമുണ്ടായിരുന്നു. എന്നാൽ ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബ്ബായതുകൊണ്ടാണ് ഞാൻ മോഹൻ ബഗാൻ തെരഞ്ഞെടുത്തത്. ഇന്ത്യയിൽ കളിച്ച എന്റെ സ്കോട്ടിഷ് സുഹൃത്തുക്കൾ ക്ലബ്ബിന്റെ പ്രൊഫഷണലിസത്തെയും പാരമ്പര്യത്തെയും കുറിച്ച് വലിയ കാര്യങ്ങളാണ് പറഞ്ഞത്. ഈ ക്ലബ്ബിനോടും ടീമിനോടും ആരാധകർക്കുള്ള സ്നേഹവും പിന്തുണയുമാണ് പച്ചയും മെറൂണും കുപ്പായമണിയാൻ എന്നെ പ്രേരിപ്പിച്ചത്." — ലീ എർവിൻ പറഞ്ഞു.









0 comments