തമിഴ്‌നാട്ടിൽ തകർച്ചയിലായ ഫ്ലാറ്റുകൾ പുനർനിർമിക്കാൻ 2883 കോടി രൂപയുടെ പദ്ധതി

ചെന്നൈ: തമിഴ്‌നാട്ടിൽ തകർച്ചയിലായ ഫ്ലാറ്റുകൾ പുനർനിർമിക്കാൻ 2883 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. തമിഴ്‌നാട് ഭവന, നഗരവികസന മന്ത്രി ബി രാജ്‌കുമാർ, നിയമസഭയിലാണ് കെട്ടിട നിർമാണാനുമതി ലളിതമാക്കുന്നതിനും, ഭൂവിനിയോഗ നടപടികൾ ഡിജിറ്റലാക്കുന്നതിനും, ഭവനവായ്പക്കാർക്ക് സാമ്പത്തിക ഇളവുകൾ നൽകുന്നതിനുമുള്ള പദ്ധതികൾ പ്രഖ്യാപിച്ചത്.
തമിഴ്‌നാട് അർബൻ ഹാബിറ്റാറ്റ് ഡെവലപ്‌മെന്റ് ബോർഡിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ നടപ്പിലാക്കാനാണ് തീരുമാനം. തകർച്ചയിലായ 12,648 ഫ്ലാറ്റുകൾ പുനർനിർമ്മിക്കാൻ 2,882.62 കോടി രൂപ ചെലവഴിക്കും. ഇതിൽ അപകടാവസ്ഥയിലുള്ള 9,918 ഫ്ലാറ്റുകൾ ആദ്യഘട്ടമായി പൊളിച്ചുനീക്കും. 41,664 പഴയ ഫ്ലാറ്റുകൾ നവീകരിക്കുന്നതിനായി 96.63 കോടി രൂപ അനുവദിച്ചു.
208 ഭവന സമുച്ചയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ 355 കോടി രൂപയും വിവരസാങ്കേതികവിദ്യ സമഗ്രമായി ഉപയോഗപ്പെടുത്തുന്നതിനായി 'ഇന്റഗ്രേറ്റഡ് സ്‌മാർട്ട് ഹാബിറ്റാറ്റ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം' ആരംഭിക്കാൻ 75 ലക്ഷം രൂപയും അനുവദിച്ചു. ഡയറക്ടറേറ്റ് ഓഫ് ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് വഴി ഭൂവിനിയോഗ മാറ്റത്തിനുള്ള അപേക്ഷകൾ ഇനി പൂർണമായും ഡിജിറ്റലായി സമർപ്പിക്കാം.
കൂടാതെ പ്രൈമറി സഹകരണ ഭവന സൊസൈറ്റികളിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്കായി വിപുലമായ പലിശ ഇളവ് പദ്ധതി നടപ്പിലാക്കും. കുറഞ്ഞ വരുമാനക്കാർക്കും ഇടത്തരം വരുമാനക്കാർക്കും വായ്പാ പലിശയിൽ അധികമായി 1% ഇളവ് പ്രഖ്യാപിച്ചു.










0 comments