ഹൃദയത്തിലെ പന്ത് നിശ്‌ചലം

ഇ സുധേഷ്
Published on Aug 31, 2026, 10:38 PM | 3 min read
കാൽപ്പന്തിന്റെ മിശിഹായേ....ലോകം നിങ്ങളെ വണങ്ങുന്നു.
പന്തു കൊണ്ട് ഇത്രമേൽ ആനന്ദിപ്പിച്ചതിന്, ഇടംകാലിന്റെ മാന്ത്രികതയിൽ ഭ്രമിപ്പിച്ചതിന്, ഇൗ ലോകത്തിന്റെ അതിരുകൾ ഇല്ലാതാക്കിയതിന്...എല്ലാറ്റിനും നൂറുകോടി നന്ദി.
ലയണൽ ആന്ദ്രെ ലിയോ മെസ്സി, അർജന്റീനയുടെ നീലയും വെള്ളയും ജേഴ്സിയിൽ ഇനി കളിക്കില്ലെന്ന് അറിഞ്ഞപ്പോൾ ലോകത്തിന്റെ ഹൃദയത്തിൽ ഒരു പന്ത് നിശ്ചലമായി. ഒരു കാലഘട്ടത്തിന്റെ അവസാനം കുറിച്ച് ഒരു ഘടികാരം നിലച്ച പോലെ.
രണ്ടു പതിറ്റാണ്ടിപ്പുറം അർജന്റീനയ്ക്കായി അരങ്ങേറ്റം കുറിച്ച കൗമാരപ്രതിഭ ലോക ഫുട്ബോളിലെ ഇതിഹാസമായാണ് പടിയിറങ്ങിയത്. കളത്തിലെ ഓരോ ചുവടും ഭൂഗോളത്തിൻ സ്‌പന്ദനമായി കാണികൾക്ക് അനുഭവപ്പെടും തരത്തിൽ ഫുട്‌ബോളിനപ്പുറം വളർന്ന മനുഷ്യൻ. കുഞ്ഞു ശരീരം കൊണ്ടുള്ള വെട്ടിയൊഴിയൽ, ഇടംകാലിൽ കെരുത്ത പന്തുമായുള്ള കുതിപ്പ്, ആരും കാണാത്ത വഴികളിലൂടെ എതിരാളിയെ അന്പരപ്പിക്കുന്ന പന്ത് കൈമാറ്റം, ഗോളിലേക്ക് പന്തിനെ തഴുകിയയ്‌ക്കുന്ന കൃത്യത. ഇതുവരെ ലോകത്ത് പന്തുകളിച്ചവരിൽ എല്ലാം തികഞ്ഞൊരാൾ.
207 മത്സരങ്ങൾ. ലോകകപ്പ്, രണ്ട് കോപ്പ അമേരിക്ക കിരീടങ്ങൾ, എണ്ണമറ്റ ഗോളുകൾ, മികച്ച താരത്തിനുള്ള ഒട്ടനവധി അന്താരാഷ്‌ട്ര പുരസ്‌കാരങ്ങൾ... മെസ്സിയെ സ്നേഹിച്ചവർക്ക് അതൊന്നും കണക്കുകളല്ല. അവർക്ക് അതിലൊന്നും ആ പ്രതിഭാസത്തിന്റെ പ്രഭ ഒതുങ്ങില്ല. അതിനപ്പുറമൊരു ഒൗന്നത്യത്തിലേക്ക് കളിച്ചുകയറിയ മനുഷ്യനാണയാൾ. ലോകത്തിന് അതിരുകളില്ലെന്ന് കാണിച്ചു കൊടുത്ത അതിമാനുഷൻ. അതു തന്നെയാണ് ആ ജീവിതത്തിന്റെ ഏറ്റവും വലിയ മഹത്വം.
പിതാവിന്റെ വേർപാട് ആ മനസിനെ താങ്ങാനാവാത്ത വിധം നൊമ്പരപ്പെടുത്തിയിരുന്നു. ഇനി ഞാൻ എങ്ങനെ പന്തുതട്ടുമെന്ന് അന്ന് മെസി പറഞ്ഞിരുന്നു. കളത്തിലെ ഇതിഹാസവും ജീവിതത്തിലെ ചില ഘട്ടങ്ങളിൽ സാധാരണ മനുഷ്യനായി മാറുമല്ലോ. പന്ത്രണ്ടാം വയസിൽ റൊസാരിയോയിൽ നിന്ന് ബാഴ്സലോണയിലേക്ക് വരുമ്പോഴും ഹോർമോൺ പ്രശ്നങ്ങളുള്ള മകന് തുണയായി ആ അഛനുണ്ടായിരുന്നു. പിന്നീടിങ്ങോട്ട് കളത്തിലും പുറത്തും മെസിയുടെ എല്ലാ കാര്യങ്ങളും നിശ്ചയിച്ചത് അഛനായിരുന്നു. അതുകൊണ്ട് തന്നെ ആ കുറവ് നികത്താൻ കഴിയാത്തതാണ്. ഇന്നത്തെ വിടചൊല്ലലിന് അതൊരു കാരണമായിട്ടുണ്ടാകാം.
മെസ്സിയുടെ അന്താരാഷ്ട്ര കരിയർ എപ്പോഴും കിരീടങ്ങൾ നിറഞ്ഞതായിരുന്നില്ല. 2014 ലോകകപ്പ് ഫൈനലിലെ തോൽവി, കോപ അമേരിക്കയിലെ തുടർ നിരാശകൾ,“അർജന്റീനയ്ക്കായി മെസ്സിക്ക് ഒന്നും നേടാനായില്ല” എന്ന പരിഹാസങ്ങൾ…രൂക്ഷ വിമർശനങ്ങൾ സഹിക്കാതെ വളരെ മുമ്പ് ദേശീയ ടീമിൽ നിന്ന് പിന്മാറാൻ പോലും തീരുമാനിച്ചു. പക്ഷേ ഓരോ തവണയും തിരികെ വന്നു. കാരണം, അയാൾ കിരീടത്തിനു വേണ്ടി മാത്രമല്ല കളിച്ചത്. തന്റെ നാടിനു വേണ്ടിയായിരുന്നു. ലോകത്തിനു വേണ്ടിയായിരുന്നു. തന്നെ സ്‌നേഹിച്ച എല്ലാവർക്കും വേണ്ടിയായിരുന്നു. ലോകകപ്പിൽ ആ സാന്നിധ്യത്തിന് അത്രമേൽ പ്രഭവം ചൊരിയാൻ കഴിഞ്ഞത് ആ വൈകാരികതയുടെ പിൻബലത്തിലാണ്.
എല്ലാ പ്രതിസന്ധികൾക്കിടയിലും ലോകം അയാൾക്കൊപ്പം നിന്നു. ആ പിന്തുണയിൽ ഒടുവിൽ 2021-ൽ കോപ്പ അമേരിക്ക വന്നു. 2022-ൽ ലോകകപ്പ് വന്നു. ദോഹയിലെ ആ രാത്രി മെസ്സി ലോകകപ്പ് ഉയർത്തിയപ്പോൾ, ബ്യൂണസ് ഐറിസിൽ മാത്രമല്ല ആഘോഷം നടന്നത്. കോഴിക്കോടും കണ്ണൂരും മലപ്പുറവും കൊച്ചിയും തിരുവനന്തപുരവും ലോകമൊന്നാകെ ആഘോഷിച്ചു. അർജന്റീനയുടെ തെരുവുകളിലെന്ന പോലെ കേരളത്തിന്റെ തെരുവുകളിലും നീലയും വെള്ളയും പതാകകൾ പാറി. അതൊരു പ്രത്യേക ബന്ധമായിരുന്നു. ഒരു ചട്ടക്കൂടിലും ഒതുങ്ങാത്ത ഭ്രാന്തമായ ഭ്രമം.
മെസിയെന്ന് കേൾക്കുമ്പോൾ ഇങ്ങ് കേരളത്തിലും ലക്ഷക്കണക്കിനാളുകളുടെ കണ്ണുകളിൽ ഒരു പ്രത്യേക പ്രകാശം തെളിയും. ഓരോ ലോകകപ്പ് കാലത്തും കേരളത്തിലെ ഗ്രാമങ്ങൾ നീലയും വെള്ളയുമായത് ആ മനുഷ്യൻ കാരണമാണ്. മതിലുകളിൽ മെസ്സിയുടെ ചിത്രങ്ങൾ ഉയരുന്നു. ആ പേരുള്ള ജേഴ്സികൾ അണിഞ്ഞ കുട്ടികൾ തെരുവുകളിൽ ഓടുന്നു. കളി നടക്കവെ “മെസി… മെസി…” എന്ന വിളി ഉയരുന്നു. അർജന്റീനയുടെ മത്സരം നടക്കുമ്പോൾ കേരളത്തിലെ പല വീടുകളിലും ഉറക്കം മാറ്റിവയ്ക്കപ്പെടുന്നു. മക്കൾക്കായി അമ്മയും ഭർത്താവിനായി ഭാര്യയും കൂട്ടിരിക്കുന്നു. കാരണം അവരുടെ പ്രിയപ്പെട്ടവർക്ക് അത്രമേൽ പ്രിയപ്പെട്ടവനായി കളിയറിയാത്തവരും സ്വയം സമർപ്പിച്ചു. മലയാളത്തിന്റെ മെസി പ്രണയത്തിന് ലോകം സാക്ഷിയായ അനവധി നിമിഷങ്ങളുണ്ട്. പുള്ളാവൂരിലെ പുഴ പോലും ലോകത്തോട് പ്രിയതാരത്തിന്റെ കഥ പറഞ്ഞു. മലയാളി മെസി ആരാധനയുടെ പ്രതീകമായി ആ ഭീമൻ കട്ടൗട്ട് മാറി.
“ഇനി മതിയാക്കുന്നു…” എന്ന് ഇന്ന് മെസി പറഞ്ഞപ്പോൾ ഒരു നീണ്ട യാത്ര അവസാനിപ്പിക്കുന്ന മനുഷ്യന്റെ വേദനയുണ്ടായിരുന്നു ആ വാക്കുകളിൽ. എന്തിനായാണോ ജന്മമെടുത്തത് ആ ദൗത്യത്തിൽ നിന്നുള്ള പിൻവാങ്ങലിന്റെ നൊമ്പരം.
ഇല്ല ലിയോ, നിനക്ക് അങ്ങനെ പേകാൻ കഴിയില്ല. രാജ്യത്തിനായി കളിക്കില്ലായിരിക്കും. എന്നാൽ, ഞങ്ങളുടെ ഹൃദയത്തിൽ പന്തുതട്ടികൊണ്ടേയിരിക്കും. ഒരിക്കലും നിലയ്‌ക്കാതെ.









0 comments