ad
Deshabhimani

പാലത്തായി പീഡനക്കേസ്‌: നീതിതേടി കുടുംബവും നാടും

Palathayi Rape Case BJP Leader Padmarajan
വെബ് ഡെസ്ക്

Published on Aug 31, 2026, 10:28 PM | 2 min read

തലശേരി: സ്‌കൂളിലെ ശുചിമുറിയിൽ നാലാംക്ലാസുകാരിയെ പീഡിപ്പിച്ച ബിജെപി നേതാവ്‌ കടവത്തൂർ മുണ്ടത്തോട്ടെ കുറുങ്ങോട്ട്‌ കുനിയിൽ കെ പത്മരാജന്‌ എങ്ങനെ ജാമ്യം ലഭിച്ചുവെന്ന നാടിന്റെ ചോദ്യത്തിന്‌ മറുപടി പറയാനാവാതെ മുസ്ലിംലീഗും യുഡിഎഫ്‌ നേതൃത്വവും. ജാമ്യത്തിൽ വിട്ട വിധിയെക്കുറിച്ചോ യുഡിഎഫ്‌ ഭരണത്തിന്റെ വീഴ്‌ച സംബന്ധിച്ചോ ഇപ്പോൾ ചാനലുകളുടെ അന്തിച്ചർച്ചയും മാധ്യമ വിചാരണയുമില്ല.


പ്രോസിക്യൂഷൻ നേരാംവണ്ണം കാര്യങ്ങൾ ഹൈക്കോടതിയെ ധരിപ്പിക്കാത്തതിന്റെ ഫലമായാണ്‌ പീഡനക്കേസ്‌ പ്രതിയുടെ ശിക്ഷ മരവിപ്പിച്ച്‌ ജാമ്യത്തിൽ വിട്ടത്‌. എൽഡിഎഫ്‌ ഭരണകാലത്ത്‌ ചാനലുകളിൽ ഇരയുടെ നീതിക്കായി ശബ്ദിച്ചവരാണ്‌ പ്രോസിക്യൂഷൻ തലപ്പത്തുള്ള ഡയറക്‌ടർ ജനറൽ ഓഫ്‌ പ്രോസിക്യുഷനും അഡീഷനൽ ഡയരക്‌ടർ ജനറൽ ഓഫ്‌ പ്രോസിക്യുഷനും.


ചാനലുകളിൽ ഘോരഘോര ശബ്ദിച്ച നാവുകൾ ഹൈക്കോടതി ജാമ്യ ഹർജി പരിഗണിച്ചപ്പോൾ പക്ഷേ, നിശബ്ദമാക്കപ്പെട്ടു. പാവം പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ ജാമ്യത്തിലിറക്കാൻ യുഡിഎഫും ബിജെപിയും ഒത്തുകളിച്ചതിന്റെ വിവരങ്ങളാണ്‌ ഓരോ ദിവസവും പുറത്തുവരുന്നത്‌. ജാമ്യഹർജി പരിഗണിച്ചപ്പോഴുണ്ടായ ഹൈക്കോടതി നിർദേശം കുടുംബത്തെ അറിയിക്കാതെ ഗവ. പ്ലീഡർ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌തു. ജാമ്യ ഹർജി നിശ്‌ചയിച്ചതിലും നേരത്തെ പരിഗണിച്ചതടക്കം ദുരൂഹതുണ്ട്‌.

ജീവിതാന്ത്യംവരെ തടവ്‌ വിധിച്ച കേസ്‌


2020 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കെ പത്മരാജൻ എന്ന പപ്പൻ മാഷ്‌ സ്‌കൂളിലെ നാലാംക്ലസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. തലശേരി ഡി വൈ എസ് പിക്ക്‌ 2020 മാർച്ച് 16ന് ലഭിച്ച പരാതിയിൽ 17ന്‌ പാനൂർ പൊലീസ്‌ പോക്‌സോ നിയമപ്രകാരം കേസെടുത്തു. അറസ്‌റ്റ്‌ ഭയന്ന്‌ ഒളിവിൽ പോയ പ്രതിയെ ആർഎസ്‌എസ്‌ കേന്ദ്രമായ പൊയിലൂർ വിളക്കോട്ടൂരിലെ ഒളിയിടത്തിൽ നിന്ന്‌ ഏപ്രിൽ 15ന്‌ അറസ്‌റ്റ്‌ ചെയ്‌തു. ആദ്യം ലോക്കൽ പൊലീസും പിന്നീട്‌ ക്രൈംബ്രാഞ്ചും പ്രത്യേക സംഘവും അന്വേഷിച്ചാണ്‌ കുറ്റപത്രം സമർപ്പിച്ചത്‌. സാക്ഷി മൊഴിയും തെളിവുകളും സർവോപരി ഇരയുടെ നൂറിലേറെ പേജുള്ള മൊഴിയും പരിഗണിച്ച തലശേരി പ്രത്യേക പോക്‌സോ കോടതി 2025 നവംബർ 14ന്‌ പ്രതിക്ക്‌ ജീവിതാന്ത്യംവരെ തടവ്‌ വിധിച്ചു. ആ പ്രതിയാണ്‌ ഒരു വർഷത്തെ ശിക്ഷ പൂർത്തിയാവും മുന്പ്‌ ജാമ്യത്തിൽ പുറത്തിറങ്ങിയത്‌.

നാളെ പ്രതിഷേധകൂട്ടായ്‌മ


പാലത്തായി കേസിൽ വിചാരണ കോടതി ശിക്ഷിച്ച പ്രതിയുടെ ജാമ്യം റദ്ദാക്കാൻ സർക്കാർ അപ്പീൽ നൽകണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം പാനൂർ ഏരിയകമ്മിറ്റി നേതൃത്വത്തിൽ ചൊവ്വാഴ്‌ച പാനൂരിൽ പ്രതിഷേധകൂട്ടായ്‌മ. പ്രതിയെ രക്ഷിക്കാനുള്ളള ബിജെപി–യുഡിഎഫ്‌ ഡീൽ തിരിച്ചറിയണമെന്നതടക്കമുള്ള സന്ദേശവുമായി വൈകിട്ട്‌ അഞ്ചിന്‌ ബസ്‌സ്‌റ്റാന്റിൽ ചേരുന്ന പ്രതിഷേധ കൂട്ടായ്‌മ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്‌ഘാടനം ചെയ്യും. ജില്ല സെക്രട്ടറി കെ കെ രാഗേഷ്‌, ജില്ലസെക്രട്ടറിയറ്റംഗം പി ഹരീന്ദ്രൻ എന്നിവർ സംസാരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home