ad
Deshabhimani

അന്താരാഷ്ട്ര വ്യോമയാന രംഗത്ത് കുവൈത്തിന് പുതിയ നേട്ടം; എസിഐ അംഗത്വം നേടി

kuwait civil aviation
വെബ് ഡെസ്ക്

Published on Aug 31, 2026, 09:27 PM | 1 min read

കുവൈത്ത് സിറ്റി: കുവൈത്ത് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് എയർപോർട്സ് കൗൺസിൽ ഇന്റർനാഷണലിൽ (എസിഐ) അംഗത്വം ലഭിച്ചു. രാജ്യത്തെ വ്യോമയാന മേഖലയുടെ വികസനത്തിനും വിമാനത്താവള സേവനങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനും അംഗത്വം സഹായിക്കുമെന്ന് അതോറിറ്റി അറിയിച്ചു.


അന്താരാഷ്ട്ര പഠനങ്ങൾ, സ്ഥിതിവിവരക്കണക്കുകൾ, പ്രവർത്തന താരതമ്യങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനൊപ്പം വിമാനത്താവള മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളും ഭാവി വികസന പ്രവണതകളും ചർച്ച ചെയ്യുന്ന വിവിധ കമ്മിറ്റികളിലും പ്രവർത്തക സംഘങ്ങളിലും പരിപാടികളിലും പങ്കെടുക്കാൻ അംഗത്വം അവസരമൊരുക്കും.


യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തൽ, സേവന നിലവാരം വിലയിരുത്തൽ, പ്രവർത്തന കാര്യക്ഷമത, സുരക്ഷ, സൈബർ സുരക്ഷ, സുസ്ഥിര വികസനം, ഡിജിറ്റൽ പരിവർത്തനം തുടങ്ങിയ മേഖലകളിലെ എ.സി.ഐയുടെ പ്രത്യേക പദ്ധതികളും പരിശീലന പരിപാടികളും പ്രയോജനപ്പെടുത്താനാകും. ലോകത്തെ വിവിധ വിമാനത്താവളങ്ങളുമായും നടത്തിപ്പുകാരുമായും മികച്ച പ്രവർത്തന മാതൃകകളും സാങ്കേതിക അറിവുകളും പങ്കുവയ്ക്കാനും ഇതിലൂടെ വഴിയൊരുങ്ങും.


അന്താരാഷ്ട്ര സംഘടനകളുമായുള്ള സഹകരണവും പങ്കാളിത്തവും ശക്തിപ്പെടുത്തി കുവൈത്തിലെ സിവിൽ ഏവിയേഷൻ മേഖല വികസിപ്പിക്കുന്നതിന്റെയും യാത്രക്കാർക്കുള്ള സേവന നിലവാരം ഉയർത്തുന്നതിന്റെയും ഭാഗമായാണ് പുതിയ നീക്കം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസന പദ്ധതികളിൽ ആഗോള അനുഭവങ്ങളും സാങ്കേതിക വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുന്നതിനും അംഗത്വം സഹായകരമാകുമെന്ന് അതോറിറ്റി വ്യക്തമാക്കി.


വിമാനത്താവളങ്ങളുടെയും അവയുടെ നടത്തിപ്പുകാരുടെയും താൽപര്യങ്ങളെ പ്രതിനിധീകരിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് എയർപോർട്സ് കൗൺസിൽ ഇന്റർനാഷണൽ. 160-ലധികം രാജ്യങ്ങളിലെ 2,200ലധികം വിമാനത്താവളങ്ങളെ പ്രതിനിധീകരിക്കുന്ന 811 അംഗങ്ങളാണ് സംഘടനയിലുള്ളത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home