കുരുക്കൊഴിയാതെ താമരശേരി ചുരം

താമരശേരി: താമരശേരി ചുരം ആറാംവളവിൽ കെഎസ്ആർടിസി ബസ് കുടുങ്ങിയതിനെ തുടർന്ന് രണ്ടര മണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു. രാവിലെ ഏഴരയോടെയാണ് വയനാട്ടിലേക്ക് പോകുകയായിരുന്ന ബസ് യന്ത്രത്തകരാറിനെ തുടർന്ന് കുടുങ്ങിയത്. ഇതോടെ ഒന്നാംവളവുമുതൽ വാഹനങ്ങളുടെ നീണ്ട നിരയായി. ആറാംവളവിൽ ഒരുവരിയായി ചെറിയ വാഹനങ്ങൾക്ക് മാത്രമാണ് കടന്നുപോകാൻ സാധിച്ചയത്.
മണിക്കൂറുകളോളം കാത്തുനിന്നിട്ടും വഴി തെളിയാത്തതിനെ തുടർന്ന് പലരും ബസുകളിൽനിന്നിറങ്ങി കാൽനടയായി യാത്രചെയ്തു. പലരും മറ്റ് ചെറുവാഹനങ്ങൾക്ക് കൈകാണിച്ച് കയറിയാണ് യാത്ര തുടർന്നത്. കെഎസ്‌ആർടിസി ഡിപ്പോയിൽനിന്ന് തൊഴിലാളികളെത്തി രാവിലെ പത്തോടെയാണ് വാഹനം മാറ്റിയത്. ഓണ അവധി തുടങ്ങിയതുമുതൽ ചുരത്തിൽ തുടരുന്ന ഗതാഗതക്കുരുക്കിന് ഒരുമാറ്റവുമില്ല.
ഞായറാഴ്ചയും ഏറെനേരം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ചുരത്തിൽ കുടുങ്ങുന്ന കെഎസ്‌ആർടിസി ബസുകൾ നന്നാക്കുന്നതിന് ഡിപ്പോയിൽനിന്ന് ആളെത്തുന്നതുവരെ കാത്തുനിൽക്കാതെ അടിയന്തരമായി മാറ്റാനുള്ള നടപടിയുണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.









0 comments