പ്രളയം: നേപ്പാൾ സൈന്യത്തോടൊപ്പം തെരച്ചിൽ ആരംഭിച്ച് ഇന്ത്യയുടെ പ്രത്യേക തുരങ്ക രക്ഷാസേന

(Photo/MEA)
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തെ തുടർന്ന് ജലവൈദ്യുത പദ്ധതി തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താൻ ഇന്ത്യയുടെ പ്രത്യേക തുരങ്ക രക്ഷാസേന നേപ്പാൾ സൈന്യത്തോടൊപ്പം തെരച്ചിൽ ആരംഭിച്ചു. തുരങ്കത്തിൽ കുടുങ്ങിപ്പോയവരെ പുറത്തെത്തിക്കാൻ അത്യാധുനിക സാങ്കേതിക ഉപകരണങ്ങളുമായാണ് ഇന്ത്യൻ വിദഗ്ധ സംഘം എത്തിയത്. ചിലിമേ, ലങ്താങ് എന്നീ മേഖലകളിലെ ജലവൈദ്യുത നിലയങ്ങളിലെ തുരങ്കങ്ങളിലാണ് ഇന്ത്യൻ സംഘവും നേപ്പാൾ സേനയും ചേർന്ന് സംയുക്ത രക്ഷാപ്രവർത്തനം നടത്തുന്നത്.
നേപ്പാളിലുണ്ടായ പ്രളയത്തിൽ ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 933 പേരെ കാണാതായിട്ടുണ്ടെന്ന് നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. ഇതുവരെ വിവിധ പദ്ധതികളുടെ തുരങ്കങ്ങളിൽ നിന്നായി 279 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. റസുവ ജില്ലയിലെ 111 മെഗാവാട്ട് ശേഷിയുള്ള രസുവഗഢി ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ അകപ്പെട്ട 93 തൊഴിലാളികളെ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലും ആരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നു. ദുരന്തത്തിൽ ഏകദേശം 4,247 പേരെ കാണാതായിട്ടുണ്ടെന്നും 10,451 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി. മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത സ്ഥിതിയിലാണ്. പല മൃതദേഹങ്ങളും അഴുകിയ നിലയിലും മണ്ണിൽ പുതഞ്ഞ സ്ഥിതിയിലും ശരീരഭാഗങ്ങൾ വേർപെട്ട നിലയിലുമാണ് കണ്ടെത്തിയത്. ഡിഎൻഎ പരിശോധനകളിലൂടെ മാത്രമേ ഇത് വ്യക്തമാകൂ. അതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.










0 comments