ടൂറിസ്റ്റ് ട്രാൻസിറ്റ് വിസാ സംവിധാനം നടപ്പാക്കാനൊരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി : രാജ്യത്തെ ടൂറിസം മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കുവൈത്ത് പുതിയ ടൂറിസ്റ്റ് ട്രാൻസിറ്റ് വിസാ സംവിധാനം നടപ്പിലാക്കുന്നു. ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ വൻ വിജയത്തിന്റെ പശ്ചാത്തലത്തിൽ ടൂറിസം രംഗത്ത് ലഭിച്ച പുതിയ ഉണർവ് നിലനിർത്തുന്നതിന്റെയും , രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയിൽ ടൂറിസത്തിന്റെ പങ്ക് വർദ്ധിപ്പിക്കുന്നതിനുമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ തീരുമാനം.
പുതിയ വിസാ സംവിധാനമനുസരിച്ച്, ട്രാൻസിറ്റ് ടൂറിസ്റ്റുകൾക്ക് കുവൈത്ത് വഴി യാത്ര ചെയ്യുന്നതിനുള്ള കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. രാജ്യത്തെ ദേശീയ എയർലൈൻ കമ്പനികളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി, ട്രാൻസിറ്റ് യാത്രക്കാർക്ക് നിശ്ചിത കാലയളവിൽ കുവൈത്തിൽ ചെലവഴിക്കാനുള്ള അനുമതി ലഭ്യമാകും.വിസ നേടുന്നതിന് മുൻകൂർ അപേക്ഷ സമർപ്പിക്കുകയും അധികൃതരിൽ നിന്ന് അനുമതി ലഭ്യമാക്കുകയും വേണം. നിശ്ചിത കാലാവധി കഴിഞ്ഞാൽ വിസ പുതുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കില്ല.
യൂറോപ്പ്, ഏഷ്യൻ രാജ്യങ്ങൾ എന്നിവയ്ക്കിടയിൽ കുവൈത്ത് പ്രധാനപ്പെട്ട ട്രാൻസിറ്റ് കേന്ദ്രമായി മാറിയിരിക്കുന്ന സാഹചര്യത്തിൽ ഈ പുതിയ വിസാ സംവിധാനം കൂടുതൽ പ്രയോജനകരമാകുമെന്നു അധികൃതർ പ്രതീക്ഷിക്കുന്നത്. രാജ്യാന്തര യാത്രക്കാരെ കൂടുതൽ ആകർഷിക്കുന്നതിനും ഇവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ് പുതിയ നടപടികൾ.
പുതുതായി പ്രവർത്തനം ആരംഭിച്ച കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2 സജ്ജീകരണങ്ങൾ ഉപയോഗപ്പെടുത്തി, സന്ദർശകരെ കൂടുതൽ ആകർഷിക്കാനാകും. ഈ ടെർമിനൽ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കുന്നുവെന്നും, ഇത് കുവൈത്തിൽ കൂടുതൽ വിനോദസഞ്ചാരികളെ ക്ഷണിക്കാൻ സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
0 comments